പ്രതീകാത്മക ചിത്രം
വാഷിംഗ്ടൺ ഡിസി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ വളർച്ചയെ യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ നേടിയ വിജയം മന്ദഗതയിലാക്കുമെന്ന ആശങ്കയിൽ നിക്ഷേപകർ ടെക് ഓഹരികൾ വിറ്റൊഴിഞ്ഞതിനെത്തുടർന്ന് ആഗോള ഓഹരിവിപണികളിൽ വൻ തകർച്ച.
യുഎസിൽ തുടങ്ങി ഏഷ്യയിലേക്കും യൂറോപ്പിലേക്കും വ്യാപിച്ച ഈ വിൽപനത്തുടർച്ച മൂലം പ്രമുഖ ടെക് കന്പനികളുടെ വിപണിമൂല്യത്തിൽ നിന്ന് ലക്ഷം കോടിക്കണക്കിന് ഡോളറാണ് നഷ്ടമായത്.
യുഎസിൽ, ടെക് ഓഹരികൾക്ക് മുൻതൂക്കമുള്ള നാസ്ദാക് ഓഹരി സൂചിക വ്യാഴാഴ്ച 5.5% ഇടിഞ്ഞു. വെള്ളിയാഴ്ച ഏഷ്യൻ വിപണികളിലും വൻ ഇടിവുണ്ടായി, യൂറോപ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്.
‘മാഗ്നിഫിസെന്റ് സെവന്’ വൻ നഷ്ടം
എഐ സാങ്കേതികവിദ്യക്ക് ആവശ്യമായ ഡാറ്റാ സെന്ററുകളെ ഡെമോക്രാറ്റ് സ്ഥാനാർഥികൾ എതിർത്തതിനെത്തുടർന്ന്, കടുത്ത നിയന്ത്രണങ്ങൾ വരുമോയെന്ന ആശങ്കയിലാണ് നിക്ഷേപകർ. എഐക്കായി ചെലവഴിക്കുന്ന ഭീമമായ തുക തിരിച്ചുപിടിക്കാൻ കഴിയുമോ എന്ന ആശങ്കയും ഓഹരി ഇടിവിന് കാരണമായിട്ടുണ്ട്.
യുഎസ് ഓഹരിവിപണിയിലുണ്ടായ ഇടിവു കാരണം ആപ്പിൾ, എൻവിഡിയ, ടെസ്ല എന്നിവയുൾപ്പെടെ ‘മാഗ്നിഫിസെന്റ് സെവൻ’ എന്നറിയപ്പെടുന്ന പ്രമുഖ ടെക് കന്പനികളുടെ മൂല്യത്തിൽനിന്ന് ഒറ്റ ദിവസം കൊണ്ട് ഒരു ട്രില്യണ്‍ ഡോളറിന്റെ നഷ്ടമാണുണ്ടായത്. എൻവിഡിയ ഓഹരികൾ ഒന്‍പത് ശതമാനത്തിലധികം ഇടിഞ്ഞു.
ഇലോണ്‍ മസ്കിന്റെ കന്പനികളായ സ്പേസ് എക്സ്, ടെസ്ല എന്നിവയുടെ ഓഹരികളിലും വലിയ ഇടിവുണ്ടായി. യഥാക്രമം 8%, 11% എന്നിങ്ങനെ കൂപ്പുകുത്തി. കന്പനികളുടെ വിപണിമൂല്യത്തിൽനിന്ന് 300 ബില്യണ്‍ ഡോളറിലധികം നഷ്ടപ്പെടാൻ ഇത് കാരണമായി.
നാസ്ദാക് സൂചികയുടെ കുത്തനെ ഇടിവ് അതിന്റെ വിപണി മൂല്യത്തിൽ ഏകദേശം 2.5 ട്രില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാക്കി. ഈ സൂചിക ഇപ്പോൾ വിപണി നിരീക്ഷകർ ‘കറക്ഷൻ ടെറിട്ടറി’ എന്ന് വിശേഷിപ്പിക്കുന്ന അവസ്ഥയിലാണ്. ഒരു സൂചികയുടെയോ കന്പനിയുടെയോ മൂല്യം സമീപകാലത്തെ ഉയർന്ന നിരക്കിൽനിന്ന് കുറഞ്ഞത് 10% എങ്കിലും ഇടിയുന്ന അവസ്ഥയെയാണ് സാന്പത്തിക രംഗത്ത് കറക്ഷൻ എന്നു വിശേഷിപ്പിക്കുന്നത്.
നിർമിതബുദ്ധി മേഖലയിലുണ്ടായ ആവേശത്താൽ സമീപകാലത്ത് ടെക് ഓഹരികൾ വലിയ നേട്ടമാണ് നടത്തിയത്. വ്യാഴാഴ്ചയുണ്ടായ ഇടിവിനു ശേഷവും നാസ്ദാക് ഒരു വർഷം മുന്‍പുള്ളതിനേക്കാൾ ഉയർന്ന നിലയിലാണ്. ഈ വർഷത്തിന്റെ തുടക്കത്തിലുണ്ടായിരുന്നതിനേക്കാൾ ഏകദേശം 4.6% ഉയരത്തിലും നിൽക്കുന്നു.
ഏഷ്യൻ വിപണികളും
യുഎസിലെ വിൽപനത്തുടർച്ച ഏഷ്യയിലേക്കും പടർന്നു. മെമ്മറി ചിപ്പ് നിർമാതാക്കളായ കിയോക്സിയ, ടോക്കിയോ ഇലക്ട്രോണ്‍ എന്നിവയുടെ ഓഹരികൾ വലിയ തോതിൽ ഇടിഞ്ഞതിനെത്തുടർന്ന് ജപ്പാനിലെ നിക്കി ഓഹരി സൂചിക 6% ഇടിവോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
ദക്ഷിണ കൊറിയയിൽ, കോസ്പി സൂചിക ഒരു ഘട്ടത്തിൽ എട്ടുശതമാനത്തിലധികം ഇടിഞ്ഞു. പരിഭ്രാന്തി പരത്തുന്ന വിൽപന തടയാനായി വ്യാപാരം താത്കാലികമായി നിർത്തിവയ്ക്കുന്ന ‘സർക്യൂട്ട് ബ്രേക്കർ’ സംവിധാനം ഇവിടെ നടപ്പിലാക്കേണ്ടിവന്നു.
കോസ്പി ഒടുവിൽ 6% ഇടിവോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ചിപ്പ് നിർമാതാക്കളായ എസ്കെ ഹൈനിക്സിന്റെ ഓഹരികൾ 10%ത്തിലധികം ഇടിവ് രേഖപ്പെടുത്തി.
യൂറോപ്യൻ വിപണികളിൽ ടെക് ഓഹരികളുടെ അളവ് കുറവായതിനാൽ ഇടിവ് അത്ര രൂക്ഷമായിരുന്നില്ലെങ്കിലും, ഇന്നലെ വിപണികൾ താഴ്ന്ന നിലയിലാണ് തുറന്നത്.
ഡാറ്റാ സെന്ററുകളിൽ സമ്മർദം
ഡാറ്റാ സെന്ററുകളുടെയും എഐയുടെയും വളർച്ച മന്ദഗതിയിലാക്കാൻ ഡെമോക്രാറ്റ് സ്ഥാനാർഥികൾ യുഎസിലുടനീളം പ്രചാരണം നടത്തിയിരുന്നു. സാങ്കേതികവിദ്യക്ക് അടിത്തറയായ ഡാറ്റാ സെന്ററുകളുടെ വികസനം നിയന്ത്രിക്കുന്നതിനായി രാജ്യത്തുടനീളമുള്ള ബാലറ്റുകളിൽ ഡസൻകണക്കിന് പ്രമേയങ്ങളും ഉണ്ടായിരുന്നു.
നിക്ഷേപരുടെ ആശങ്ക
കോൺഗ്രസിലും സ്റ്റേറ്റ് ഗവൺമെന്റുകളിലും ഡെമോക്രാറ്റുകളുടെ സാന്നിധ്യം ശക്തമാകുന്നത് വൻകിട ടെക് കമ്പനികൾക്കെതിരേ കർശനമായ കുത്തകവിരുദ്ധ നിയമങ്ങൾ, ഡാറ്റാ സ്വകാര്യതാനയങ്ങൾ, കടുത്ത മേൽനോട്ടം എന്നിവ നടപ്പിലാക്കുന്നതിലേക്കു നയിക്കുമെന്ന് നിക്ഷേപകർ ഭയപ്പെടുന്നു.
എഐ അടിസ്ഥാന സൗകര്യങ്ങൾക്കായി കമ്പനികൾ നടത്തുന്ന ഭീമമായ നിക്ഷേപങ്ങളിൽനിന്നുള്ള ലാഭവിഹിതത്തെക്കുറിച്ചുള്ള സംശയങ്ങൾ നിലവിലുണ്ട്. ഇതിനിടയിലെ രാഷ്ട്രീയമാറ്റങ്ങൾ ഫണ്ടിംഗ്, ഊർജനയങ്ങൾ, എഐ മേഖലയെ നയിക്കുന്ന കോടികളുടെ മൂധനച്ചെലവ് പ്രക്രിയ എന്നിവയെ പ്രതികൂലമായി ബാധിച്ചേക്കാം.
നിലവിലുള്ള ഊർജച്ചെലവ്, പണപ്പെരുപ്പം തുടങ്ങിയ സാമ്പത്തിക ഘടകങ്ങൾക്കൊപ്പം ഈ രാഷ്ട്രീയ അനിശ്ചിതത്വം കൂടി ചേർന്നത് വിപണിയെ കൂടുതൽ ദുർബലമാക്കിയിരിക്കുകയാണ്.
Tags : DemocratsVictory DataCentre USShareMarket TechShare Business