കൊച്ചി: കൊച്ചിക്കാഴ്ചകളുടെ മനോഹാരിത സമ്മാനിക്കാൻ കടമക്കുടി ദ്വീപിലേക്ക് വാട്ടര്‍മെട്രോ സര്‍വീസ് ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പുതിയ ബോട്ട് എത്തിയില്ല എന്നതു മാത്രമാണ് ഉദ്ഘാടനത്തിന് തടസം. കടമക്കുടിയിലേക്കുള്ള പുതിയ ബോട്ടിന്റെ നിര്‍മാണം കൊച്ചിന് ഷിപ്പ്യാര്ഡില് നടന്നുവരികയാണ്. അടുത്ത മാസം അവസാനത്തോടെ ബോട്ട് ലഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും മുന്‍ അനുഭവങ്ങള്‍ അങ്ങനെയല്ല.
നിലവില്‍ 19 ബോട്ടുകളാണ് വാട്ടര്‍മെട്രോയ്ക്കുള്ളത്. അഞ്ച് റൂട്ടുകളിലായി 15 ബോട്ടുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. നാല് ബോട്ടുകള്‍ അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനുള്ളതാണ്. അടുത്ത മാസം മട്ടാഞ്ചേരി ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍ മൂന്ന് ബോട്ടുകള്‍ ഇവിടേക്ക് സര്‍വീസിനായി ഉപയോഗിക്കേണ്ടിവരും. അങ്ങനെങ്കില്‍ പുതിയ ഒരു ബോട്ട് കൂടി വന്നാലേ കടമക്കുടി സര്‍വീസ് ആരംഭിക്കാനാകൂ.
ഒരു ഘട്ടത്തില്‍പോലും നിശ്ചയിച്ച സമയത്ത് നിര്‍മാണം പൂര്‍ത്തീകരിച്ച് ബോട്ട് ലഭ്യമായിട്ടില്ല എന്നതാണ് വാട്ടര്‍മെട്രോയുടെ ഇതുവരെയുള്ള അനുഭവം. കടമക്കുടിയില്‍ ടെര്‍മിനലിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. ഫ്ളോട്ടിംഗ് ജെട്ടിയുടെ നിര്‍മാണ പ്രവര്‍ത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇതിന്റെ പണികള്‍ പൂര്‍ത്തിയാകും. പിന്നീട് ഉദ്ഘാടനം നടത്തി സര്‍വീസ് ആരംഭിക്കാം. എന്നാല്‍ പുതിയ ബോട്ട് വരാതെ സര്‍വീസ് നടത്താനാകില്ലെന്നതാണ് നിലവിലെ സാഹചര്യം.
സര്‍വീസ് ആരംഭിച്ചാല്‍ തന്നെ രണ്ട് ബോട്ടുകള്‍ മാത്രമേ ഈ റൂട്ടിലേക്ക് സര്വീസിനുണ്ടാകൂ. അതിനാല്‍ സര്‍വീസുകള്‍ക്കിടെ സമയദൈര്‍ഘ്യം കൂടുതലായിരിക്കും. വാട്ടര്‍ മെട്രോ കൂടി എത്തുന്നതോടെ കടമക്കുടിയിലെ വിനോദ സഞ്ചാര സാധ്യതകള്‍ വര്‍ധിക്കും. മാത്രമല്ല, നിലവിലുള്ള യാത്രാക്ലേശങ്ങള്ക്കു കൂടി പരിഹാരമാകുമെന്നും വാട്ടര്‍മെട്രോ അധികൃതര്‍ അവകാശപ്പെടുന്നു.
വൈപ്പിന്‍ നിയോജക മണ്ഡലത്തിലെ വാട്ടര്‍ മെട്രോ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 14 ടെര്‍മിനലുകളാണ് നിര്‍മിക്കുന്നത്. നിലവില്‍ വൈപ്പിന്‍, ബോള്‍ഗാട്ടി, മുളവുകാട് നോര്‍ത്ത് എന്നീ ടെര്‍മിനലുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. അടുത്തതാണ് കടമക്കുടി. ശേഷം പാലിയംതുരുത്തിലേക്കും സര്‍വീസ് ആരംഭിക്കും. ഇവിടെ ടെര്‍മിനൽ നിര്‍മാണം അന്തിമഘട്ടത്തിലാണ്.
മുളവുകാട് പഞ്ചായത്ത്, പൊന്നാരിമംഗലം, ചേന്നൂര്‍, കോതാട്, പിഴല, തുണ്ടത്തുംകടവ്, ചരിയംതുരുത്ത്, എളംകുന്നപ്പുഴ, മൂലമ്പിള്ളി എന്നീ ടെര്‍മിനലുകള്‍ക്കായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി, ടെൻഡര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്. നിലവില്‍ ഹൈക്കോര്‍ട്ട്, ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍, സൗത്ത് ചിറ്റൂര്‍, ചേരാനല്ലൂര്‍, ഏലൂര്‍, വൈറ്റില, കാക്കനാട് എന്നീ ടെര്‍മിനലുകളിലാണ് വാട്ടര്‍മെട്രോ സര്‍വീസ് നടത്തുന്നത്.