ആലുവ: ആലുവയിലും എടത്തലയിലുമായി 13 കിലോ കഞ്ചാവുമായി രണ്ടു ഇതര സംസ്ഥാന തൊഴിലാളികൾ പോലീസ് പിടിയിൽ. ആലുവ റെയിൽവേ സ്റ്റേഷനിൽ ഏഴു കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി സാഹിനുൽ ഇസ്ലാം (27), എടത്തലയിൽ ആറ് കിലോ കഞ്ചാവുമായി മുർഷിദാബാദ് സ്വദേശി അജ്റുൾ (22) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫും ആലുവ, എടത്തല പോലീസും ചേർന്ന് പിടികൂടിയത്.
രണ്ടു പേരും ബംഗാളിൽ നിന്നാണ് കഞ്ചാവ് ട്രെയിൻ മാർഗം കടത്തിയത്. പ്രത്യേകം പായ്ക്ക് ചെയ്ത് ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു. കഞ്ചാവ് ഇവിടെ കൊണ്ടുവന്ന് കൈമാറി തിരിച്ചു പോകാനായിരുന്നു പദ്ധതി. ഇവരിൽ നിന്ന് വാങ്ങുന്നവരെക്കുറിച്ചും അന്വേഷണമാരംഭിച്ചതായി പോലീസ് അറിയിച്ചു.
ഡാൻസാഫ് ടീമിനെ കൂടാതെ നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി ജെ.ഉമേഷ് കുമാർ, ആലുവ ഡിവൈഎസ്പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർമാരായ വി.എം. കേഴ്സൻ, കെ. സെനോദ്, എസ്ഐമാരായ കെ.നന്ദകുമാർ, ബി.എം. ചിത്തുജി, എം.വി. അരുൺ ദേവ്, സിപിഒ മാരായ വി.എ. അഫ്സൽ, സിറാജുദീൻ, ഷിഹാബ്, വി.പി. ബൈജു, കെ.കെ. സജ്നാസ്, പി.കെ. ഹാരിസ്, ഇൻഷാദ പരീത് എന്നിവരാണ് കഞ്ചാവ് പിടികൂടിയ സംഘത്തിൽ സംഘത്തിലുണ്ടായിരുന്നത്.