കെഎസ്എഫ്ഇ
തൃശൂർ: കെഎസ്എഫ്ഇയുടെ 57-ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷങ്ങളുടെ ഭാഗമായി എല്ലാ യൂണിറ്റിലും ഇടപാടുകാർക്ക് മധുരം വിതരണം ചെയ്തു. എല്ലാ വിഭാഗം ഇടപാടുകാരെയും ചേർത്തുപിടിച്ച് അവരുടെ ആവശ്യങ്ങൾ നിസ്വാർഥമായി നിറവേറ്റുമെന്നു ജീവനക്കാർ ദൃഢപ്രതിജ്ഞ ചെയ്തു.
തൃശൂർ കോർപറേറ്റ് ഓഫീസിൽ സംഘടിപ്പിച്ച ഉദ്ഘാടനച്ചടങ്ങിൽ മാനേജിംഗ് ഡയറക്ടർ പി.എൻ. അഭിലാഷ് ഒൗദ്യോഗിക തീം സോംഗിന്റെ പ്രകാശനം നിർവഹിച്ചു.
പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഹെഡ് ഓഫീസ് ജീവനക്കാർ സംഭാവന ചെയ്ത വീൽചെയറിന്റെ ഇൻഡന്റ് മാനേജിംഗ് ഡയറക്ടർ മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ലിജോയ്ക്കു കൈമാറി. നവംബറിൽ രക്തദാന മാസമായി ആചരിക്കാനും തീരുമാനിച്ചു.
ചടങ്ങിൽ ജനറൽ മാനേജർ (ബിസിനസ്) പി. ശ്രീകുമാർ, ജനറൽ മാനേജർ (റിസ്ക് ആൻഡ് കംപ്ലയൻസ്) ഡോ. എസ്.കെ. സനിൽ, ഡെപ്യൂട്ടി ജനറൽ മാനേജർമാർ, അസിസ്റ്റന്റ് ജനറൽ മാനേജർമാർ, കന്പനി സെക്രട്ടറി, വിവിധ സംഘടനാപ്രതിനിധികൾ എന്നിവരും പങ്കെടുത്തു.
Tags : Celebrates KSFE Anniversary Business