മുംബൈ: ഗൂഗിൾ പ്ലേ സ്റ്റോറിലെ നിക്ഷേപ ആപ്പുകൾക്ക് പുതിയ ബാഡ്ജ് വരുന്നു. ഇന്ത്യയിലെ അംഗീകൃത നിക്ഷേപ ആപ്പുകൾക്ക് ’വെരിഫൈഡ് ലേബൽ’ നൽകാനാണ് ഗൂഗിളിന്റെ തീരുമാനം.
വ്യാജ ആപ്പുകളെ തിരിച്ചറിയുക, ഓണ്‍ലൈൻ സാന്പത്തിക തട്ടിപ്പുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിൾ ഈ സവിശേഷത അവതരിപ്പിച്ചിരിക്കുന്നത്. നിക്ഷേപകർക്ക് യഥാർഥ വ്യാപാര പ്ലാറ്റ്ഫോമുകൾ തിരിച്ചറിയുന്നതിനും തട്ടിപ്പുകളിൽനിന്ന് രക്ഷപ്പെടുന്നതിനും ഈ നീക്കം സഹായകരമാകും.
ഇന്ത്യയിലെ ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ നിർദേശപ്രകാരമാണ് ഗൂഗിൾ ഈ സുരക്ഷാ സംവിധാനം ഒരുക്കുന്നത്.
സെബിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബ്രോക്കർമാരുടെ സ്റ്റോക്ക് ട്രേഡിംഗ് ആപ്പുകൾക്കായി വെരിഫൈഡ് ലേബൽ എന്ന പേരിൽ പുതിയ നിക്ഷേപ സംരക്ഷണ സംവിധാനം സെബി ചെയർമാൻ തുഹിൻ കാന്ത പാണ്ഡെ അവതരിപ്പിച്ചു. വ്യാജ ട്രേഡിംഗ് ആപ്പുകളുടെ അതിപ്രസരം ചെറുകിട നിക്ഷേപകർക്ക് വലിയൊരു ഭീഷണിയായി മാറിയിരിക്കുകയാണ്.
യഥാർഥ ആപ്പുകളെ അനുകരിച്ചുകൊണ്ട് തട്ടിപ്പുകാർ നടത്തുന്ന ഇത്തരം കെണികളിൽ പെടുന്ന നിക്ഷേപകർ, തങ്ങളുടെ നിക്ഷേപം അംഗീകൃത സെക്യൂരിറ്റീസ് മാർക്കറ്റിലേക്കാണ് എത്തുന്നതെന്ന് തെറ്റിദ്ധരിച്ച് വഞ്ചിതരാകുന്നു. ഇതിനു പരിഹാരമായാണ് സെബിയും ഗൂഗിളും സംയുക്തമായി ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇതാദ്യമായി വെരിഫൈഡ് ബാഡ്ജ് അവതരിപ്പിക്കുന്നത്.
രാജ്യത്തെ സെക്യൂരിറ്റീസ് മാർക്കറ്റിൽ ഇപ്പോൾ 14 കോടിയിലധികം നിക്ഷേപകരുണ്ടെന്നും വിപണി മൂലധനം 423 ട്രില്യണ്‍ രൂപ എത്തിയെന്നും പാണ്ഡെ പറഞ്ഞു. നിലവിൽ ഇന്ത്യയിലെ ഏകദേശം 600 സാന്പത്തിക സേവന ആപ്പുകൾക്ക് ഈ വെരിഫൈഡ് ലേബൽ ലഭിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിലൂടെയും ആപ്പുകൾ വഴിയും അംഗീകാരമില്ലാത്ത സാന്പത്തിക ഉപദേശകർ വഴിയും പ്രചരിക്കപ്പെടുന്ന വ്യാജ നിക്ഷേപ ആപ്പുകളുടെയും ഓണ്‍ലൈൻ തട്ടിപ്പുകളുടെയും വർധനയെത്തുടർന്നാണ് ഈ നീക്കം. ഉറപ്പായ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ആകർഷിക്കുകയും യഥാർഥ ആപ്പുകളുടെ സാമ്യമുള്ള വ്യാജ ആപ്പുകൾ ഡൗണ്‍ലോഡ് ചെയ്യിപ്പിക്കുകയുമാണ് തട്ടിപ്പുകാർ സാധാരണയായി ചെയ്യുന്നത്. ഇത് സാന്പത്തിക നഷ്ടത്തിനും വിപണിയിലുള്ള വിശ്വാസം നഷ്ടമാകുന്നതിനും കാരണമാകുന്നു.
തട്ടിപ്പുകൾ തടയുന്നതിനായി സെബിയിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത സാന്പത്തിക ഉപദേശകരുമായി ബന്ധം പുലർത്തുന്നതിന് രജിസ്റ്റർ ചെയ്തിട്ടുള്ള ബ്രോക്കർമാർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അനുമതിയില്ലാതെ നിക്ഷേപക ഉപദേശം നല്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർക്കെതിരേ വിപണിയിൽനിന്ന് വിലക്കേർപ്പെടുത്തുന്നതും ഫണ്ട് കണ്ടുകെട്ടുന്നതും ഉൾപ്പെടെയുള്ള നടപടികൾ സെബി സ്വീകരിച്ചിട്ടുണ്ട്.
പരസ്യങ്ങൾക്കായി കൂടുതൽ കർശനമായ നിബന്ധനകൾ കൊണ്ടുവരാനും സെബി പദ്ധതിയിടുന്നതായി ചെയർമാൻ പറഞ്ഞു. ഇതുപ്രകാരം, സെബിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾക്കു മാത്രമേ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ ആപ്പുകൾ ഓപ്പറേറ്റ് ചെയ്യുന്ന ഗൂഗിളിലും മെറ്റയിലും പരസ്യം നൽകാൻ സാധിക്കൂ.
സാന്പത്തിക തട്ടിപ്പുകൾ തടയുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള പദ്ധതികൾക്കായി സെബി കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയവുമായി ഒരു മാസത്തിനുള്ള കരാറിലേർപ്പെടുമെന്നും അറിയിച്ചിട്ടുണ്ട്.
Tags : Google new badge to investment apps