ഷൊർണൂർ: ഭാരതപ്പുഴയോരത്ത് 1.4 കോടി രൂപ ചിലവിൽ നിർമിച്ച നിളയോരം പാർക്ക് ഇന്ന് ഉദ്ഘാടനം ചെയ്യും. പഴയ കടവിനും പട്ടാമ്പി പാലത്തിനും ഇടയിലുള്ള നിളയോരത്തെ 75 സെന്റ് പുറമ്പോക്ക് സ്ഥലത്താണ് പാർക്ക് നിർമിച്ചത്.
ഇന്ന് വൈകുന്നേരം നാലിന് മന്ത്രി റോഷി അഗസ്റ്റിനാണ് പാർക്ക് നാടിന് സമർപ്പിക്കുന്നത്. മുഹമ്മദ് മുഹ്സിൻ എംഎൽഎ അധ്യക്ഷനാകും. വി.കെ. ശ്രീകണ്ഠൻ എംപി മുഖ്യാതിഥിയാവും.
മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ ആസ്തി വികസനഫണ്ടിൽ 1.4 കോടി രൂപയാണ് പാർക്ക് നിർമാണത്തിനായി നീക്കിവച്ചത്. അടുത്തഘട്ടമായി ഇനിയും ഫണ്ടനുവദിച്ച് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് മുഹമ്മദ് മുഹ്സിൻ പറഞ്ഞു.
ഹരിത ട്രിബ്യൂണൽ ഭാരതപ്പുഴയോരത്ത് ഏറ്റവും കൂടുതൽ മലിനമായ പ്രദേശം എന്നു ചൂണ്ടിക്കാട്ടിയ ഭാഗത്താണ് പാർക്ക് നിർമിച്ചത്.
നേരത്തേ, ചെറുകിട ജലസേചനവകുപ്പ് അഞ്ചുലക്ഷം രൂപ ചെലവിട്ട്, ആ ഭാഗത്തെ ഭാരതപ്പുഴയിലെ ചണ്ടികളും പൊന്തക്കാടുകളും മാലിന്യങ്ങളും നീക്കിയിരുന്നു. തുടർന്നാണ് പാർക്ക് നിർമാണം ചെറുകിട ജലസേചനവകുപ്പിനെ ഏല്പിച്ചത്.
ഇരുഭാഗത്തും സംരക്ഷണഭിത്തികൾ, പുഴയോരഭിത്തിയിൽ കൈവരികൾ, പ്രഭാത- സായാഹ്ന നടക്കാനുള്ള നടപ്പാത, ഇരിപ്പിടങ്ങൾ, തുറന്ന ജിംനേഷ്യം, കുട്ടികൾക്ക് കളിക്കാനും വിനോദത്തിനുമുള്ള ഉപകരണങ്ങൾ, ഓപ്പൺ തീയേറ്റർ, വായനയ്ക്കുള്ള സൗകര്യങ്ങൾ എന്നിവ തയാറായിട്ടുണ്ട്.
മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, അംബേദ്ക്കർ, മുഹമ്മദ് അബ്ദുറഹ്്മാൻ സാഹിബ്, പുന്നശ്ശേരി നമ്പി നീലകണ്ഠശർമ, വി.ടി. ഭട്ടതിരിപ്പാട്ട്, ഇഎംഎസ്, ഇ.പി. ഗോപാലൻ, മോഴിക്കുന്നം ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, ചെറുകാട് എന്നിവരുടെ ഛായാചിത്രങ്ങളും പാർക്കിലുണ്ട്. ഡിസ്നി വേണുവിന്റെ നേതൃത്വത്തിലുള്ള കലാകാരന്മാരാണ് ഇതൊരുക്കിയത്.
ഇനി പുല്ലുവളർത്തിയും പൂന്തോട്ടങ്ങൾ ഒരുക്കിയും വൈദ്യുതി അലങ്കാരങ്ങളും സൗരോർജ സംവിധാനവും ഏർപ്പെടുത്തി പാർക്ക് കൂടുതൽ ആകർഷകമാക്കുന്നുണ്ട്. നാലുതവണ പട്ടാമ്പിയിൽനിന്ന് നിയമസഭാ സാമാജികനും 1967ൽ മുഖ്യമന്ത്രിയുമായ ഇഎംഎസിന്റെ പേരാണ് പാർക്കിനു നൽകിയിരിക്കുന്നത്.