വേണുഗോപാൽ നന്ദലാൽ ധൂത്
മുംബൈ: വീഡിയോകോണ്‍ ഇൻഡസ്ട്രീസ് മുൻ പ്രൊമോട്ടറും ഡയറക്ടറുമായ വേണുഗോപാൽ നന്ദലാൽ ധൂതിനെ നാഷണൽ കന്പനി ലോ ട്രൈബ്യൂണൽ (എൻസിഎൽടി) പാപ്പരായി പ്രഖ്യാപിച്ചു. 12,668 കോടി രൂപയുടെ വായ്പ തിരിച്ചടവ് മുടക്കിയതിനെത്തുടർന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്കിയ ഹർജി പരിഗണിച്ചാണ് ഈ ഉത്തരവ്.
ട്രൈബ്യൂണലിന്റെ മുംബൈ ബെഞ്ച് വ്യാഴാഴ്ച പുറപ്പെടുവിച്ച ഉത്തരവിലൂടെ ധൂതിന്റെ സ്വത്തുക്കൾ പാപ്പരത്ത ട്രസ്റ്റി ആശിഷ് നാരായണനിൽ നിക്ഷിപ്തമാക്കാനും വായ്പക്കാർക്കിടയിൽ വീതിച്ചു നൽകാനും നിർദേശിച്ചു. ധൂത് മുന്നോട്ടുവച്ച 600 കോടി രൂപയുടെ തിരിച്ചടവ് പദ്ധതി വായ്പക്കാർ നേരത്തെ തള്ളിയിരുന്നു.
2010നും 2012നും ഇടയിൽ വീഡിയോകോണ്‍ ഇൻഡസ്ട്രീസ് ലിമിറ്റഡിനും വീഡിയോകോണ്‍ ടെലികമ്യൂണിക്കേഷൻസ് ലിമിറ്റഡിനും നൽകിയ ക്രെഡിറ്റ് സൗകര്യങ്ങൾക്കും വായ്പകൾക്കുമായി വേണുഗോപാൽ ധൂത് നൽകിയ വ്യക്തിഗത ഗ്യാരന്റികളുമായി ബന്ധപ്പെട്ടതാണ് ഈ കേസ്. ഈ കന്പനികൾ എസ്ബിഐയിൽനിന്നും 2017 ഏപ്രിലിൽ എസ്ബിഐയിൽ ലയിച്ച അനുബന്ധ ബാങ്കുകളിൽ നിന്നും രൂപയിലുള്ള ടേം ലോണുകളും വർക്കിംഗ് ക്യാപിറ്റൽ സൗകര്യങ്ങളും ലഭ്യമാക്കിയിരുന്നു. ഈ വായ്പത്തുകകളും ബാധ്യതകളും കൃത്യമായി തിരിച്ചടയ്ക്കുമെന്നും തീർപ്പാക്കുമെന്നും വേണുഗോപാൽ ധൂത് നിരുപാധികം ഉറപ്പുനൽകിയിരുന്നു.
എന്നാൽ, വീഡിയോകോണ്‍ ഇൻഡസ്ട്രീസ് വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തുകയും 2018 ജൂണിൽ കോർപറേറ്റ് ഇൻസോൾവൻസി റെസല്യൂഷൻ പ്രൊസസിലേക്ക് (സിഐആർപി) പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. 2019 ഓഗസ്റ്റിലെ എൻസിഎൽടി ഉത്തരവ് പ്രകാരം ഈ നടപടിക്രമം വീഡിയോകോണ്‍ ഗ്രൂപ്പിലെ മറ്റ് 12 കന്പനികളുടെ നടപടികളുമായി സംയോജിപ്പിച്ചു. കന്പനികൾ പാപ്പരത്ത നടപടികളിലേക്ക് പോകുന്നതിന് മുൻപ്, 2018 ഫെബ്രുവരിയിൽ വായ്പ തിരിച്ചടയ്ക്കണം എന്നാവശ്യപ്പെട്ട് എസ്ബിഐ വേണുഗോപാൽ ധൂതിന് ഡിമാൻഡ് നോട്ടീസ് നൽകിയിരുന്നു.
പിന്നീട്, കുടിശിക തിരിച്ചടയ്ക്കുന്നതിനുള്ള പദ്ധതികളൊന്നും സമർപ്പിക്കാത്തതിനെത്തുടർന്ന് 2026 ഏപ്രിലിൽ എസ്ബിഐ ധൂതിനെതിരേ പ്രത്യേക പേഴ്സണൽ ഇൻസോൾവൻസി റെസല്യൂഷൻ പ്രോസസ് ആരംഭിച്ചു. രണ്ടു മാസത്തിനുശേഷം, സിലിഗുരിയിലെ നിർദിഷ്ട വികസനത്തിനായുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ടിനൊപ്പം 36 മാസത്തിനുള്ളിൽ 600 കോടി രൂപ വാഗ്ദാനം ചെയ്തുകൊണ്ട് ഒരു സംയോജിത തിരിച്ചടവ് പദ്ധതി ധൂത് സമർപ്പിച്ചു. എന്നാൽ, ഇത് അനുവദിച്ച കുടിശികയുടെ 0.42% മാത്രമാണെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു.
തിരിച്ചടവിലെ അനിശ്ചിതത്വങ്ങൾ കാരണം വ്യക്തിഗത ഇൻസോൾവൻസി നടപടികൾ അവസാനിപ്പിച്ച് ധൂതിനെതിരേ പാപ്പരത്ത നടപടികൾ ആരംഭിക്കാൻ വായ്പക്കാർ തീരുമാനിച്ചു.
എസ്ബിഐ സമർപ്പിച്ച 12,668 കോടി രൂപയുടെ വായ്പാ കുടിശികയിൽ (പലിശയും പിഴയും ഉൾപ്പടെ) വീഴ്ച വരുത്തിയതിന് 2026 ജൂലൈയിൽ എൻസിഎൽടി ധൂതിന്റെ തിരിച്ചടവ് പദ്ധതി തള്ളുകയും പാപ്പരത്ത നടപടികൾ ആരംഭിക്കുകയും ചെയ്തു.
തന്റെ സാന്പത്തികസ്ഥിതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ ബാങ്ക് റപ്റ്റസി (പാപ്പരത്ത) ട്രസ്റ്റിക്ക് സമർപ്പിക്കാൻ ട്രൈബ്യൂണൽ ധൂതിനോട് നിർദേശിച്ചിട്ടുണ്ട്.
Tags : VenugopalDhoot NCLT VideoconIndustries Loan Repayments SBI Business