കെ​എ​സ്ആ​ര്‍​ടി​സി കൊ​റി​യ​ര്‍ സ​ര്‍​വീ​സ് : വ​രു​മാ​ന​ത്തി​ല്‍ വൈ​റ്റി​ല മു​ന്നി​ല്‍
Monday, July 28, 2025 5:05 AM IST
പ്ര​തി​ദി​നം 30,000 മു​ത​ല്‍ 40,000 രൂ​പ വ​രെ​

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് കൊ​റി​യ​ര്‍ സ​ര്‍​വീ​സി​ലൂ​ടെ കെ​എ​സ്ആ​ര്‍​ടി​സി ഏ​റ്റ​വും അ​ധി​കം വ​രു​മാ​നം നേ​ടു​ന്ന​ത് എ​റ​ണാ​കു​ളം വൈ​റ്റി​ല ഡി​പ്പോ​യി​ല്‍ നി​ന്ന്. പ്ര​തി​ദി​നം 30,000 മു​ത​ല്‍ 40,000 രൂ​പ വ​രെ​യാ​ണ് കൊ​റി​യ​ര്‍ സ​ര്‍​വീ​സി​ലൂ​ടെ വൈ​റ്റി​ല ഡി​പ്പോ സ​മ്പാ​ദി​ക്കു​ന്ന​ത്. സ്വ​കാ​ര്യ കൊ​റി​യ​ര്‍ സ​ര്‍​വീ​സ് സ്ഥാ​പ​ന​ങ്ങ​ളേ​ക്കാ​ള്‍ നി​ര​ക്ക് കു​റ​വാ​ണെ​ന്ന​താ​ണ് കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ കൊ​റി​യ​ര്‍ സ​ര്‍​വീ​സി​ന് പി​ന്തു​ണ​യേ​റാ​ന്‍ കാ​ര​ണം.

ര​ണ്ടു വ​ര്‍​ഷം മു​മ്പ് തു​ട​ങ്ങി​യ പ​ദ്ധ​തി​യു​ടെ സേ​വ​നം ഇ​പ്പോ​ള്‍ 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​ണ്. പ​ര​മാ​വ​ധി 30 കി​ലോ വ​രെ​യു​ള്ള സാ​ധ​ന​ങ്ങ​ളാ​ണ് നി​ല​വി​ല്‍ എ​ടു​ക്കു​ക. 30 ആ​യാ​ല്‍ 15 കി​ലോ​യു​ടെ ര​ണ്ട് കൊ​റി​യ​റാ​ക്ക​ണം. പൊ​ട്ടി​പ്പോ​കു​ന്ന​തു​ള്‍​പ്പെ​ടെ, കൈ​കാ​ര്യം ചെ​യ്യാ​ന്‍ ബു​ദ്ധി​മു​ട്ടു​ള്ള വ​സ്തു​ക്ക​ള്‍ സ്വീ​ക​രി​ക്കി​ല്ല.

നി​ല​വി​ല്‍ 200 കി​ലോ​മീ​റ്റ​ര്‍ വ​രെ​യും 200 മു​ത​ല്‍ 400 കി​ലോ മീ​റ്റ​ര്‍ വ​രെ​യും 400 കി​ലോ മീ​റ്റ​റി​ന് മു​ക​ളി​ല്‍ എ​ന്നി​ങ്ങ​നെ മൂ​ന്ന് ത​ര​ത്തി​ല്‍ ദൂ​രം ക്ര​മീ​ക​രി​ച്ചാ​ണ് പ​ണം ഈ​ടാ​ക്കി വ​രു​ന്ന​ത്. 16 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ സാ​ധ​ന​ങ്ങ​ള്‍ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ എ​ത്തി​ച്ചു​കൊ​ടു​ക്കു​മെ​ന്ന​താ​ണ് കൊ​റി​യ​ര്‍ ആ​ന്‍​ഡ് ലോ​ജി​സ്റ്റി​ക്‌​സ് സ​ര്‍​വീ​സി​ന്‍റെ പ്ര​ത്യേ​ക​ത.

കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ഡി​പ്പോ​ക​ളി​ലേ​ക്ക് മാ​ത്ര​മാ​ണ് കൊ​റി​യ​ര്‍ സ​ര്‍​വീ​സ്. നി​ല​വി​ല്‍ 53 ഡി​പ്പോ​ക​ളെ ബ​ന്ധി​പ്പി​ച്ച് സ​ര്‍​വീ​സു​ണ്ട്. അ​യ​യ്ക്കാ​നു​ള്ള സാ​ധ​ന​ങ്ങ​ള്‍ പാ​യ്ക്ക്‌ ചെ​യ്ത് എ​ത്തി​ക്ക​ണം.

അ​യ​യ്ക്കു​ന്ന ആ​ളി​നും സ്വീ​ക​രി​ക്കു​ന്ന ആ​ളി​നും വി​വ​ര​ങ്ങ​ള്‍ സ​ന്ദേ​ശ​മാ​യി ല​ഭി​ക്കും. സ്വീ​ക​രി​ക്കു​ന്ന​യാ​ള്‍ ഡി​പ്പോ​യി​ല്‍ നേ​രി​ട്ടെ​ത്ത​ണം. തി​രി​ച്ച​റി​യ​ല്‍ രേ​ഖ പ​രി​ശോ​ധി​ച്ച് കൈ​മാ​റും. മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ല്‍ കൊ​റി​യ​ര്‍ കൈ​പ്പ​റ്റാ​ത്ത പ​ക്ഷം പി​ഴ ഈ​ടാ​ക്കും.