Leader Page
വടക്കൻ കേരളത്തിലെ കുടിയേറ്റജനതയ്ക്ക് ദീപിക പത്രമെന്നത് ഒരു വികാരമാണ്. സ്വന്തം നാടിന്റെ ഓർമകളുടെയും അടയാളങ്ങളുടെയും ഇടയിൽ മനസിൽ ചേർത്തുവച്ചൊരു വികാരം.
കുട്ടിക്കാലത്ത് കാസർഗോഡ് ജില്ലയിലെ തയ്യേനിയിലും കണ്ണൂർ ജില്ലയിലെ എടൂരിലുമുള്ള കുടുംബവീടുകളിലെത്തുമ്പോഴാണ് ഞാൻ ആദ്യമായി ദീപികയെ അടുത്തറിയുന്നത്. സ്കൂൾ പഠനകാലത്ത് മറ്റു പത്രങ്ങൾക്കൊപ്പം ദീപിക വായനയും ശീലമാക്കിയതിലൂടെ പൊതുവിജ്ഞാനവും ആനുകാലിക സംഭവങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളും ആർജിക്കാൻ കഴിഞ്ഞു.
ചലച്ചിത്രമേഖലയിലേക്ക് ആദ്യമായി എത്തിയ കാലം മുതൽ എനിക്ക് ഏറ്റവുമധികം പ്രോത്സാഹനം തന്ന പത്രവും ദീപികയാണ്. മലയാളത്തിലാദ്യമായി പ്രസിദ്ധീകരണത്തിന്റെ 140-ാം വർഷത്തിലെത്തിയ ദീപികയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു.
- നിവേദ തോമസ് (ചലച്ചിത്ര താരം)
Leader Page
ദീപിക പത്രപ്രവർത്തനമേഖലയിലെ ഇതിഹാസമാണ്. 1887ൽ ആരംഭിച്ച ഈ പത്രത്തിന്റെ ശില്പി പ്രഗത്ഭനായ നിധീരിക്കൽ മാണിക്കത്തനാരായിരുന്നു. കായികരംഗത്തെ ആദ്യകാലം മുതലേ പ്രോത്സാഹിപ്പിച്ച ഏക പത്രം.
ഇന്റർനെറ്റ് പതിപ്പിറക്കിയ ആദ്യ മലയാളപത്രവും ദീപികതന്നെ. കലാകാരന്മാരെയും സാഹിത്യകാരന്മാരെയും പ്രോത്സാഹിപ്പിക്കാനും അവരെ സംബന്ധിക്കുന്ന വാർത്തകളും വിശേഷങ്ങളും പ്രസിദ്ധീകരിച്ച് സഹായകമായി വർത്തിക്കാനും തുടക്കംമുതൽ ശ്രമിച്ചിരുന്ന പത്രമാണ് ദീപിക.
ജാതി-മത കക്ഷിരാഷ്ട്രീയ ചിന്താഗതികൾക്കുപരിയായി സത്യസന്ധമായ പത്രധർമം പുലർത്തുന്നതിൽ ദീപിക ഇന്നും മുന്നിലാണ്. സകല മതസ്ഥരുടെയും ആഘോഷങ്ങൾക്കു തുല്യപ്രാധാന്യം നൽകിയും മതസൗഹാർദസന്ദേശം നൽകിയും ദീപിക തന്റെ ദൗത്യം ധന്യമാക്കുന്നു. ഇപ്പോഴും അതു തുടരുന്നു. യേശുദേവന്റെ ത്യാഗവും കാരുണ്യവും മുഖ്യസന്ദേശമായി പത്രധർമത്തിലൂടെ തുടരട്ടെ എന്നാശിക്കുന്നു.
140 വർഷം പിന്നിടുന്ന ദീപികയ്ക്ക് ഈ എളിയ സാഹിത്യകാരന്റെ ആശംസകൾ നേരുന്നു; ഒപ്പം, ദീപികയുടെ പത്രാധിപസമൂഹത്തിനും.
-കാര്യവട്ടം ശ്രീകണ്ഠൻനായർ (കവി, നാടകകൃത്ത്, ഗാനരചയിതാവ്, സംവിധായകൻ)
Leader Page
നൂറ്റിനാൽപ്പത് വർഷത്തെ പാരമ്പര്യമുള്ള ഏക മലയാള ദിനപത്രമായ ദീപികയുമായി കഴിഞ്ഞ അമ്പത്തഞ്ച് വർഷങ്ങൾ മുമ്പ് തുടങ്ങിയ പരിചയമാണ് എനിക്കുള്ളത്.
മലബാറിൽ ദീപിക ലഭിക്കാതിരുന്ന നാളുകളിൽ കോട്ടയത്തുനിന്ന് തപാലിൽ വരുത്തി വായിച്ചിരുന്നവരിൽ ഒരാളായിരുന്നു ഞാൻ.
അതിനെന്നെ പ്രേരിപ്പിച്ചത് അന്തരിച്ച കെ.സി. സെബാസ്റ്റ്യൻ എഴുതിയിരുന്ന ഈടുറ്റ ലേഖനങ്ങളും നിയമസഭാനിരീക്ഷണ അവലോകനങ്ങളുമായിരുന്നു. എന്നെപ്പോലെയുള്ള രാഷ്ട്രീയപ്രവർത്തകർക്ക് അതൊരു പാഠപുസതകമായാണ് പ്രയോജനപ്പെട്ടിരുന്നത്.
ചില പ്രമുഖ മലയാള പത്രങ്ങൾ സർക്കാരുകളെ ഭയന്ന് വാർത്തകൾ പലതും ഒതുക്കി വയ്ക്കുമ്പോൾ ദീപിക ധൈര്യപൂർവം അത്തരം വാർത്തകൾ പ്രസിദ്ധീകരിച്ചുകൊണ്ട് യഥാർഥ പത്രധർമം നിർവഹിക്കുന്നത് മലയാളികൾക്കെന്നും അഭിമാനകരമായിരിക്കും. ദീപികയ്ക്ക് ഇനിയും ഇതേ രീതിയിൽ മുന്നോട്ടു പോകാൻ കഴിയട്ടേയെന്ന് ആശംസിക്കുന്നതോടൊപ്പം ഏറെഹൃദ്യമായ അഭിനന്ദനങ്ങളും അറിയിക്കുന്നു.
- ജോസ് ചെമ്പേരി, കേരള കോൺഗ്രസ്-എം സംസ്ഥാന രാഷ്ട്രീയകാര്യ സമിതിയംഗം.
Leader Page
അറുപതു വര്‍ഷമായി ദീപികയുടെ സ്ഥിരം വരിക്കാരനും വായനക്കാരനുമാണ്. ചെറിയ ചില കാലങ്ങളിലെ വ്യത്യാസമൊഴിച്ചാല്‍ ഈ കാലം മുഴുവനും ഒരേ നിലപാടുകളില്‍ മാറ്റമില്ലാതെ നില്ക്കാന് കഴിഞ്ഞുവെന്നതാണ് ദീപികയുടെ സവിശേഷത.
ലാഭനഷ്ടങ്ങള്‍ നോക്കാതെ സത്യത്തിനും ധാര്മികതയ്ക്കുമൊപ്പവും കര്‍ഷകര്‍ക്കൊപ്പവും ഉറച്ച നിലപാടുകള്‍ സ്വീകരിക്കുന്ന ഏക പത്രം ദീപികയാണ്. അതുകൊണ്ടുതന്നെയാണ് വായനയുടെ സംസ്കാരം പുതുതലമുറകള്‍ക്കും മടിയില്ലാതെ പകര്‍ന്നുകൊടുക്കാന്‍ ദീപികയ്ക്കു കഴിയുന്നത്.
- എ.കെ. ജോൺ അറയ്ക്കൽ
റിട്ട. മുഖ്യാധ്യാപകന്‍, മുൻ ചെയർമാൻ, ഫെയർ ട്രേഡ് അലയൻസ് കേരള
പാലാവയല്
Leader Page
ഞാൻ ആദ്യം കാണുന്ന പത്രം ദീപികയാണ്. ഇപ്പോഴുമോർക്കുന്നു, മനുഷ്യൻ ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയതിന്റെ വാർത്തയും ചിത്രവുമടങ്ങുന്ന ദീപികയിലെ മുൻപേജ്. ഇരുൾമൂടിക്കിടന്ന എന്റെ ബാലമനസിൽ മിന്നിയ റാന്തൽ വെളിച്ചമായിരുന്നു ആ കാഴ്ച.
കുടിയേറ്റത്തിന്റെ ബാലാരിഷ്ടതയും ക്ലേശവും നിറഞ്ഞുനിന്ന അക്കാലത്ത് ഹൈറേഞ്ചിന്റെ ശബ്ദം ദീപികയായിരുന്നു. ഈ നാടിന്റെ ഹൃദയത്തുടിപ്പറിയാൻ അന്ന് ദീപികയേ ഉണ്ടായിരുന്നുള്ളൂ. കാലമേറെക്കഴിഞ്ഞ് ഫിലിം സൊസൈറ്റി പ്രവർത്തനം ഒരു വികാരമായി കൊണ്ടുനടന്നപ്പോൾ ദീപികയുടെ വലിയ പിന്തുണ കിട്ടി.
അതാകട്ടെ, ഞങ്ങൾക്ക് നാട്ടിൽ വലിയ സ്വീകാര്യത ലഭിക്കാൻ സഹായിച്ചു. ഹൈറേഞ്ചിലെ ഭൂപ്രശ്നങ്ങളും അതിജീവന പ്രതിസന്ധികളും അർഹിക്കുന്ന ഗൗരവത്തോടെ തുറന്നുകാട്ടുന്നതിൽ ദീപിക ഇപ്പോഴും മുന്നിലാണ്.
ആഴത്തിൽ പഠിച്ച് വസ്തുനിഷ്ഠമായി അക്കാര്യങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ ഒരു ആക്ടിവിസ്റ്റ് സമീപനം ദീപികയിൽ പ്രതിഫലിക്കുന്നു എന്നു പറയാൻ എനിക്ക് മടിയില്ല.കേരളത്തിന്റെ പത്രമുത്തശ്ശിക്ക് ആശംസകൾ.
-ഇ.ജെ. ജോസഫ് (എഴുത്തുകാരൻ, ദർശന മുൻ പ്രസിഡന്റ്)
Leader Page
ഞാൻ ദീപികയെ കാണുന്നതു കർഷകരുടെ സുഹൃത്തായ ഒരു പത്രമായാണ്. കർഷകസ്നേഹമാണ് ദീപികയുടെ മുഖമുദ്ര. കർഷകരുടെ പ്രശ്നങ്ങൾ പുറത്തുകൊണ്ടുവരാനും അവയുടെ പരിഹാരമാർഗങ്ങൾ നിർദേശിക്കാനും ദീപിക ശ്രദ്ധിക്കുന്നു. ഇതിനു മുൻപന്തിയിൽ നിൽക്കുന്നതു ദീപിക മാത്രമാണ്.
കാർഷികമേഖല വലിയ പ്രതിസന്ധിയിലാണ്. കൃഷിച്ചെലവ് 50 ശതമാനംവരെ വർധിച്ചിരിക്കുന്നു. എന്നാൽ കാർഷിക ഉത്പന്നങ്ങൾക്ക് സർക്കാർ പ്രഖ്യാപിക്കുന്ന താങ്ങുവില വർധിച്ചത് അരശതമാനംമാത്രമാണ്. അതിനാൽതന്നെ ഉത്പന്നങ്ങൾക്കു ലഭിക്കുന്ന വില തുച്ഛവുമാണ്. വിദേശരാജ്യങ്ങളുമായുള്ള പല കരാറുകളും കാർഷികമേഖലയുടെ നട്ടെല്ലൊടിക്കുന്നു.
വിയറ്റ്നാമിൽനിന്ന് അടയ്ക്ക, കുരുമുളക്, ഇന്തോനേഷ്യയിൽനിന്ന് നാളികേരം എന്നിവ ഇറക്കുമതി ചെയ്യുന്നതു കർഷകദ്രോഹമാണ്. ഇവയെക്കുറിച്ചെല്ലാം സദാ ജാഗ്രതയോടെ സമൂഹത്തെ അറിയിക്കാൻ ദീപിക ശ്രദ്ധിക്കുന്നു.
140 ദീപ്തവർഷങ്ങൾ പിന്നിടുന്ന ദീപികയ്ക്ക് എല്ലാ ആശംസകളും.
- കെ. കൃഷ്ണൻകുട്ടി (മുൻമന്ത്രി)
Leader Page
ദീപികയുമായി എനിക്കുള്ളത് നാലു പതിറ്റാണ്ടോളം നീളുന്ന ആത്മബന്ധമാണ്. അതിശയിപ്പിക്കുന്ന മാധ്യമസാധ്യതകളുടെ ഇക്കാലത്തും ഒട്ടും അപ്രസക്തയാകാതെ തലമുറകൾക്ക് ദിശാബോധം നൽകുന്ന ദീപിക നമ്മുടെയൊക്കെ അഭിമാനവും കരുത്തുമാണ്.
കാലദേശാതിർത്തികളെ ഉൾക്കൊള്ളുന്ന നിലപാടുകളും ദർശനധാരകളും കൊണ്ട് ആധുനിക കേരളസമൂഹത്തിന് വഴിവിളക്കായി ഈ പത്രസ്ഥാപനം നിലകൊണ്ടു എന്നത് വിസ്മരിക്കാനാവാത്ത ചരിത്രസത്യം.
രാഷ്ട്രീയാതിപ്രസരവും വാണിജ്യവത്കരണവും പത്രപ്രവർത്തനമേഖലയെ ആകെ മാറ്റിമറിച്ച കഴിഞ്ഞ ദശകങ്ങളിൽ ഉത്തമബോധ്യങ്ങളിലും സാമൂഹികപ്രതിബദ്ധതയിലും ഉറച്ചുനിന്ന ഈ പത്രം അതിന്റെ ഉദാത്തമായ പൈതൃകം കാത്തു എന്നത് തികച്ചും അഭിനന്ദനീയംതന്നെ.
സ്ഥാപകമൂല്യങ്ങളിൽനിന്നു തെല്ലും വ്യതിചലിക്കാതെ ജനാധിപത്യ-മതേതര ദർശനങ്ങളെയും മാനവസ്നേഹത്തെയും മുറുകെപ്പിടിച്ചു മുന്നേറുന്നു എന്നത് എത്രയോ പ്രചോദനാത്മകമാണ്! പ്രതീക്ഷ നിറഞ്ഞ പുതിയ ചക്രവാളത്തിന്റെ ഭാവിയിലേക്ക് ദീപിക കരുത്തോടെ ചിറകടിച്ചുയരട്ടേ എന്ന് പ്രാർഥിക്കുന്നു. സ്നേഹാശംസകൾ!
- ഡോ. രേഖ മാത്യൂസ് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ചങ്ങനാശേരി അതിരൂപത.
Leader Page
1887ലെ വിഷുദിനത്തിൽ പിറന്നുവീണ നസ്രാണി ദീപിക 140 വർഷങ്ങൾ പിന്നിടുന്പോൾ ഇതിഹാസ തുല്യമായ വായനാനുഭവമാണ് മലയാളത്തിനു നൽകിയിട്ടുള്ളത്.
ലോക മഹായുദ്ധങ്ങൾ, സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ, ജനാധിപത്യ ഇന്ത്യ, തെരഞ്ഞെടുപ്പുകൾ, ഭരണമാറ്റങ്ങൾ, രാഷ്ട്ര നേതാക്കളുടെ വിടവാങ്ങലുകൾ, ഭൂപരിഷ്കരണം, സാംസ്കാരിക, സാഹിത്യ മേഖലകൾ, കർഷകർക്കുവേണ്ടിയുള്ള ഇടപെടലുകൾ, സാമൂഹിക തിന്മകൾക്കെതിരേയുള്ള പോരാട്ടം, വെള്ളപ്പൊക്കം, കൊറോണ തുടങ്ങി എണ്ണിയാൽ തീരാത്തതും ചരിത്രപരവുമായ വാർത്തകളിലൂടെ ദീപിക മലയാളികൾക്കു നൽകിക്കൊണ്ടിരിക്കുന്ന വായനാനുഭവങ്ങൾ എടുത്തുപറയേണ്ടതു തന്നെയാണ്.
മലയാള മാധ്യമ രംഗത്ത് ഇന്നു തനതായ വ്യക്തിത്വം നിലനിർത്തി മുന്നേറുന്ന അക്ഷര മുത്തശിയുടെ 140-ാമത് വാർഷികാഘോഷങ്ങൾ നിറമുള്ളതാകട്ടെ. തലമുറകളെ ചേർത്തു പിടിച്ചുള്ള പ്രയാണത്തിൽ കരുത്തോടെ മുന്നോട്ടു നീങ്ങാൻ ദീപികയ്ക്കു കഴിയട്ടേയെന്ന് ആശംസിക്കുന്നു.
- ബ്ലസി (ചലച്ചിത്ര സംവിധായകൻ).
Leader Page
പാരമ്പര്യവും സംസ്കാരവും മൂല്യങ്ങളും നിലനിർത്തിക്കൊണ്ടുള്ള വാർത്തകളുടെ തെരഞ്ഞെടുപ്പ്, എഡിറ്റിംഗ്, ലേ ഔട്ട് തുടങ്ങി വാർത്താ വിശകലനങ്ങളിൽ വരെ ബദ്ധശ്രദ്ധ പുലർത്തുന്നതുകൊണ്ടാണ് ദീപിക മറ്റു പത്രങ്ങളിൽനിന്ന് വ്യത്യസ്തമായിരിക്കുന്നത്. അങ്ങനെയാണ് ദീപിക വ്യക്തിത്വ-മനഃസാക്ഷി രൂപീകരണത്തിനുള്ള ഉപകരണമായിത്തീർന്നിട്ടുള്ളത്.
കർഷകർ നേരിടുന്ന പ്രതിസന്ധികൾ, മലയോരമേഖലയിലെ ജനജീവിതം, രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക മേഖലകളിലുള്ള ഇടപെടലുകൾ, മതസഹിഷ്ണുത, പൗരാവകാശ-ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണം തുടങ്ങി നിത്യജീവിതത്തിലെ ഏതാണ്ടെല്ലാ മേഖലകളിലുമുള്ള ദീപികയുടെ ഇടപെടൽ മാതൃകാപരമാണെന്നതിനു സംശയമില്ല. ഏറ്റവും പ്രധാനമായി തലമുറകളെ സ്വാധീനിക്കുന്ന, രൂപപ്പെടുത്തുന്ന വിദ്യാഭ്യാസരംഗത്ത് ദീപികയോളം ഇടപെടലും മാർഗനിർദേശങ്ങളും നൽകിയിട്ടുള്ള മറ്റൊരു പത്രം കേരളത്തിലില്ലെന്നതാണ് സത്യം.
അര നൂറ്റാണ്ടു പിന്നിടുന്ന എന്റെ ജീവിതത്തിലെ അക്ഷരക്കൂട്ടുകെട്ടുകൾക്ക് ദീപികയോളം പങ്കുവഹിച്ച മറ്റൊന്നില്ല. എന്റെ വ്യക്തിത്വ രൂപീകരണത്തിലും മനഃസാക്ഷി രൂപീകരണത്തിലും അതിനിർണായക സ്വാധീനം ചെലുത്തിയിട്ടുള്ളത് ദീപികയുടെ മുഖപ്രസംഗങ്ങളും ലേഖനങ്ങളുമാണ്. മൂല്യങ്ങളും പൈതൃകവും സംസ്കാരവും കാത്തുസൂക്ഷിച്ചുകൊണ്ട് 140-ാം വർഷത്തിലും പൊതുസമൂഹത്തിന്റെ കാവലാളായി സധൈര്യം തുടരുന്ന ദീപികയ്ക്ക് ഭാവുകങ്ങൾ.
- ഷിനു ആനത്താരയ്ക്കൽ(രാമപുരം സെന്റ് അഗസ്റ്റിൻസ്എച്ച്എസ്എസ് അധ്യാപകൻ,എഴുത്തുകാരൻ
Leader Page
മലയാളത്തിലെ പ്രഥമദിനപത്രമായ ദീപിക കേരള സമൂഹത്തിനു നൽകിയ സംഭാവനകൾ നിസ്തുലമാണ്. മലയാള ഭാഷയുടെയും കേരളീയ സംസ്കാരത്തിന്റെയും വളർച്ചയ്ക്കും സമത്വവും സാമൂഹ്യനീതിയും കരഗതമാക്കുന്നതിനും ദീപിക വഹിച്ച പങ്ക് വളരെ വലുതാണ്.
നാടിന്റെ സാമൂഹ്യമാറ്റത്തിന്റെ ചാലകശക്തിയായിരുന്നു ദീപിക എന്നുപറയുന്നതിൽ അഭിമാനമുണ്ട്. നമ്മെ അന്നമൂട്ടുന്ന കർഷകരുടെ കണ്ണീരും ദുരിതവും തുറന്നുകാട്ടാനും അവരുടെ അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്താനും ദീപിക ആർജവം കാണിച്ചു.
സ്ത്രീകൾ, കുട്ടികൾ, യുവജനങ്ങൾ, വയോധികർ, തൊഴിൽരഹിതർ, അശരണർ എന്നിവരുടെ പ്രശ്നങ്ങൾ അധികാരികൾക്കു മുന്നിൽ കൊണ്ടുവരാനും പത്രത്തിന് കഴിഞ്ഞിട്ടുണ്ട്. വർഗീയതയുടെ വിത്ത് മുളച്ച് പടർന്നു പന്തലിക്കാതിരിക്കാൻ മതേതരത്വത്തിന്റെ കാവലാളായി നിലകൊള്ളാനും ദീപിക ശ്രദ്ധിക്കുന്നു. ശതോത്തര റൂബി ജൂബിലി ആഘോഷിക്കുന്ന ദീപികയ്ക്ക് ഭാവുകങ്ങൾ.
-മേഴ്സി ജോസ് തര്യൻ ഇലഞ്ഞിക്കൽ (കുട്ടികളുടെ ഗ്രാമമായ മൂലമറ്റം ഗീത വില്ലേജ്,
സ്നേഹവില്ല എന്നിവയുടെ സ്ഥാപക).
Leader Page
മലയാള മാധ്യമ ചരിത്രത്തിൽ സത്യത്തിന്റെ പ്രകാശഗോപുരമായി നിൽക്കുന്ന ദീപിക അഭിമാനകരമായ നൂറ്റിനാല്പതാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഹൃദയംഗമമായ ആദരവ് രേഖപ്പെടുത്തുന്നു.
അശരണർക്കും അധഃസ്ഥിതർക്കും വേണ്ടി ശബ്ദമുയർത്തിയ കത്തോലിക്കാ സഭയുടെ ഉദാത്ത ദർശനങ്ങളിൽനിന്നു ജന്മമെടുത്ത ‘നസ്രാണി ദീപിക’ തുടക്കം മുതൽക്കേ സമൂഹത്തിന്റെ ശക്തമായ ശബ്ദമായിരുന്നു.
കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കൊപ്പം സഞ്ചരിച്ച്, കഴിഞ്ഞ ഒന്നര നൂറ്റാണ്ടോളമായി മലയാളിയുടെ പ്രഭാതങ്ങളെ അറിവുകൊണ്ട് ധന്യമാക്കാൻ ദീപികയ്ക്കു സാധിച്ചു. സത്യത്തോടും മൂല്യങ്ങളോടും വിട്ടുവീഴ്ച ചെയ്യാതെ, വാർത്തകളുടെ സുതാര്യത ഉറപ്പാക്കി ജനഹൃദയങ്ങളിൽ ഇടം നേടാൻ ഈ പത്രത്തിനു കഴിഞ്ഞു.
പ്രതിഭാശാലികളായ പത്രാധിപന്മാരുടെയും എഴുത്തുകാരുടെയും ഒരു വലിയ നിര തന്നെയാണ് ദീപികയുടെ വിജയവഴിയിൽ വെളിച്ചം വീശിയത്. അന്നും ഇന്നും ദീപികയുടെ മുഖപ്രസംഗങ്ങൾ സമകാലിക സമൂഹത്തിൽ ഏറ്റവും ആഴത്തിൽ വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു.
ജാതിമത ഭേദമെന്യേ മലയാളികളായ വായനക്കാരുടെ മനസുകളിൽ ഈ പത്രം സാംസ്കാരിക സമന്വയത്തിന്റെ അടയാളമായി ഇടംപിടിച്ചു. പിന്നിട്ട 140 വർഷത്തെ ദീപ്തമായ ഈ യാത്ര, വരുംതലമുറകൾക്കു മാധ്യമധർമത്തിന്റെ ഉദാത്ത മാതൃകയും പ്രചോദനവുമാണ്. ദീപിക സമൂഹത്തിനു വെളിച്ചമായി ഇനിയും പ്രയാണം തുടരുമെന്നതിൽ സംശയമില്ല.
-മാർ തോമസ് തറയിൽ, ചങ്ങനാശേരി ആർച്ച്ബിഷപ്
Leader Page
നീതിപൂർവകമായ പത്രപ്രവർത്തനത്തിന്റെ 140 വർഷങ്ങൾ എന്നു പറഞ്ഞാൽ അതു രാജ്യത്തിനും സമൂഹത്തിലും ലഭിച്ച വലിയ സംഭാവനയാണ്. ജനാധിപത്യം ശക്തിപ്പെടാതിരുന്ന കാലത്ത് നമുക്ക് അത്ര എളുപ്പമായിരുന്ന ഒന്നല്ല നീതിപൂർവമായ മാധ്യമപ്രവർത്തനം.
ജനാധിപത്യത്തിൽ നമുക്കു കിട്ടിയ വലിയ നന്മയും ഊർജവുമാണ് സജീവമായ മാധ്യമപ്രവർത്തനം എന്നു പറയാം. 140 വർഷമായി ശബ്ദമില്ലാത്തവരുടെ ശബ്ദമായി, കക്ഷിരാഷ്ട്രീയ സമ്മർദങ്ങൾക്കൊന്നും വഴങ്ങിക്കൊടുക്കാതെ, ജനാധിപത്യ ബോധ്യങ്ങളിൽ അടിസ്ഥാനപ്പെടുത്തി, മുന്നോട്ടു പോകുന്ന ദീപികയുടെ മുഴുവൻ പ്രവർത്തനങ്ങൾക്കും എല്ലാവിധ ആശംസകളും നേരുന്നു.
-ആൻ സെബാസ്റ്റ്യൻ സ്റ്റേറ്റ് സീനിയർ വൈസ് പ്രസിഡന്റ്
കെഎസ്യു
District News
തൊടുപുഴ: മിനി സിവില്സ്റ്റേഷനിലെത്തുന്നവര്ക്ക് തണലും ശീതളിമയും നല്കി പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന ആല്മരങ്ങളില് പതിഞ്ഞിരിക്കുന്നത് ഒരു കൂട്ടം പ്രകൃതി സ്നേഹികളുടെ കൈയൊപ്പ്. വര്‍ഷങ്ങള്‍ക്കു മുമ്പ് പരിസ്ഥിതി ദിനത്തില്‍ സിവില്‍ സ്റ്റേഷന് വളപ്പില്‍ തൈകള്‍ നട്ട ശേഷം ഇവയുടെ പരിപാലനത്തിനായി ഇടയ്ക്കിടെ എത്തുന്നതും ഇവരുടെ പതിവായിരുന്നു. എല്ലാ പരിസ്ഥിതി ദിനത്തിലും ഇവിടെ ഒത്തുകൂടി വൃക്ഷങ്ങളുടെ ജന്മദിനം ആഘോഷിക്കുന്നതും ഈ കൂട്ടായ്മയുടെ പ്രത്യേകതയാണ്.
തൊടുപുഴ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫാര്‍മേഴ്സ് ക്ലബ്ബാണ് ഈ ഉദ്യമത്തിനു നേതൃത്വം നല്‍കുന്നത്. 2012 ജൂണ്‍ അഞ്ചിനാണ് സിവില്‍ സ്റ്റേഷന് വളപ്പില്‍ തണലേകാനായി ആല്മരങ്ങള് നട്ടത്. വെള്ളമൊഴിച്ചും വളമേകിയും മരങ്ങളുടെ വളര്‍ച്ച ക്ലബ് അംഗങ്ങള്‍ നിരീക്ഷിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ തൈകള്‍ നശിപ്പിക്കാതിരിക്കാന്‍ വേലി കെട്ടി സംരക്ഷിച്ചു. മരങ്ങള്‍ വളര്‍ന്നു വലുതായതോടെ ഇതില്‍ പേരും നട്ട വര്‍ഷവും എഴുതി പ്രദര്‍ശിപ്പിച്ചു.
14 വര്‍ഷമായി ക്ലബ് അംഗങ്ങള്‍ മരങ്ങളുടെ ജന്മദിനം ആഘോഷിച്ചുവരുന്നു. മരങ്ങളുടെ വയസിന്റെ കണക്ക് പ്രകാരം മെഴുകുതിരികള്‍ തെളിച്ചാണ് ജന്മദിനാഘോഷം നടത്തുന്നത്. ആഘോഷത്തില്‍ കൃഷി, റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സിവില്‍ സ്റ്റേഷനിലെ ജീവനക്കാരുടെ സജീവ പങ്കാളിത്തമുണ്ട്.
ആല്‍മരത്തിനു പുറമേ സിവില്‍ സ്റ്റേഷന് വളപ്പ് വര്‍ണാഭമാക്കാന്‍ കോളാമ്പിച്ചെടികളും ഇന്‍ഡോര്‍ പ്ലാന്റുകളും ഓക്സിജന്റെ അളവു വര്‍ധിപ്പിക്കുന്ന ചെടികളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഫാര്‍മേഴ്സ് ക്ലബ് പ്രസിഡന്റ് ടോം ചെറിയാന്, സെക്രട്ടറി രാജീവ് പാടത്തില്‍, ട്രഷറര്‍ ഷൈജോ ചെറുനിലം എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Leader Page
140-ാം വർഷത്തിലും ദീപിക മികവിലും ഉന്നത മൂല്യാധിഷ്ഠിത നിലവാരത്തിലും മലയാള ദിനപത്രങ്ങളിൽ പ്രഥമ സ്ഥാനം അലങ്കരിക്കുന്നു.
കത്തോലിക്ക സഭയുടെ ധാർമിക പിന്തുണയിലും നേതൃത്വത്തിലും പ്രവർത്തിക്കുന്ന ദീപികയ്ക്ക് അവസരവാദ നിലപാടുകൾ സാധ്യമല്ല. മാറിവരുന്ന സർക്കാരുകളെയും രാഷ്ട്രീയ പാർട്ടികളെയും മുൻവിധിയോടെ പിന്തുണയ്ക്കാനോ വിരുദ്ധമായി കാണാനോ ദീപിക ശ്രമിക്കാറില്ല. കേരളത്തിന്റെ സമഗ്ര വികസനത്തിനായി ആത്മാർഥമായി പ്രവർത്തിച്ച മഹനീയ സേവനപാരമ്പര്യം ദീപികയ്ക്കുണ്ട്.
കേരളത്തിൽ മതമൈത്രി നിലനിർത്താൻ ദീപിക വലിയ നേതൃത്വം വഹിച്ചിട്ടുണ്ട്. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ, വ്യക്തമായ നയം... ദീപിക കഴിഞ്ഞ കാലങ്ങളിൽ വിശ്വസ്തതയോടെ നിർവഹിച്ചു; അഭിനന്ദനങ്ങൾ.
മനുഷ്യജീവനെ ആദരിക്കുകയും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ജീവന്റെ പ്രൊ ലൈഫ് സംസ്കാരത്തിന് ദീപിക വലിയ പ്രാധാന്യം നൽകിവരുന്നു. യുദ്ധം, ലഹരിവ്യാപനം, അക്രമങ്ങൾ, കൊലപാതകം, അബോർഷൻ, ആത്മഹത്യ, വയോജന സംരക്ഷണം, ഭിന്നശേഷി സംരക്ഷണം, വലിയ കുടുംബങ്ങളുടെ ആവശ്യകത തുടങ്ങിയ വിഷയങ്ങളിൽ മറ്റ് മലയാള പത്രങ്ങളേക്കാൾ വ്യക്തമായ നിലപാടും ഉറച്ച ശബ്ദവും ദീപികയ്ക്കുണ്ട്. ‘മനുഷ്യരാണ് പ്രധാന സമ്പത്ത്, ജീവിതമാണ് യഥാർഥ ലഹരി’ എന്ന് ദീപിക ആവർത്തിച്ചു പ്രഖ്യാപിക്കുന്നു, മലയാളികളെ പഠിപ്പിക്കുന്നു.
സാബു ജോസ്
(പ്രൊ ലൈഫ് ഗ്ലോബൽ ഫെലോഷിപ് ചെയർമാൻ, കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതിയുടെ ആനിമേറ്റർ)
Leader Page
ചരിത്രത്തോടൊപ്പം നടക്കുകയും ചരിത്രത്തെ വഴിനടത്തുകയും ചെയ്ത മലയാളത്തിലെ പ്രഥമ ദിനപത്രമാണ് ദീപിക. സത്യത്തിനും നേരിനും ഒപ്പം എന്നും നിലയുറപ്പിച്ചു. ഇക്കാലമത്രയും നീതി നിഷേധിക്കപ്പെടുന്നവന്റെയും അവകാശങ്ങൾ അടിച്ചമർത്തപ്പെടുന്നവന്റെയും ശബ്ദമാകാൻ ദീപികയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
കർഷകർ, തൊഴിലാളികൾ, സ്ത്രീകൾ തുടങ്ങി സമസ്ത ജനവിഭാഗങ്ങളും നേരിടുന്ന പ്രതിസന്ധികളും ദുരിതങ്ങളും ഉൾപ്പെടെയുള്ള ജീവിത യാഥാർഥ്യങ്ങൾക്കു നേരേ പിടിച്ച കണ്ണാടി കൂടിയായിരുന്നു ദീപിക. ഇവ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്നു കഷ്ടതയും പ്രയാസവും അനുഭവിക്കുന്നവർക്ക് ആശ്വാസം നൽകാൻ ദീപികയ്ക്കു കഴിഞ്ഞിട്ടുണ്ട്. ഇനിയും അത് അങ്ങനെതന്നെ തുടരണം.
കർഷകർക്ക് പട്ടയം നേടിക്കൊടുക്കാൻ ദീപിക നടത്തിയ ഐതിഹാസിക പോരാട്ടങ്ങൾ ഒരിക്കലും വിസ്മരിക്കാൻ കഴിയുന്നതല്ല.
ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ അധികാരകേന്ദ്രങ്ങളുടെ തെറ്റുകൾ ചൂണ്ടിക്കാണിച്ചുകൊണ്ട്, തിരുത്തൽശക്തിയായി മാറാനും ദീപികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും ശക്തമായ നിലപാടുകളുടെയും 140 ദീപ്തവർഷങ്ങളിലേക്ക് കടക്കുന്ന ദീപികയ്ക്ക് എല്ലാ ആശംസകളും നേരുന്നു.
-അഡ്വ. ബിന്ദു കൃഷ്ണ
(തൊഴിൽ, വനിതാ-ശിശുക്ഷേമ, ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പ് മന്ത്രി)
Leader Page
ദീപികയെക്കുറിച്ചു പറയുമ്പോൾ പഴയൊരു മുഖപ്രസംഗമാണ് ഓർമയിൽ വരുന്നത്. കോൺഗ്രസിനെ ‘ശവപ്പറമ്പ്’ എന്നു വിശേഷിപ്പിച്ച് കെ. കരുണാകരനും മകൻ മുരളീധരനും ഡിഐസി എന്ന പുതിയ പാർട്ടിയുണ്ടാക്കി, ഒടുവിൽ കോൺഗ്രസിന്റെ വാതിൽക്കൽത്തന്നെ തിരികെ വന്നു മുട്ടിയതിനെ പരാമർശിച്ച് എഴുതിയ മുഖപ്രസംഗമായിരുന്നു അത്. ‘ശവപ്പറമ്പിലേക്ക് സ്വാഗതം’ എന്നായിരുന്നു ശീർഷകം.
അതുപോലെ, ആദ്യ കമ്യൂണിസ്റ്റ് സർക്കാരിനെതിരേ നടന്ന വിമോചനസമരകാലത്ത് ‘ഗ്വാട്ടിമാലയും കേരളവും’ എന്ന ശീർഷകത്തിൽ ഈ ലേഖകൻ എഴുതിയ ലേഖനത്തിന്റെ പേരിൽ അന്നത്തെ ചീഫ് എഡിറ്ററായിരുന്ന ആന്റണി നരിതൂക്കിലച്ചൻ ഒന്നാം പ്രതിയായും ഞാൻ രണ്ടാം പ്രതിയായും ഇഎംഎസ് സർക്കാർ എടുത്ത കേസും ഓർമവരുന്നു.
ആരെയും ഭയക്കാതെ സത്യം വിളിച്ചുപറയാൻ ദീപികയല്ലാതെ മറ്റൊരു പത്രം അന്നില്ലായിരുന്നു; ഇന്നും. ശതോത്തര റൂബി ജൂബിലിയിലെത്തിയ ദീപികയ്ക്ക് ആശംസകൾ.
- ജോ മുറികല്ലേൽ
District News
ഇരിട്ടി: ലയൺസ് ക്ലബ് ഓഫ് ഇരിട്ടിയുടെ ചാർട്ടർ നൈറ്റ് ആഘോഷവും രണ്ടാം വൈസ് ഡിസ്ട്രിക്ട് ഗവർണറുടെ ഔദ്യോഗിക സന്ദർശനവും നടന്നു. ലയൺസ് ഹാളിൽ നടന്ന ചടങ്ങ് ലയൺസ് ഡിസ്ട്രിക്ട് രണ്ടാം വൈസ് ഗവർണർ പി.എസ്. സൂരജ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് അർച്ചന റെജി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ജോളി അഗസ്റ്റിൻ റിപ്പോർട്ട് അവതരിപ്പിച്ചു. ആദ്യ വൈസ് പ്രസിഡന്റ് വി.ജി. സുനിൽ മുഖ്യാതിഥിയെ പരിചയപ്പെടുത്തി. തുടർന്ന് ക്ലബിന്റെ മുൻകാല പ്രസിഡന്റുമാരെ ചടങ്ങിൽ ആദരിച്ചു.
കെ.ജെ. ജോസ്, ഭാരവാഹികളായ സുരേഷ് ബാബു, ജോസഫ് സ്കറിയ, ടി.ഡി. ജോസ്, മിലൻ സുരേഷ്, റെജി തോമസ്, എൻ. കൃഷ്ണൻ, വി.പി. സതീശൻ, ലിയോ ഐഷിത റെജി, ട്രഷറർ എ. കുഞ്ഞിരാമൻ നമ്പ്യാർ, കെ.ടി. അനൂപ് എന്നിവർ പ്രസംഗിച്ചു.
Leader Page
മലയാളി സമൂഹത്തിൽ പത്രവായനാ സംസ്കാരത്തിന് അക്ഷരശ്രീ കുറിച്ച ദീപിക ദിനപത്രം, 140 വയസിലെത്തിയിരിക്കുന്നുവെന്നത് എനിക്കും സന്തോഷവും അഭിമാനവുമാണ്. കേരളീയർ തങ്ങളുടെ തനിമകളുടെ ഭാഗമാക്കി ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നതാണ് പത്രവായനാശീലം.
അത് ഈ നാടിന്റെ സാംസ്കാരിക സൗന്ദര്യത്തിന്റെ അടയാളപ്പെടുത്തൽ കൂടിയാണ്. പുതുതലമുറയിലും വായനാ ശീലം വളരട്ടെ.
വാർത്തകളിൽ സത്യത്തിനും മൂല്യങ്ങൾക്കുമൊപ്പം പത്രലോകത്തെ പാരന്പര്യത്തിന്റെ തിളക്കവും അവകാശപ്പെടാവുന്ന ദീപിക, എക്കാലവും കലാരംഗത്തുള്ളവർക്കും പ്രചോദനം പകർന്നിട്ടുണ്ട്. ഇനിയും മാധ്യമലോകത്ത് ഉജ്വലശോഭയോടെ പ്രകാശിക്കാൻ ദീപികയ്ക്കു സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.
-മമ്മൂട്ടി
Leader Page
ദീപിക വെറുമൊരു പത്രമല്ല. മലയാളികളെ അക്ഷരം വായിക്കാൻ പഠിപ്പിച്ച പത്രമാണ്. മലയാളിയുടെ സംസ്കാര രൂപീകരണത്തിൽ നിർണായകമായ പങ്ക് വഹിച്ച പത്രമാണ്.
ദീപികയുടെ തുടർച്ചയാണ് മലയാളത്തിലെ സകല പത്രങ്ങളും. ആ മഹത്തായ സാംസ്കാരിക പാരമ്പര്യം ഇന്നും തുടരുന്നുണ്ട്. പല പ്രമുഖ മാധ്യമങ്ങളുടെയും ഉന്നത സ്ഥാനത്ത് എത്തിയിരിക്കുന്നവരുടെ പരിശീലന കളരി ദീപികയാണ്.
അഭിമാനത്തോടെ മാത്രമേ എന്റെ ദീപിക ദിനങ്ങൾ ഞാൻ ഓർക്കാറുള്ളൂ. ജേർണലിസം പഠിച്ച ശേഷം ഫ്രീലാൻസറായി ദീപിക അടക്കം മിക്ക പത്രങ്ങളിലും വാരികകളിലും എഴുതുകയും ഓൾ ഇന്ത്യ റേഡിയോയിൽ പരിപാടി അവതരിപ്പിക്കുകയും ചെയ്തിരുന്ന സമയത്ത് ഞാൻ ദീപികയിൽ പ്രസിദ്ധീകരിച്ച ഒരു പരമ്പരയാണ് എന്നെ ദീപിക കുടുംബാംഗം ആക്കി മാറ്റിയത്.
ഏതെങ്കിലും മത-രാഷ്ട്രീയ-സാമ്പത്തിക ശക്തികൾക്ക് വേണ്ടി വാർത്ത എഴുതുകയോ മുക്കുകയോ ചെയ്യേണ്ട ഗതികേട് ദീപികയിൽ ഇല്ല. വാർത്തയാണ് വലുത്, മറ്റെല്ലാം അതിനു പിന്നിലാണ്. വാർത്തകളോട് ഇത്രയും സത്യസന്ധത പുലർത്തുന്ന വേറൊരു പത്രം ഉണ്ടോ എന്ന് എനിക്കു സംശയമാണ്.
സാമ്പത്തിക-സമുദായ-രാഷ്ട്രീയ ശക്തികളുടെ സമ്മർദത്തെ അതിജീവിക്കാനാവാതെ മാധ്യമപ്രവർത്തനം വലിയ വെല്ലുവിളി നേരിടുന്ന ഇക്കാലത്ത് സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് ഇപ്പോഴും സ്കോപ് ഉണ്ട് എന്ന് തെളിയിക്കുകയാണ് 140 വർഷത്തെ പാരമ്പര്യവുമായി ദീപിക എന്ന മലയാളത്തിലെ ആദ്യ ദിനപത്രം.
-ഷാജൻ സ്കറിയ മാധ്യമ പ്രവർത്തകൻ
Leader Page
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന പത്രങ്ങളിലൊന്നായ ദീപിക 140-ാം വാർഷികം ആഘോഷിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. മികവുറ്റ പത്രപ്രവർത്തനത്തിന് ദീപികയ്ക്ക് ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ഉള്ളടക്കംകൊണ്ടും ഉയര്‍ത്തുന്ന നിലപാടുകള്‍കൊണ്ടും പത്രം വ്യത്യസ്തത പുലര്‍ത്തുന്നതിന്റെ മകുടോദാഹരണമാണ് ഈ പുരസ്കാര ലഭ്യതകൾ. മലബാറിൽ ദീപിക ഈയടുത്ത് വീണ്ടും സജീവമായതിൽ ഏറെ സന്തോഷമുണ്ട്.
ദീപിക പ്രസിദ്ധീകരണങ്ങളിൽപ്പെട്ട രാഷ്ട്രദീപിക നേരത്തെ വായിക്കാറുണ്ടായിരുന്നു. ദീപിക പത്രവും ഇപ്പോൾ വായിക്കാൻ ഇടയാകാറുണ്ട്.140 വർഷം പിന്നിടുന്ന ദീപികയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
സുധി കോഴിക്കോട് (കാതൽ ഫെയിം) സിനി ആർട്ടിസ്റ്റ്,ബാലുശേരി.
Leader Page
കുട്ടിക്കാലം മുതല്‍ ഏറ്റവുമധികം കണ്ടു പരിചയിച്ച പത്രം ദീപികയാണ്. ഏതു വിഷയമുണ്ടായാലും അതില്‍ ഏറ്റവും സുവ്യക്തമായ നിലപാടുകള്‍ക്കായി ആദ്യം നോക്കുന്ന പത്രവും ദീപികയാണ്.
ഇപ്പോഴും ആ ശീലത്തില്‍ മാറ്റമില്ല. സ്കൂള്‍ പഠനകാലം മുതല്‍ പൊതുവിജ്ഞാനം വര്‍ധിപ്പിച്ചതും അന്തര്‍ദേശീയ കാര്യങ്ങളില്‍ വരെ വ്യക്തമായ കാഴ്ചപ്പാടുകള്‍ മനസില്‍ രൂപപ്പെടുത്തിയെടുത്തതും ദീപികയിലൂടെയാണ്.
അഭിനയജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ഇപ്പോഴും ദീപിക പത്രമായാലും ഓണ്‍ലൈന്‍ എഡിഷനായാലും വായിച്ചുനോക്കാന്‍ സമയം കണ്ടെത്താറുണ്ട്.
-സിനി ഏബ്രഹാം, ചലച്ചിത്രതാരം
Leader Page
കേരളത്തിന്റെ സാമൂഹികമാറ്റങ്ങളുടെയും നവോത്ഥാന മുന്നേറ്റങ്ങളുടെയും സാക്ഷിയായ, ചാലകശക്തിയായി വർത്തിച്ച ‘ദീപിക’ നൂറ്റാണ്ടിന്റെ കെടാദീപ്തിയാണ്. പേരുപോലെ, വെളിച്ചവും തെളിച്ചവുമുള്ള ധാർമിക മൂല്യമാണ് ദീപികയുടെ ചാലകശക്തി. കേരളത്തിന്റെ പൊതുമണ്ഡലത്തിൽ നിലപാടുകൾ ഉയർത്തിപ്പിടിച്ചും വിമർശനാത്മകമായി സമീപിച്ചും ദീപിക നടത്തുന്ന നിരന്തരമായ ഇടപെടൽ ശ്രദ്ധേയമാണ്. തെറ്റായ പ്രവണതകളെ തിരുത്താനും ഇച്ഛാശക്തിയോടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും എഡിറ്റോറിയലിലൂടെയും വാർത്താവിന്യാസത്തിലൂടെയും ദീപികയ്ക്ക് സാധിക്കാറുണ്ട്.
കർഷകരുടെയും ന്യൂനപക്ഷ ജനവിഭാഗങ്ങളുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രശ്നങ്ങൾ പൊതുമധ്യത്തിലും ഭരണകൂടങ്ങളിലും എത്തിക്കുന്നതിൽ ദീപിക വഹിക്കുന്ന പങ്ക് എടുത്തുപറയേണ്ടതാണ്.
പൊതുപ്രവർത്തകൻ എന്ന നിലയിൽ എക്കാലവും ദീപികയോട് ചേർന്നുനിൽക്കാൻ സാധിച്ചതിനുള്ള സന്തോഷം അഭിമാനത്തോടെ പങ്കുവയ്ക്കട്ടെ. വ്യക്തിപരമായി എനിക്ക് നൽകിയ പിന്തുണയ്ക്കും സ്നേഹത്തിനും നിസീമമായ നന്ദി. ദീപികയുടെ ഉജ്വലമായ പ്രയാണം പതിന്മടങ്ങ് സൂര്യപ്രഭയോടെ തുടരട്ടെ.
- പി.സി. വിഷ്ണുനാഥ് ടൂറിസം-സാംസ്കാരിക മന്ത്രി
Leader Page
എന്റെ ഒരു കവിത ആദ്യമായി അച്ചടിമഷി പുരണ്ടുവരുന്നത് ദീപികയിലാണ്. കൃത്യമായി പറഞ്ഞാൽ കുട്ടികളുടെ ദീപികയിൽ. ആയിരത്തിതൊള്ളായിരത്തി എഴുപതുകളുടെ മധ്യത്തിൽ ആയിരുന്നു അത്.എന്റെ ഒരു കവിത ആദ്യമായി അച്ചടിമഷി പുരണ്ടുവരുന്നത് ദീപികയിലാണ്. കൃത്യമായി പറഞ്ഞാൽ കുട്ടികളുടെ ദീപികയിൽ.
ആയിരത്തിതൊള്ളായിരത്തി എഴുപതുകളുടെ മധ്യത്തിൽ ആയിരുന്നു അത്.എനിക്ക് സുഹൃത്തും ഗുരുനാഥനും ആയിരുന്ന കവിയും ഗാനരചയിതാവുമായ മുട്ടാർ ശശികുമാർ ആണ് എന്റെ ഒരു കവിത കണ്ട്, “ഇത് ഞാൻ ദീപികയ്ക്ക് കൊടുക്കട്ടെ” എന്ന് ചോദിച്ചത്. ഞാൻ അന്ന് പത്താം ക്ലാസ് കഴിഞ്ഞ ഘട്ടമായിരുന്നു. ഒരു കവിത അച്ചടിച്ച് വരിക എന്നത് എനിക്കു സ്വപ്നതുല്യമായ ഒരു കാര്യവും!അക്കാലത്ത് കുട്ടികളുടെ ദീപികയുടെ ചുമതല പ്രശസ്ത ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിക്കായിരുന്നു.
മുട്ടാർ ശശികുമാറിന്റെ അടുത്ത ബന്ധു. ആ സ്വാധീനം ഉപയോഗിച്ചാണ് മുട്ടാർ ശശികുമാർ കവിത വേളൂർ കൃഷ്ണൻകുട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. തൊട്ടടുത്ത ആഴ്ചതന്നെ കുട്ടികളുടെ ദീപികയിൽ കവിത അച്ചടിച്ച് വരികയും ചെയ്തു. എന്നാൽ ആ വഴിക്കാണ് കവിത പ്രസിദ്ധീകരിക്കപ്പെട്ടത് എന്നത് എന്റെ മനസിൽ ഒരു വിഷമം ഉണ്ടാക്കി.
ഇങ്ങനെയല്ലാതെ കവിത പ്രസിദ്ധീകരിക്കാൻ പറ്റുമോ എന്ന് ഒന്നറിയണമല്ലോ.രണ്ടാമത്തെ കവിത ഞാൻ നേരിട്ട് ‘പത്രാധിപർ, ദീപിക’ എന്ന മേൽവിലാസത്തിൽ അയച്ചു കൊടുത്തു.അക്കാലഘട്ടത്തിൽ ദീപിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ പ്രശസ്ത കവിയും ഗാനരചയിതാവും സംവിധായകനുമായ പി. ഭാസ്കരൻ ആയിരുന്നു. തൊട്ടടുത്ത ആഴ്ച എനിക്കൊരു പോസ്റ്റ് കാർഡ് കിട്ടി .
“കവിത നന്നായിട്ടുണ്ട്. ദീപിക ആഴ്ചപതിപ്പിൽ വൈകാതെ കവിത പ്രസിദ്ധീകരിക്കും” എന്നറിയിച്ചു കൊണ്ടുള്ള കത്ത് ആയിരുന്നു അത്. പി. ഭാസ്കരൻ എന്ന പേരും ഒപ്പും ഞാൻ ശ്രദ്ധിച്ചു.അങ്ങനെ മലയാളത്തിന്റെ അഭിമാനമായ ഭാസ്കരൻ മാഷാണ് എന്റെ കവിത ആദ്യമായി ഒരു പ്രധാന പ്രസിദ്ധീകരണത്തിൽ നൽകിയത് എന്ന് പറയാം.
പിൽക്കാലത്ത് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും വയലാർ അവാർഡും, സരസ്വതി സമ്മാനും ഒക്കെ ഏറ്റുവാങ്ങിയ സന്ദർഭങ്ങളിൽ ദീപികയിൽ അച്ചടിച്ചു വന്ന എന്റെ ആദ്യകവിത മനസിൽ തെളിഞ്ഞുവന്നിരുന്നു.140-ാം വർഷത്തിലെത്തിയ ദീപികയ്ക്ക് ആശംസകൾ.
- പ്രഭാവർമ
Leader Page
മലയാളത്തിലെ പ്രഥമ ദിനപത്രമായ ദീപിക ജനങ്ങളുടെ ഹൃദയത്തിൽ നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട്. സംസ്ഥാനത്താകമാനം വിവിധ തലങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തെ ഒരുപോലെ പരിഗണിക്കുന്ന നടപടികളാണ് യഥാർഥത്തിൽ ദീപിക ചെയ്തുകൊണ്ടിരിക്കുന്നത്.
മലയോര കർഷകർക്കുവേണ്ടിയുള്ള ഏറ്റവും ഉയർന്ന സ്വരം ദീപികയുടേതാണ്. കാർഷികമേഖലയിൽ പ്രവർത്തിക്കുന്നവരിൽ ആത്മവിശ്വാസം വളർത്തുന്ന തരത്തിൽ അവരുടെ പ്രശ്നങ്ങൾ പൊതുസമൂഹത്തിലെത്തിക്കാൻ ദീപിക എക്കാലവും മുൻകൈയെടുത്തിട്ടുണ്ട്.
കേരളത്തിന്റെ വിദ്യാഭ്യാസ മൂല്യങ്ങളുടെ മാറ്റുകൂട്ടാൻ ദീപിക മുൻനിരയിൽ പ്രവർത്തിക്കുന്നു. കേരളത്തിന്റെ പൊതുസംസ്കാരം മതസൗഹാർദത്തിന്റേതാണെന്നു തെളിയിക്കാൻ ദീപിക കൈക്കൊണ്ടിരിക്കുന്ന നിലപാടുകൾ കേരളജനതയ്ക്ക് റോൾമോഡലാണ്.
മലയാളഭാഷയുടെ വളർച്ചയ്ക്കുവേണ്ടി ദീപിക നൽകിയിരിക്കുന്ന സംഭാവനകൾ ആർക്കും നിഷേധിക്കാനാവില്ലെന്ന്, സൺഡേ ദീപികയിലടക്കം വരുന്ന ഫീച്ചറുകളും ലേഖനങ്ങളും മുടങ്ങാതെ വായിക്കുന്ന ഒരാൾ എന്ന നിലയിൽ എനിക്കു നിസംശയം പറയാനാകും.
സാമൂഹിക മാറ്റത്തിനുവേണ്ടിയും വ്യക്തികളുടെ ഔന്നിത്യത്തിനുവേണ്ടിയും, സമൂഹം പരിഗണിക്കാത്ത ജനവിഭാഗങ്ങളെ മുന്നോട്ടു കൊണ്ടുവരുന്നതിനുവേണ്ടിയും ദീപിക എടുത്തിരിക്കുന്ന മാതൃകാപരമായ പ്രവർത്തനം ചരിത്രത്തിൽ മായ്ക്കാനാവാതെ നിലനിൽക്കും. മലയാളിക്ക് ഏറ്റവും സുപരിചിതമായ ദീപിക ശതോത്തര റൂബി ജൂബിലി ആഘോഷിക്കുന്ന ഈ വേളയിൽ എല്ലാവിധ ആശംസകളും നേരുന്നു.
-തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കർ
Leader Page
ബാല്യകാലം മുതൽ ദീപികയിലൂടെയാണ് അക്ഷരങ്ങളുടെയും അറിവിന്റെയും പ്രഭാതങ്ങൾ ആരംഭിച്ചിരുന്നത്.
ഓരോ പ്രഭാതത്തിലും ദീപികയുമായെത്തുന്ന വിതരണക്കാരന്റെ സൈക്കിൾ ബെൽ എന്റെ മനസിൽ വലിയ ആവേശം ജനിപ്പിച്ചിരുന്നു. വനാന്തരങ്ങളിലൂടെ കാട്ടുവള്ളികളിൽ ഊഞ്ഞാലാടി നടക്കുകയും ക്രൂരന്മാരായ വന്യമൃഗങ്ങൾ ശാന്തതയോടെ ടാർസനു മുന്നിൽ വന്നു നിൽക്കുകയും ചെയ്യുന്ന കാഴ്ച കൗമാരത്തിന്റെ മനസിൽ സൃഷ്ടിച്ച വീരാരാധന ചെറുതല്ല.
തുടർന്നുവന്ന ഫാന്റവും മാൻഡ്രേക്കും ദീപികയിലെ പത്രത്താളുകളിലൂടെയാണ് അന്നത്തെ കുട്ടികളുടെ മനസിൽ നിറഞ്ഞുനിന്നത്. പിന്നീടുണ്ടായ പ്രസിദ്ധീകരണങ്ങൾ വായനക്കാരുടെയും പത്രത്തിന്റെയും വളർച്ചയിൽ നാഴികക്കല്ലായിത്തീർന്നു.
കുട്ടികളുടെ ദീപിക വിദ്യാർഥികൾക്ക് നൽകുന്ന ദിശാബോധവും കർഷകൻ മാസിക കാർഷിക മേഖലയ്ക്കു നൽകുന്ന സംഭാവനയും വിലപ്പെട്ടതാണ്. കർഷകൻ മാസികയുടെ ലക്കങ്ങളെല്ലാം കൃത്യതയോടെ വായിക്കുകയും അവ കാത്തുസൂക്ഷിക്കുകയും ചെയ്തു.
കാർഷികമേഖലയ്ക്ക് ദീപിക നൽകിയ പിന്തുണയുടെ പ്രത്യക്ഷ ഉദാഹരണമാണ് തൊടുപുഴയിലെ കേരള അഗ്രികൾച്ചറൽ ഡെവലപ്മെന്റ് സൊസൈറ്റി (കാഡ്സ്). കടുത്ത വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്ന കാർഷികമേഖലയെ മുന്നിൽക്കണ്ട് അത് പരിഹരിക്കുന്നതിനുള്ള പോരാട്ടം വരുംകാലങ്ങളിലും ദീപികയ്ക്ക് തുടരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
-ആന്റണി കണ്ടിരിക്കൽ പ്രസിഡന്റ് കാഡ്സ്, തൊടുപുഴ
Leader Page
സമൂഹത്തിന്റെ ഐക്യം ലക്ഷ്യമാക്കി ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനകാലത്ത് ആരംഭിച്ച ദീപിക ദിനപത്രം 14 ദശാബ്ദങ്ങൾ പിന്നിടുകയാണ്.
ഏറ്റവും എളിയവരായ ജനങ്ങൾക്കു നൽകുന്ന ഏതൊരു സേവനവും ദൈവികസമർപ്പണമാണെന്ന ക്രിസ്തുവിന്റെ സന്ദേശത്തെ ശിരസാവഹിച്ചു കേരളത്തിലും രാജ്യത്തുമാകെ സാമുദായിക ഐക്യം, മതമൈത്രി, രാഷ്ട്രനിർമാണ പ്രവർത്തനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കാൻ ദീപികയുടെ മൂല്യാധിഷ്ഠിത പത്രപ്രവർത്തനത്തിനു സാധിച്ചിട്ടുണ്ട്.
ആത്മീയതയിൽ അധിഷ്ഠിതമായ വ്യക്തിവികാസവും സമൂഹവികാസവും സാധ്യമാക്കുന്നതിലും സാമൂഹ്യ പരിഷ്കരണ-നവോത്ഥാന പ്രവർത്തനങ്ങളെയും പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിലും ദീപികയുടെ സംഭാവന വലുതാണ്. പ്ലാച്ചിമട, കൈനൂർ, ലാലൂർ എന്നിവിടങ്ങളിലെ പരിസ്ഥിതിപ്രശ്നങ്ങൾ അധികൃതരുടെ മുന്നിലെത്തിക്കാൻ ദീപികയ്ക്കു കഴിഞ്ഞു.
തൃശൂരിൽ പുതിയ മൃഗശാലയ്ക്കുവേണ്ടി നാലുപതിറ്റാണ്ടായി പ്രവർത്തിച്ച ഫ്രണ്ട്സ് ഓഫ് സൂവിന്റെ പ്രവർത്തനങ്ങൾക്കു വലിയ പിന്തുണ നൽകി. ഇതിന്റെ ഫലമായി പുത്തൂർ സുവോളജിക്കൽ പാർക്കിലൂടെ പക്ഷിമൃഗാദികൾക്കു മെച്ചപ്പെട്ട ആവാസവ്യവസ്ഥയും കേരളത്തിനു വിനോദസഞ്ചാരകേന്ദ്രവും സാധ്യമാക്കി. സർവരുടെയും ഉന്നമനം അഥവാ സർവോദയം സാധ്യാമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരാൻ ദീപികയ്ക്കു കഴിയട്ടെ. ആശംസകൾ.
-എം. പീതാംബരൻ, ഗാന്ധിയൻ, സർവോദയ ദർശൻ ചെയർമാൻ
Leader Page
എനിക്ക് ഏറെ പ്രിയപ്പെട്ട മലയാളത്തിൽ ഒരു ദിനപത്രം 140 വർഷം പൂർത്തിയാക്കി എന്നറിയുന്നത് വലിയ ആഹ്ലാദം പകരുന്നു.
മലയാളത്തിലെ ആദ്യ പത്രമാണ് ദീപിക എന്നത് ഓരോ മലയാളിക്കും എന്നപോലെ എനിക്കും സന്തോഷം പകരുന്നതാണ്. ദീപികയിൽ മുൻകാലങ്ങളിൽ സേവനം ചെയ്ത വിവിധ വൈദികരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നത് അഭിമാനത്തോടെ ഈ അവസരത്തിൽ ഓർക്കുന്നു.
കേരളത്തിന്റെ സാമൂഹികവും സംസ്കാരികവും പുരോഗമനപരവുമായ ചരിത്രത്തെയും നേട്ടങ്ങളെയും ദീപിക അവതരിപ്പിച്ചിട്ടുണ്ട്. കലാരംഗത്തുള്ളവരെ പ്രോത്സാഹിപ്പിക്കാൻ ദീപിക എക്കാലവും തയാറായി. സിനിമ വിശേഷങ്ങൾക്കായി ദീപിക ആരംഭിച്ച വാരികയും പലവട്ടം കണ്ടിട്ടുണ്ട്. സമൂഹത്തിന് മാർഗദീപമായി ദീപിക ഇനിയും ഏറെക്കാലം മുന്നോട്ടു സഞ്ചരിക്കട്ടെ.
-ഷീല, സിനിമാതാരം
NRI
കുവൈറ്റ് സിറ്റി: അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് കുവൈറ്റിലെ പ്രമുഖ റീട്ടെയിൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പർ പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
കുവൈറ്റിലെ നഴ്സുമാരുടെ കൂട്ടായ്മയായ ഇൻഫോക് പ്രതിനിധികളുമായി ചേർന്ന് ഗ്രാൻഡ് ഹൈപ്പർ ഫഹാഹീലിൽ നടന്ന ചടങ്ങിൽ ഇൻഫോക് പ്രതിനിധികളെ ആദരിച്ചു.
Leader Page
140 വര്‍ഷത്തിലെത്തി നില്ക്കുന്ന ദീപികയുമായി എനിക്ക് 60 വര്‍ഷത്തെ ആത്മബന്ധമാണുള്ളത്. ആദ്യകാലത്ത് ദീപികയുടെ എഡിറ്ററായിരുന്ന മുട്ടത്തു വര്‍ക്കിയുമായുള്ള അടുപ്പത്തില്‍ അദ്ദേഹത്തെ കാണുന്നതിനുമൊക്കെയായിട്ടാണ് ദീപികയില്‍ വരുന്നത്. അത് പിന്നീട് ദീപികയുമായുള്ള ആത്മബന്ധമായി ഇപ്പോഴും തുടരുന്നു.
കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്ന ദീപികയ്ക്ക് കേരളത്തിന്റെ സാംസ്കാരിക മേഖലയില്‍ വലിയ സ്ഥാനമാണുള്ളത്. നിര്‍മിതബുദ്ധിയുടെ ഇക്കാലത്തും മലയാളിയുടെ പുമുഖത്ത് എത്തുന്ന വാര്ത്താസരണിയായി ദീപികയെ എല്ലാവരും സ്വീകരിക്കുന്നു. 140 വര്‍ഷത്തിനിടയില്‍ ദീപകയ്ക്ക് അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടാക്കാന്‍ സാധിച്ചു.
കേരളത്തിന്റെ വളര്‍ച്ചയിലും പൊതുസമൂഹത്തിന്റെ ഉന്നമനത്തിലും ദീപികയ്ക്ക് നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിഞ്ഞു. മലയാളിയുടെ വായനാസംസ്കാരം ഊട്ടിയുറപ്പിക്കുന്നതിനു ദീപികയ്ക്ക് കഴിഞ്ഞു, ചലച്ചിത്രമേഖലയില്‍ വര്‍ത്തിക്കുന്ന എനിക്കും മറ്റു കലാകാരന്മാര്ക്കും ദീപികയും രാഷ്ട്രദീപിക സിനിമയും വളരെ വലിയ പ്രോത്സാഹനമാണ് നല്‍കിയത്.
വാര്‍ത്തകള്‍ അറിയിക്കുന്നതിനൊപ്പം പൊതുജനത്തിനും രാഷ്ട്രപുരോഗതിക്കും ഉതകുന്ന പുതിയ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ 140ന്റെ നിറവിലെത്തിയ ദീപികയ്ക്കു കഴിയട്ടെയെന്ന് ആശംസിക്കുന്നു.
-പ്രേംപ്രകാശ് ചലച്ചിത്രതാരം
Leader Page
കേരളത്തിന്റെ കാർഷിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളുടെ വളർച്ചയ്ക്ക് ദീപിക നൽകിയ സംഭാവനകൾ മറക്കാനാവാത്തതാണ്.
വിലത്തകർച്ച മൂലം കർഷകർ ദുരിതം അനുഭവിക്കുന്പോൾ അവർക്കുവേണ്ടി ശബ്ദമുയർത്താൻ ദീപിക എന്നും മുൻപന്തിയിലുണ്ടായിരുന്നു. സംസ്ഥാനത്തെ വിദ്യാഭ്യാസരംഗത്ത് വരുത്തേണ്ട കാലോചിതമായ മാറ്റങ്ങളെക്കുറിച്ചുള്ള ആശയങ്ങൾ അധികൃതരുടെ മുന്നിൽ എത്തിക്കാനും ദീപിക പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം, കുടിയിറക്ക്, മലയോര ജനതയുടെ പട്ടയപ്രശ്നങ്ങൾ എന്നീ വിഷയങ്ങളിൽ സ്വീകരിച്ച ശക്തമായ നിലപാട് അധികാരകേന്ദ്രങ്ങളിൽ സൃഷ്ടിച്ച ചലനങ്ങൾ ചെറുതല്ല. അക്ഷരത്തറവാട്ടിലെ പത്രമുത്തശിയായ ദീപിക എന്നും മൂല്യാധിഷ്ഠിതമായ പത്രപ്രവർത്തനമാണ് നിർവഹിച്ചുവരുന്നത്.
ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ നോക്കാതെ തെറ്റ് കണ്ടാൽ നഖശിഖാന്തം എതിർക്കാനും മൂർച്ചയേറിയ എഡിറ്റോറിയലുകളിലൂടെ തിരുത്തൽ ശക്തിയായി മാറാനും ദീപികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ശതോത്തര റൂബി ജൂബിലി ആഘോഷിക്കുന്ന ദീപികയ്ക്ക് ശബ്ദമില്ലാത്തവരുടെ ശബ്ദമായി തുടരാൻ കഴിയട്ടെ എന്നാശംസിക്കുന്നു.
-പി.ജെ. ജോസഫ് മുൻ മന്ത്രി
Leader Page
പ്രസിദ്ധീകരണത്തിന്റെ ഒന്നര നൂറ്റാണ്ടിലേക്കു നീങ്ങുന്ന ദീപിക കേരളീയരുടെ പ്രഭാതങ്ങളെ ധന്യമാക്കുന്ന പത്രമാണ്.
മറ്റു പത്രങ്ങളിൽനിന്ന് പല വ്യത്യസ്തതകളും ദീപികയ്ക്കുണ്ട്. സാംസ്കാരിക രംഗത്തിന് നിത്യേന നല്കുന്ന ഊന്നൽ തന്നെയാണ് അക്കൂട്ടത്തിൽ ഏറ്റവും പ്രധാനം. ഈ പത്രം നാൾക്കുനാൾ ഉയർച്ചയുടെ പടവുകൾ കയറട്ടെ എന്ന് ആശംസിക്കുന്നു.
വ്യക്തിപരമായ ഒരു സന്തോഷവുംകൂടി ഇതിനൊപ്പം പങ്കുവയ്ക്കട്ടെ. പ്രശസ്ത കവിയും ഗാനരചയിതാവും സംവിധായകനുമായ പി. ഭാസ്കരൻ മാസ്റ്റർ ദീപിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന കാലയളവിൽ ധാരാളം ചലച്ചിത്ര നിരൂപണം ആഴ്ചപ്പതിപ്പിൽ ഞാൻ എഴുതിയിരുന്നു. എന്റെ ചലച്ചിത്ര-ഗാന നിരൂപണ സപര്യയുടെ തുടക്കകാലത്തെ ആ അനുഭവങ്ങൾ മറക്കാൻ കഴിയാത്തതാണ്.
-ടി.പി. ശാസ്തമംഗലം
Kerala
മാന്നാനം: സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരും വിലയുള്ളവരാണെന്ന് വിശുദ്ധ ചാവറയച്ചൻ തന്റെ പ്രവർത്തനങ്ങളിലൂടെ സമൂഹത്തെ ബോധ്യപ്പെടുത്തിയെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിൽ.
സിഎംഐ സഭാ സ്ഥാപനത്തിന്റെ 195 -ാം വാർഷിക ദിനത്തിൽ മാന്നാനം സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
സിഎംഐ സഭയുടെ പ്രിയോർ ഫാ.ഡോ. പോൾ ആച്ചാണ്ടി, വികർ ജനറൽ, ജനറൽ കൗൺസിലർമാർ, വിവിധ പ്രൊവിൻസുകളിലെ പ്രൊവിൻഷ്യൽമാർ, പ്രൊവിൻഷൽ കൗൺസിലർമാർ തുടങ്ങിയവർ വിശുദ്ധ കുർബാനയിൽ സഹകാർമികരായിരുന്നു.
സഭാ സ്ഥാപനത്തിന്റെ ദ്വിശതാബ്ദിക്ക് മുന്നൊരുക്കമായി നടത്തിവരുന്ന ദശവത്സര ആഘോഷത്തോടനുബന്ധിച്ചുള്ള മാധ്യമവർഷാചരണത്തിന്റെ ഉദ്ഘാടനവും മാർ തോമസ് തറയിൽ നിർവഹിച്ചു.
വിശുദ്ധ ചാവറയച്ചനും പാലയ്ക്കൽ മല്പാനും പോരൂക്കര മല്പാനും ചേർന്ന് 1831 മേയ് 11ന് മാന്നാനം കുന്നിൽ ആശ്രമത്തിനും പള്ളിക്കും തറക്കല്ലിട്ടതിന്റെ വാർഷികദിനമാണ് സഭാസ്ഥാപന വാർഷികദിനമായി ആചരിക്കുന്നത്. ദശവത്സര ജൂബിലി ഉദ്ഘാടനം 2022 മേയ് 11നാണ് നടത്തിയത്.
Leader Page
സമുദായത്തിനു മാത്രമല്ല, മലയാളിക്കും ദീപിക ഒരു വികാരമാണ്. പൊതുസമൂഹത്തിന്റെ എല്ലാ വിഷയങ്ങളിലും, പ്രത്യേകിച്ച് അസംഘടിതരായ കർഷകർ നേരിടുന്ന അവഗണനയ്ക്കെതിരേ ഉറച്ച നിലപാടെടുത്ത പത്രമാണ് ദീപിക.
പാർശ്വവത്കരിക്കപ്പെട്ടവർക്കൊപ്പവും വിദ്യാഭ്യാസ മേഖലയുടെ ഉന്നതിക്കായും എന്നും നിലകൊണ്ടിരുന്ന പത്രം, നാട്ടിൽ സമാധാനവും സഹോദര്യവും കാത്തുസൂക്ഷിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാതെ പോരാടി.
വന്യമൃഗശല്യം, ന്യൂനപക്ഷ വേട്ട എന്നിവയ്ക്കെതിരേയും സാധാരണക്കാരുടെ പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും ദീപിക നടത്തിയിട്ടുള്ള ശ്രമങ്ങൾ മറക്കാനാവില്ല. ദീപികയ്ക്ക് പ്രത്യേക അജണ്ടകളോ താത്പര്യങ്ങളോ ഒരു കാലത്തും ഉണ്ടായിട്ടില്ല. ദീപികയുടെ പ്രസക്തി ഇന്നും വർധിച്ചുവരികയാണ്.
പൂർവികർ ഓരോ ദിനവും ആരംഭിച്ചിരുന്നത് ദീപിക വായിച്ചാണ്. എന്റെ കുടുംബത്തിലും ഈ മാതൃക പിന്തുടർന്നിരുന്നത് എനിക്ക് ഏറെ പ്രചോദനമായിരുന്നു. 140 വർഷം പിന്നിടുന്ന ദീപിക മലയാളികൾക്ക് എന്നും കെടാവിളക്കാണ്.
-അഡ്വ. ബിജു പറയന്നിലം കത്തോലിക്ക കോണ്‍ഗ്രസ് മുൻ ഗ്ലോബൽ പ്രസിഡന്റ്
Leader Page
എന്റെ ചെറുപ്പത്തില്‍ ഞാന്‍ കാണുന്ന ആദ്യത്തെ പത്രമാണ് ദീപിക. ദീപികയിലെ വാര്‍ത്തകള്‍ വായിച്ചാണ് ഒരു വായനാശീലത്തിലേക്ക് ഞാന്‍ കടന്നത്. സ്കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ ദീപികയില്‍ വരുന്ന വാര്‍ത്തകള്‍ വളരെ അതിശയത്തോടെയും കൗതുകത്തോടെയും ഞാന്‍ വായിക്കാറുണ്ടായിരുന്നു.
പിന്നീട് സിനിമാ മേഖലയില്‍ എത്തിയപ്പോള്‍ എന്റെ കലാജീവിതത്തിനു പ്രോത്സാഹനം നല്കുന്ന പത്രമായി മാറിയ ദീപിക എന്റെ സുഹൃത്തായി മാറി. സിനിമ മേഖലയില്‍ എത്തിയ എന്റെ ചിത്രം ആദ്യം അച്ചടിച്ചു വന്നത് ദീപികയിലാണ്. പിന്നീട് എന്റെ സിനിമാ ജീവിതത്തിലെ വളര്‍ച്ചയും വിജയവും ദീപികയുടെതന്നെ പ്രസിദ്ധീകരണമായ രാഷ്ട്രദീപിക സിനിമയിലൂടെ വന്നുകൊണ്ടിരുന്നു.
എന്റെ കലാജീവിതത്തിനു ദീപികയും രാഷ്ട്രദീപിക സിനിമയും വലിയ പിന്തുണയാണ് നല്കിയതും ഇപ്പോഴും നല്കികൊണ്ടിരിക്കുന്നതും. പത്രത്തറവാട്ടിലെ മുത്തശ്ശി എന്ന നിലയില്‍ ദീപിക 140 വര്‍ഷം പിന്നിട്ട് അതിന്റെ വാര്‍ത്താലോകത്തെ യാത്ര മുന്നോട്ടു പോകുകയാണ്. വാര്‍ത്തയിലെ സത്യസന്ധത, ഗുണമേന്മ, മുല്യങ്ങളിലും കാഴ്ചപ്പാടിലും സ്വീകരിക്കുന്ന ഉറച്ച നിലപാടുകള്‍ തുടങ്ങിയവ ദീപികയെ വ്യത്യസ്തമാക്കുന്നു.
കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ദീപിക എക്കാലവും മുമ്പിലുണ്ട്. കര്‍ഷകരുടെ പത്രമെന്ന പേരുമുണ്ട്. കര്‍ഷകരുടെ മാത്രമല്ല കലാകാരന്മാരുടെയും പത്രമാണ്
ദീപിക.
വിജയരാഘവന് ചലച്ചിത്രതാരം
Leader Page
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മലയാള ദിനപത്രമായതുകൊണ്ടു മാത്രമല്ല ഞാൻ ദീപിക ഇഷ്ടപ്പെടുന്നത്. അവളുടെ പ്രവാചകസ്വരംകൂടി കണക്കിലെടുത്താണ്. അതിനാൽതന്നെ പ്രഭാതത്തിലെ എന്റെ പ്രഥമ പരിഗണന ദീപികയ്ക്കാണ്.
140 വർഷം മുമ്പ് ആരംഭിച്ച നസ്രാണിദീപിക സമൂഹത്തിന്റെ മുഴുവൻ വെളിച്ചം അഥവാ എല്ലാവരുടെയും ജീവിതത്തിലെ വെളിച്ചം നൽകുന്നവൾ എന്ന അർഥമുള്ള ദീപിക ആയി മാറി എന്ന ചരിത്രവസ്തുത ഈ അവസരത്തിൽ ഞാൻ സന്തോഷപൂർവം ഓർത്തുകൊണ്ട് ജൂബിലിയുടെ ആശംസകൾ നേരുന്നു.
മലയാളഭാഷയുടെയും കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ സാംസ്കാരിക, ആധ്യാത്മിക, ചരിത്രത്തിന്റെയും വളർച്ചയിൽ വലിയ പങ്കുവഹിച്ച വെളിച്ചത്തിന്റെ പ്രതീകമായ ദീപിക എന്റെ വായനാശീലത്തെയും വർധിപ്പിച്ചിട്ടുണ്ട്.
വാർത്തയിലെ സത്യസന്ധതയും വീക്ഷണങ്ങളിലെ നീതിബോധവും സാമൂഹിക ഉന്നതിക്കായുള്ള സമർപ്പണഭാവവും 140-ാം വർഷത്തിലും ദീപികയെ സമൂഹത്തിന്റെ മനോഹരമായ വിളക്കായി അണയാതെ നിലനിർത്തണം എന്നു ആഹ്വാനം ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. തുടർന്നും പ്രവാചകദൗത്യം നിർവഹിക്കാൻ സത്യം നമ്മളെ ദീപികയിലൂടെ സ്വതന്ത്രരാക്കട്ടെ.
-ഡോ. പോൾ ആന്റണി മുല്ലശേരി, കൊല്ലം ബിഷപ്
Leader Page
കുട്ടിക്കാലത്ത് എഴുത്തുവഴിയിൽ പ്രകാശദീപമായി തെളിഞ്ഞുനിന്നത് കുട്ടികളുടെ ദീപിക. ബാല്യത്തിന്റെ സർഗവിസ്മയങ്ങൾ അതിലൂടെ പ്രകാശിതമായി. യുവകലാകാരന്മാരുടെ മാർഗദർശിയായി മാറിയ ഫാ. ആബേൽ എന്ന കൊച്ചേട്ടൻ എന്നെയും ചേർത്തുപിടിച്ചു. അനുഗ്രഹിച്ചു. ദീപിക എന്റെ രക്ഷാകവചമായിത്തീരുമെന്ന് അന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല.
കലാലയാധ്യാപനത്തിൽനിന്ന് ഇടയ്ക്ക് വിട്ടുപോരേണ്ടിവന്ന ഘട്ടത്തിൽ അഭയമായിത്തീർന്നതും ദീപിക. ഫാ. കൊളംബിയർ എന്ന വലിയ മനുഷ്യൻ എന്നെ മുട്ടത്തുവർക്കിയോടും ജോസഫ് മറ്റത്തോടും കെ.എം. ജോസഫിനോടും ഒപ്പം ദീപിക പത്രാധിപസമിതിയിൽ അംഗമാക്കി.
രണ്ടുമാസമേ എനിക്കവിടെ കഴിയാൻ സാധിച്ചുള്ളൂ. പക്ഷേ, ജീവിതത്തിന്റെ നിർണായക വഴിത്തിരിവിൽ ആ മഹാസ്ഥാപനം എനിക്കു നൽകിയ പരിരക്ഷ. അതിനുള്ള നന്ദി എനിക്കു വാക്കുകളിൽ ഒതുക്കാവുന്നതല്ല.
പിന്നീടും പലനിലകളിൽ ദീപിക എനിക്കു സഹായത്തിനെത്തിയിട്ടുണ്ട്. എനിക്ക് ‘ഇല്ല’ത്തിനു കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച സമയം. ആഴ്ചപ്പതിപ്പിന് ഒരു പുതിയ നോവൽ എഴുതിക്കൊടുക്കണമെന്ന് ഫാ. വിക്ടർ നരിവേലി ആവശ്യപ്പെടുന്നു. ദീപിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി പ്രിയകവി പി. ഭാസ്കരൻ മാസ്റ്റർ. ഞാനതു സന്തോഷപൂർവം നിർവഹിച്ചു. അങ്ങനെയാണ് ‘കാമന’ എഴുതപ്പെട്ടത്.
ഇന്നും ദീപിക എന്റെ തറവാടുപോലെ എനിക്കെപ്പോഴും കയറിച്ചെല്ലാവുന്ന സാംസ്കാരിക സ്ഥാപനം. ജീവിതത്തിൽ എന്റെ പ്രകാശാങ്കുരം. ഒരു എഴുത്തുകാരനെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ചു എന്നതുമാത്രമല്ല, അകാലത്തിൽ പൊലിഞ്ഞുപോകുമായിരുന്ന ഒരു ജീവിതത്തിന് സാഫല്യം നൽകി എന്നതുതന്നെയാണ് ഈ മഹത്തായ സാംസ്കാരിക പ്രസ്ഥാനത്തിന്റെ പ്രകാശധാവള്യം. എന്റെ മനസ് നന്ദികൊണ്ടു നിറയുന്നു. ആ നന്മ ഓർമിക്കുമ്പോൾ കണ്ണുകളിൽ ആർദ്രത. ദീപികയുടെ ചരിത്രവളർച്ചയ്ക്കു മുന്നിൽ എന്റെ ഹൃദയം മുകുളിതമാകുന്നു.
-ഡോ. ജോർജ് ഓണക്കൂർ
Kerala
മാന്നാനം: പാലയ്ക്കല്‍ കുടുംബയോഗത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം നടന്നു.
പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ ആരംഭിച്ച ദീപശിഖാ പ്രയാണം മാന്നാനം സെന്റ് ജോസഫ്സ് പള്ളിയിലെത്തി. തുടര്‍ന്ന് സെന്റ് എഫ്രേംസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വാര്‍ഷിക യോഗം രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക് ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. മന്ത്രി വി. എന്‍. വാസവന് മുഖ്യ പ്രഭാഷണം നടത്തി. പ്രസിഡന്റ് കെ.സി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി ഫാ. ടോം കുന്നുംപുറം, ഫാ. ഫിലിപ്പ് തയ്യില്‍, ഫാ. സിറിൾ പാലയ്ക്കല്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. രക്ഷാധികാരി ടി. കെ. ചെറിയാന്, വര്‍ക്കിംഗ് പ്രസിഡന്റ് ജോയ് പാലക്കല്‍, ട്രഷറര്‍ ബാബു പാലക്കല്‍, ജോയിന്റ് സെക്രട്ടറി കുര്യാച്ചന് പാലക്കല്‍, ജേക്കബ് റസ്കിന്, ജോസഫ് ചാവറ തുടങ്ങിയവര്‍ പങ്കെടുത്തു.
തുടര്‍ന്നു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ചീഫ് പാട്രണ്‍- ഫാ. ടോം കുന്നുംപുറം, പാട്രണ്‍- ടി. കെ. ചെറിയാന്, പ്രസിഡന്റ്-സെബാസ്റ്റ്യന്‍ പാലയ്ക്കല്‍ (തൃശൂര്‍), വര്‍ക്കിംഗ് പ്രസിഡന്റ്- ജോയ് പാലയ്ക്കല്‍, സെക്രട്ടറി - കുര്യാച്ചന് പാലയ്ക്കല്‍, ട്രഷറര്‍- ബാബു പാലക്കല്‍ എന്നിവരാണ് പുതിയ ഭാരവാഹികൾ.
Leader Page
ദീപിക സമുദായത്തിന്റെ, സമൂഹത്തിന്റെ ജിഹ്വയാണ്. സാമൂഹിക പരിഷ്കാരങ്ങള്‍ക്കുവേണ്ടി മുന്‍നിരയില്‍നിന്നു പോരാടുന്ന ദീപികയിലൂടെയാണു വിശ്വാസത്തെയും സുവിശേഷ മഹത്വത്തെയും മറ്റുള്ളവരിലേക്ക് എത്തിക്കാന്‍ സാധിച്ചത്. ആധുനിക സാങ്കേതികവിദ്യയുടെ കടന്നുവരവില്‍ കാലാനുസൃതമായ മാറ്റങ്ങളുള്‍ക്കൊണ്ട് മാധ്യമധര്‍മം വിജയകരമായി നിര്‍വഹിക്കാന്‍ ദീപികയ്ക്ക് കഴിയുന്നുണ്ട്.
കര്‍ഷകരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനായി ദീപിക നടത്തുന്ന പോരാട്ടങ്ങള്‍ പുരോഗമന കേരളത്തിന്റെ രൂപവത്കരണത്തിന് വഹിച്ച പങ്ക് ചെറുതല്ല.
ഭീഷണിക്കും സമ്മര്‍ദത്തിനും വഴങ്ങാതെ സത്യം വിളിച്ചുപറയാന്‍ ധൈര്യം കാണിക്കുന്ന ദീപിക, ഭരണകൂടത്തെയും ജനപ്രതിനിധികളെയും നേരായ വഴിക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. ധാര്‍മികതയിലൂന്നിയ നിലപാടുകളാല്‍ സമൂഹ മനഃസാക്ഷിയെ ഉണര്‍ത്താന്‍ ദീപിക നടത്തുന്ന ഇടപെടലുകള്‍ പ്രശംസനീയമാണ്. ലോകത്തിന് പ്രകാശമാകാന്‍ എന്നും ദീപികയ്ക്ക് കഴിയണം.
140-ാം വാര്‍ഷികം ആഘോഷിക്കുന്ന ദീപികയ്ക്ക് കാലഘട്ടത്തിന്റെ വെല്ലുവിളികളെ സധൈര്യം അതിജീവിച്ച് മുന്നേറുവാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു.
മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍,താമരശേരി ബിഷപ്
Leader Page
140 വര്‍ഷമായി സത്യത്തിനും നീതിക്കുംവേണ്ടി പ്രകാശഗോപുരമായി നിലകൊള്ളുന്ന പത്രമാണ് ദീപിക. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ ശക്തമായ പോരാട്ടത്തില്‍ മുന്നില്‍ നിന്ന ദീപിക, എക്കാലവും അടിച്ചമര്‍ത്തപ്പെടുന്നവന്റെ ശബ്ദമായി, കര്‍ഷകരുടെ സ്വരമായി നിലകൊള്ളുകയാണ്.
വന്യമൃഗശല്യവും നാട്ടിലെമ്പാടും മനുഷ്യന്റെ സ്വൈരജീവിതത്തിനു തടസം സൃഷ്ടിക്കുന്ന തെരുവുനായ വിഷയവുമെല്ലാം സർക്കാരിനു മുന്നിൽ ഉയർത്തിക്കൊണ്ടുവന്നു ജനപക്ഷത്ത് അടിയുറച്ചു നിൽക്കുന്ന മാതൃകാ നിലപാടാണ് ദീപിക എക്കാലവും സ്വീകരിക്കുന്നത്. ആരെയും ഭയക്കാതെ ചങ്കൂറ്റത്തോടെ തുറന്നെഴുതാനുള്ള ആർജവമാണ് ദീപികയെ ഇഷ്ടപ്പെടാൻ കാരണം.
ക്ഷേത്രപ്രവേശന സമരങ്ങള്‍, വഴിനടക്കാനുള്ള അവകാശസമരങ്ങള്‍ എന്നിവയ്ക്കായി രാജഭരണകാലത്തു നടന്ന പോരാട്ടങ്ങള്‍ക്ക് ദീപിക ആവേശവും ഊര്‍ജവും പകര്‍ന്നു. ഭരണാധികാരികള്‍ക്കെതിരേ ഉറച്ച നിലപാട് സ്വീകരിച്ചപ്പോള്‍ ഉയര്‍ന്ന ഭീഷണികളെ ധീരമായി നേരിട്ട് മൂല്യവത്തായ പത്രപ്രവർത്തനത്തിന്റെ ദീപശിഖ ഉയർത്തിപ്പിടിക്കാൻ ദീപികയ്ക്കു കഴിഞ്ഞു. പുതിയ മലയാള ഗദ്യശൈലിയുടെ രൂപീകരണത്തിലും വളര്‍ച്ചയിലും നിര്‍ണായക പങ്കുവഹിച്ച പത്രം ഇനിയും ഉയരങ്ങളിലേക്ക് വളരട്ടെ എന്നാശംസിക്കുന്നു.
-രമേശ് ചെന്നിത്തല കോൺഗ്രസ് പ്രവർത്തകസമിതി അംഗം
Sports
ബംഗളൂരു: ഡൽഹി ക്യാപിറ്റൽസിനെ നിലംപരിശാക്കി ഒന്‍പത് വിക്കറ്റിന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു വിജയിച്ച മത്സരത്തിൽ കോഹ്ലി വന്പൻ റിക്കാർഡ് സ്വന്തമാക്കി. ഐപിഎൽ ചരിത്രത്തിൽ 9000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന റിക്കാർഡാണ് റണ്‍മെഷീൻ കോഹ്ലി പേരിലാക്കിയത്.
ഡൽഹിക്കെതിരായ മത്സരത്തിന് മുന്‍പ് ഈ നാഴികക്കല്ല് മറികടക്കാൻ 11 റണ്‍സായിരുന്നു കോഹ്ലിക്ക് വേണ്ടിയിരുന്നത്. ഡൽഹി ഉയർത്തിയ 76 റണ്‍സ് പിന്തുടരവേ പവർപ്ലേയിലെ അവസാന പന്തിൽ അക്സർ പട്ടേലിനെ ലോംഗ് ഓഫിലേക്ക് തട്ടിയിട്ട് സിംഗിൾ എടുത്താണ് കോഹ്ലി ചരിത്ര നേട്ടം കുറിച്ചത്.
275 മത്സരങ്ങളിൽനിന്ന് 9012 റണ്‍സാണ് കോഹ്ലിയുടെ സന്പാദ്യം. ശരാശരി 40.05. സ്ട്രൈക്ക് റേറ്റ് 133.80. എട്ട് സെഞ്ചുറികളും 66 അർധ സെഞ്ചുറികളും കോഹ്ലിയുടെ അക്കൗണ്ടിലുണ്ട്. പട്ടികയിൽ രണ്ടാമതുള്ള രോഹിത് ശർമ കോഹ്ലിയേക്കാൾ 1900 റണ്‍സ് പിന്നിലാണ്.
ഈ സീസണിലും മികച്ച ഫോമിലുള്ള കോഹ്ലി എട്ട് മത്സരങ്ങളിൽനിന്ന് 351 റണ്‍സുമായി റണ്‍വേട്ടക്കാരിൽ നാലാം സ്ഥാനത്താണ്. 58.50 ശരാശരി. ഉയർന്ന സ്കോർ 81 ആണ്.
Leader Page
മലയാളത്തിലെ ഏറ്റവും പഴക്കമുള്ള പത്രമാണ് ദീപിക. ഇന്നു കാണുന്ന പത്രപ്രവർത്തനത്തിനൊക്കെ ആദ്യമാതൃക ഉണ്ടാക്കിയത് ദീപികയാണ്. വെറും ഒരു വർത്തമാനപത്രമായിട്ടല്ല ദീപിക പ്രവർത്തിച്ചത്. കേരളത്തിലെ ന്യൂനപക്ഷ സമൂഹങ്ങൾക്കുവേണ്ടി ന്യായമായും നീതിനിഷ്ഠമായും വാദിച്ചു. മതേതരമായ ഒരു മാനവികമുഖം എക്കാലത്തും ദീപിക കാത്തുസൂക്ഷിച്ചു.
സാഹിത്യം, കല, കൃഷി, കച്ചവടം തുടങ്ങി മനുഷ്യജീവിതത്തിന്റെ നാനാമുഖങ്ങളായ മേഖലകളെ പോഷിപ്പിക്കുന്നതിലും ദീപിക വലിയ പങ്ക് വഹിച്ചു. ആദ്യകാലത്ത് ദീപിക ഞാൻ സ്ഥിരമായി വായിച്ചിരുന്നു. പിന്നീട് രാഷ്ട്രദീപിക എനിക്കു കിട്ടിത്തുടങ്ങി. 140 വർഷംകൊണ്ടു ദീപിക ഉണ്ടാക്കിയെടുത്ത ഒരു പത്രപ്രവർത്തന സംസ്കാരമുണ്ട്, അത് ജനാധിപത്യത്തിലൂന്നിയതാണ്.
കേരളം പോലെ 1500-2000 വർഷങ്ങളായി എല്ലാ മതങ്ങളും സഹജീവിതത്തിൽ ഏർപ്പെട്ട ഒരു നാടിന്റെ മതേതര പൈതൃകം കാത്തുസൂക്ഷിക്കുന്നതിൽ ദീപിക വഹിച്ച പങ്കും വളരെ വലുതാണ്. 2000 വർഷംമുമ്പുതന്നെ ക്രിസ്തുമതം ഇവിടെ വന്നു. അതിനുമുമ്പു ജൈനമതവും ബുദ്ധമതവും ജൂതമതവും ഇവിടെ ഉണ്ടായിരുന്നു. 1500 വർഷംമുമ്പ് ഇസ്ലാം മതം വന്നു.
ഹിന്ദുമതം പൗരാണികകാലം മുതൽ ഇവിടെയുണ്ട്. ഇത്തരം മതങ്ങളൊക്കെ സഹകരിച്ചും സഹവർത്തിച്ചും മൈത്രിയോടുകൂടി കഴിയുന്ന ഒരു നാടിന്റെ സംസ്കൃതിയിലൂന്നിക്കൊണ്ടാണ് ദീപിക അതിന്റെ സാംസ്കാരിക പത്രപ്രവർത്തനം നടത്തിയത്. ആ നിലയ്ക്ക് ദീപിക എന്ന പത്രം 140 വർഷം പിന്നിടുമ്പോൾ ഒരു മഹിത പത്രപാരമ്പര്യമാണ് ആദരിക്കപ്പെടുന്നത്. തീർച്ചയായും ദീപികയുടെ ഈ 140 വർഷത്തെ മഹനീയമായ പ്രവർത്തനത്തെ ഞാൻ ഹൃദയത്തിൽ ചേർത്തുപിടിച്ച് ആദരിക്കുന്നു.
-ആലങ്കോട് ലീലാകൃഷ്ണൻ
Leader Page
വാർത്തയ്ക്കും വിജ്ഞാനത്തിനും വിശ്വാസ്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സത്യാനന്തരകാലത്ത്, ദീപിക സത്യത്തിന്റെയും കൃത്യതയുടെയും പ്രകാശദീപമാണ്. മുഖപ്രസംഗങ്ങളിലും ലേഖനങ്ങളിലും ഓരോ ദിനത്തിലും അഭിസംബോധന ചെയ്യുന്ന വിഷയങ്ങളുടെ വൈവിധ്യവും വൈപുല്യവും ധാർമിക ദൃഢതയും ധീരമായ അഭിപ്രായവിന്യാസവും ദീപികയുടെ ഗുണനിലവാരം പത്രമാധ്യമ രംഗത്ത് ഉയർന്ന റാങ്കിൽ സ്ഥാപിച്ചിരിക്കുന്നു.
ന്യൂനപക്ഷങ്ങളുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും എക്കാലത്തെയും വക്താവും പ്രേഷിത പോരാളിയുമായി ദീപിക അംഗീകരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. സാമൂഹ്യ പ്രശ്നങ്ങൾ വിശകലനം ചെയ്യുക മാത്രമല്ല, അവയ്ക്കു പരിഹാരം നിർദേശിക്കാനും അത് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താനും കഴിവും പ്രതിജ്ഞാബദ്ധതയുമുള്ള ഒരു സത്സംഘം ഈ പത്രമുത്തശിക്കു കരുത്തായി ഉണ്ടെന്നതു വ്യക്തം.
സാഹിത്യവും സാമൂഹ്യാവബോധവും ദേശീയ ആഗോള രാഷ്ട്രീയവും വിദ്യാഭ്യാസവും ശാസ്ത്രവും പ്രാദേശിക പ്രശ്നങ്ങളും ഒക്കെ നിഷ്പക്ഷമായും ഉദ്ദേശ്യശുദ്ധിയോടെയും അവതരിപ്പിക്കുന്ന പ്രശംസനീയമായ ആഖ്യാനശൈലി ദീപികയ്ക്കു സ്വന്തം. വിയോജിപ്പുകളിലുള്ള മാന്യതയും സഹിഷ്ണുതയും പ്രതിഫലിപ്പിക്കുന്ന ദീപികയുടെ മാധ്യമദർശനത്തിന്റെ ക്രൈസ്തവമൂല്യ ദാർഢ്യം ആനന്ദത്തോടെയും അഭിമാനത്തോടെയുമാണ് ഞാൻ വീക്ഷിക്കുന്നത്. എന്നേക്കും ദീപ്തമായി തുടരട്ടെ, ദീപിക ഈ മഹത്തായ പാരന്പര്യം.
- ഡോ. ജാൻസി ജയിംസ് (മഹാത്മാഗാന്ധി സർവകലാശാല,സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള മുൻ വൈസ് ചാൻസലർ)
Leader Page
ദീപിക ദിനപത്രം 140-ാം വയസിലേക്കു പ്രവേശിക്കുകയാണ് എന്നറിയുന്നു. സന്തോഷം. ഈ കാലസൂചന മലയാളത്തിലെ ആദ്യകാല പത്രങ്ങളില്‍ ഒന്നാണ് ദീപിക എന്ന് ഓര്‍മപ്പെടുത്തുന്നു.
ഞാന്‍ ദീപികയെപ്പറ്റി ശ്രദ്ധിച്ച കാര്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നുണ്ട്. കൃഷിക്കും കര്‍ഷകര്‍ക്കും ഏറ്റവും കൂടുതല്‍ സ്ഥലവും കരുതലും ഈ പത്രസ്ഥാപനം നല്കിപ്പോരുന്നു.
മറ്റു പ്രസിദ്ധീകരണങ്ങള്‍ മതം, രാഷ്ട്രീയം, സ്പോര്‍ട്സ്, സിനിമ, സാഹിത്യം തുടങ്ങിയവയെ പരിഗണിക്കുന്ന കൂട്ടത്തില്‍ വിട്ടുപോകുന്ന ഒന്നാണ് കൃഷി. കര്‍ഷകര്‍ക്കു നല്കുന്ന പ്രധാന്യത്തിന്റെ പേരില്‍ കൂടി ഞാന്‍ ദീപികയെ അഭിവാദ്യം ചെയ്യുന്നു. ആശംസകള്‍ അര്‍പ്പിക്കുന്നു. -എം.എന്‍. കാരശേരി
Leader Page
നവതിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന എന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് ദീപിക. ഇക്കാലമത്രയും ഞാൻ സഞ്ചരിച്ചതു ദീപികയോടൊപ്പമായിരുന്നു; ദീപികയിലായിരുന്നു.
കർഷകരക്ഷയ്ക്കുവേണ്ടി ദീപികയോളം കഠിനാധ്വാനം ചെയ്തിട്ടുള്ള മറ്റൊരു പത്രവും കേരളത്തിലില്ല. ഉടുന്പൻചോല കുടിയിറക്കും അമരാവതി കുടിയിരുത്തും കേരള ജനതയുടെ ഹൃദയം വേദനിപ്പിച്ച സംഭവമായിരുന്നു. അതിൽ സജീവമായി പങ്കെടുക്കാൻ എന്നെ പ്രേരിപ്പിച്ചതും അതിനുള്ള ആർജവത്വം നൽകിയതും ദീപികയായിരുന്നു. ചുരുളി-കീരിത്തോട് കർഷകപ്രശ്നം, കൊട്ടിയൂർ മേൽച്ചാർത്ത്, ഗൂഡല്ലൂർ കുടിയിറക്ക് ഇവയ്ക്കെല്ലാം എതിരായി ദീപിക നടത്തിയ പത്രപ്രവർത്തനപോരാട്ടം ചരിത്രത്തിന്റെ ഭാഗമായി തങ്കലിപികളിൽ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു.
ചിന്തോദ്ദീപകമായ മുഖപ്രസംഗങ്ങൾ ദീപികയുടെ മാത്രം അനന്യതയാണ്. കാർഷികരംഗത്തും വിദ്യാഭ്യാസരംഗത്തും സാധാരണ ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന കഷ്ടതകൾ ജനഹൃദയങ്ങളിൽ കൊണ്ടുവരുന്നതിനു പ്രതിബദ്ധതാപൂർവം പ്രതികരിക്കുന്ന ദീപികയുടെ സേവനങ്ങൾ അവിസ്മരണീയമാണ്. ശതോത്തര റൂബി ജൂബിലി ആഘോഷിക്കുന്ന ‘എന്റെ ദീപിക’യ്ക്ക് ഹൃദയം നിറഞ്ഞ ജൂബിലി മംഗളങ്ങൾ.
-ജോണ്‍ കച്ചിറമറ്റം
Leader Page
അഭിമാനകരമായ മാധ്യമയാത്രയുടെ ചരിത്രമാണു ദീപികയുടേത്. മാതൃകയായ അനേകം നല്ല മനുഷ്യരുടെ ക്രിയാത്മകമായ ഇടപെടലുകളും നേതൃത്വവും ദീപികയ്ക്കുണ്ടായിരുന്നു.
ക്രിസ്തുവിന്റെ മൂല്യാധിഷ്ഠിത സുവിശേഷ പ്രഘോഷണത്തിന്റെ വേറിട്ട മാറ്റൊലിയായിരുന്നു ദീപികയുടെ മാധ്യമദൗത്യനിർവഹണത്തിലൂടെ എന്നും മുഴങ്ങിയത്.
സിഎംഐ സന്യാസസഭയെ സംബന്ധിച്ച് ദീപികയുടെ നാൾവഴികൾ സഭയിലെ മെത്രാന്മാരുടെയും വൈദികരുടെയും ഉൾപ്പെടെ അനേകരുടെ പ്രാർഥനകളുടെയും സേവനങ്ങളുടെയും കഠിനാധ്വാനത്തിന്റെയും വഴികൾകൂടിയായിരുന്നു.
140 വർഷം പൂർത്തിയാക്കുന്ന ഈ ജൂബിലി നാളുകൾ പുതിയ ജൈത്രയാത്രകൾക്കു പ്രചോദനമാകുന്ന പ്രവർത്തനങ്ങൾക്കുള്ള അവസരമാകട്ടേയെന്ന് ആശംസിക്കുന്നു. സിഎംഐ സന്യാസസമൂഹത്തിന്റെ എല്ലാ ആശംസകളും പ്രാർഥനകളും ദീപികയ്ക്കു നേരുന്നു.
-ഫാ. ഡോ. പോൾ ആച്ചാണ്ടി സിഎംഐ പ്രിയോർ ജനറൽ
Leader Page
140 വർഷമായി മലയാളി സമൂഹത്തിനു മാർഗദീപമായി മാധ്യമരംഗത്തു പ്രവർത്തിച്ചുവരികയാണ് ദീപിക. ഓരോ കാലഘട്ടത്തിലും സാഹിത്യ, രാഷ്ട്രീയ, സാന്പത്തിക, സാംസ്കാരിക രംഗങ്ങളിൽ ദീപിക മലയാളികൾക്ക് പ്രചോദനവും ശക്തിയും നൽകുന്നു.
വാർത്തകളുടെ യഥാതഥമായ അവതരണം, ചിന്തോദ്ദീപകമായ ലേഖനങ്ങൾ, എല്ലാറ്റിനുമുപരി കിടിലം കൊള്ളിക്കുന്ന മുഖപ്രസംഗങ്ങൾ എല്ലാം ഇതര മാധ്യമങ്ങളിൽനിന്നു ദീപികയെ വേറിട്ടതാക്കുന്നു. ഓരോ കാലഘട്ടത്തിലും മലയാളിജനതയ്ക്ക് മനഃസാക്ഷിയുടെ സ്വരമാണത്. സ്വാതന്ത്ര്യം അടിയറ വയ്ക്കാതെ ജനങ്ങളെ ചിന്തിപ്പിക്കുകയും പ്രവർത്തനോദ്യുക്തരാക്കുകയും ചെയ്യുന്ന ദിനപത്രം.
എല്ലാ ദിവസവും ഞാൻ ആദ്യം വായിക്കുന്ന പത്രം ദീപികയാണ്. ദീപികയിൽ സത്യത്തിന്റെ സ്വരമാണ്. ധാർമികതയുടെ ശക്തിയുണ്ട്, നേതൃത്വത്തിന്റെ പാഠങ്ങളുണ്ട്. ഇക്കാരണങ്ങളാണ് ദീപിക ആദ്യം വായിക്കാൻ എനിക്കു പ്രേരണ നൽകുന്നത്. ദീപികയുടെ നേരേചൊവ്വേയുള്ള സമീപനങ്ങൾ സുമനസുകൾക്ക് നന്മയുടെ ജീവിതത്തിന് സഹായകമാകുന്നു.
ദീപികയുടെ സാന്പത്തിക ബുദ്ധിമുട്ടുകളുടെ കാലത്ത് പത്രം നടത്തുന്ന കന്പനിയുടെ ഡയറക്ടർമാരോടു ചേർന്നുനിൽക്കാനും ഒന്നിച്ചുള്ള ചിന്തകളോടുകൂടി ദീപികയ്ക്കു കൂട്ടുനിൽക്കാനും സാധിച്ചതിൽ ഞാൻ സന്തോഷിക്കുന്നു. ദീപിക എന്നും സത്യത്തിന്റെയും ധീരതയുടെയും ഒരു മാർഗദീപമായി ശോഭിക്കേണ്ടത് മലയാളിസമൂഹത്തിന്റെ ആവശ്യമാണ്. ആ രീതിയിൽ ദീപികയെ അണിയിച്ചൊരുക്കുന്നവർക്കും ഈ പത്രം നടത്തുന്നവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
ദീപികയുടെ വിജയം സത്യത്തിലും നീതിയിലും മാനവികതയിലും അടിയുറച്ച മലയാളി സമൂഹത്തിന്റെ നിലനില്പിനും വളർച്ചയ്ക്കും എക്കാലവും ഉപകരിക്കട്ടെ.
-കർദിനാൾ മാർ ജോർജ് ആലഞ്ചേരി
Leader Page
140-ാം വര്‍ഷത്തിലേക്കു പ്രവേശിച്ചിരിക്കുന്ന ദീപിക ദിനപത്രം സമൂഹത്തില്‍ ബഹുസ്വരത വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നുണ്ട്.ഈടുറ്റ ലേഖനങ്ങളും മികച്ച മുഖപ്രസംഗങ്ങളും ദീപികയെ എപ്പോഴും വ്യത്യസ്തമാക്കാറുണ്ട്.
ദീപിക ബാലസഖ്യത്തിലൂടെയാണ് ദീപികയുമായുള്ള എന്റെ ബന്ധം തുടങ്ങുന്നത്. എന്നെ ഞാനാക്കി മാറ്റുന്നതില്‍ ഈ സംഘടന ചെലുത്തിയ സ്വാധീനം ചെറുതല്ല.
ബാലസഖ്യത്തിന്റെ തിരുവനന്തപുരത്തു നടന്ന അവധിക്കാല ക്ലാസാണ് ഞാന്‍ ക്ലാസ് മുറിയില്‍നിന്നു പുറത്തു പോയി പങ്കെടുത്ത ആദ്യചടങ്ങ്. ചെറിയ ക്ലാസ് മുതല്‍ കുട്ടികളുടെ ദീപികയുടെ വരിക്കാരനായിരുന്നു. ക്ലാസില്‍ ഇതിന്റെ വരിസംഖ്യ പിരിക്കുന്നതും ഞാനായിരുന്നു.
കൊച്ചേട്ടന്റെ നിര്‍ദേശാനുസരണം എസ്കിമോകളെക്കുറിച്ചുള്ള എന്റെ ഒരു ലേഖനം കുട്ടികളുടെ ദീപികയിലാണ് ആദ്യമായി അച്ചടിച്ചു വന്നത്.
-ഡോ. ബി. ഇക്ബാല്‍ കേരള യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍
Leader Page
ശതോത്തര റൂബി ജൂബിലിയിലേക്കു പ്രവേശിച്ചിരിക്കുന്ന അക്ഷരമുത്തശി ദീപികയ്ക്ക് എന്റെ മംഗളാശംസകളും പ്രാർഥനകളും. കൂടുതൽ ചൈതന്യത്തോടെ കാലത്തിന്റെ അടയാളങ്ങൾ വായിച്ച് എന്നും പ്രവാചകശബ്ദമായി നിലകൊള്ളട്ടെ.
കൊള്ളേണ്ടതിനെ ചേർത്തുപിടിച്ചും തള്ളേണ്ടതിനെ തള്ളിയും ശോഭിച്ചുകൊണ്ടിരിക്കുന്ന ദീപസ്തംഭമാണ് ദീപിക. എല്ലാവർക്കും സത്യത്തിന്റെയും നീതിയുടെയും പ്രകാശം വിതറി ഹൃദയത്തിൽ അഗ്നിയുള്ള പത്രമായി നിലനിൽക്കുന്നു ദീപിക.
ദീപിക എന്നും സഭയുടെ കാവലാളും സംരക്ഷകയുമായിരുന്നു. എക്കാലവും അങ്ങിനെ നിലനിൽക്കട്ടെ. കല്ലേറുകളും നിന്ദനങ്ങളും സഭയ്ക്ക് ഏൽക്കുമ്പോൾ അവയ്ക്കെതിരേ എന്നും ചെറുത്തുനിന്നിട്ടുള്ള ഈ നിത്യയൗവ്വനത്തിന് നന്മകൾ നേരുന്നു; കരുത്ത് നേരുന്നു; ചൈതന്യവും.
-ആർച്ച്ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ കെസിബിസി, കെആർഎൽസിബിസി പ്രസിഡന്റ്
Leader Page
എന്നും ധാർമികതയുടെയും നീതിയുടെയും കാവലാളായി നിന്നു എന്നതാണ് ദീപികയുടെ പാരന്പര്യം. സത്യം മൂടിവയ്ക്കപ്പെട്ട ഇടങ്ങളിൽ ജ്വലിക്കാനും പാർശ്വവത്കരിക്കപ്പെട്ടവരുടെ ശബ്ദമായി മുഴങ്ങാനും ഈ പത്രത്തിനു കഴിഞ്ഞു.
ഏതു വഴിയേ പോകണമെന്ന് പൊതുസമൂഹം സംശയിച്ചുനിന്ന പ്രതിസന്ധികളിൽ നേരായ വഴി ധീരമായി ചൂണ്ടിക്കാണിക്കാൻ ദീപിക മുന്നിലുണ്ടായിരുന്നു. ഇത്രയും കാലം സത്യത്തിനൊപ്പം നിലകൊണ്ടതിൽ അഭിമാനിക്കുന്നതോടൊപ്പം ചരിത്രസാക്ഷിയെന്ന നിലയിൽ ഇനിയും നൂറ്റാണ്ടുകൾ താണ്ടാനുള്ള ധാർമികശക്തിയും മൂല്യബോധവും ദീപികയ്ക്കുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
ദീപിക ഒരു സഭയുടെ പത്രമല്ലാ, സമൂഹ മനഃസാക്ഷീ രൂപീകരണത്തിന്റെ പ്രചോദന മർമമാണ്. ദീപികയുടെ തുടർവർഷങ്ങൾ അതിന്റെ ആഘോഷമാകട്ടെ! ആരവങ്ങളുടെയും ആക്രോശങ്ങളുടെയും ഇടയിൽ പതറാതെ, വിശ്വജ്യോതിയെ നോക്കി ദീപിക യാത്ര തുടരുക! എല്ലാ അനുഗ്രഹങ്ങളും നേരുന്നു.
-കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ
(മലങ്കര സുറിയാനി കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ്,
ചെയർമാൻ, ഇന്റർ ചർച്ച് കൗണ്‍സിൽ)
District News
ചെങ്ങന്നൂർ: നൂറ്റാണ്ടിന്റെ നിറവിൽ മുളക്കുഴ കോട്ട ഗവ. കെവിഎൽപി സ്കൂളിന്റെ 120-ാമത് വാർഷികം സമുചിതമായി ആഘോഷിച്ചു.
വാർഷികാഘോഷങ്ങൾ മുളക്കുഴ പഞ്ചായത്ത് പ്രസിഡന്റ് സജിത മനു ഉദ്ഘാടനം ചെയ്തു.
ഒരു നൂറ്റാണ്ടായി നാടിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ സ്കൂൾ വഹിക്കുന്ന പങ്ക് വലുതാണെന്ന് അദ്ദേഹം പറഞ്ഞു.എസ്എംസി ചെയർപേഴ്സൺ ആർ. രേഖ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക മിനി മാത്യു റിപ്പോർട്ട് അവതരിപ്പിക്കുകയും വിവിധ മത്സരവിജയികൾക്കുള്ള സമ്മാനദാനവും എൻഡോവ്മെന്റ് വിതരണവും നടത്തി.
എം.ബി. ബിന്ദു, പി. ബിനി, ആൻസി ജോസ്, കെ.ജി. മഞ്ജു, ബി. അമ്പിളി, ദിവ്യ അജീഷ്, എൽ. മായ, ദ്രോണ അജീഷ് എന്നിവർ പ്രസംഗിച്ചു. വാർഷികത്തോടനുബന്ധിച്ച് വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.
National
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് ഹോളി ആഘോഷിച്ച് രാഹുൽ ഗാന്ധി. പ്രവർത്തകർക്കൊപ്പമാണ് രാഹുൽ ഹോളി ആഘോഷിച്ചത്.
നിറങ്ങളുടെയും സ്നേഹത്തിന്റെയും ഉത്സവമായ ഹോളിയിൽ നിങ്ങൾക്കെല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകളെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
ഹോളിയുടെ നിറങ്ങൾ നിങ്ങളുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷകളും പുതിയ ഉത്സാഹവും എണ്ണമറ്റ സന്തോഷവും നിറയ്ക്കട്ടെയെന്നും രാഹുൽ പറഞ്ഞു.
അതേസമയം കേരളത്തിൽ കോൺഗ്രസ് വലിയ തിരിച്ചുവരവ് നടത്തുമെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു. പത്ത് വർഷത്തിനുശേഷമുള്ള തിരിച്ചുവരവിൽ വൻ ഭൂരിപക്ഷം നേടുമെന്നും എഐസിസി നിരീക്ഷകനായ സച്ചിൻ പൈലറ്റ് പറഞ്ഞു.
NRI
ന്യൂയോർക്ക്: നോർത്ത് അമേരിക്ക മാർത്തോമ സഭ മാർച്ച് 1 ഞായറാഴ്ച ഭദ്രാസന ദിനമായി ആചരിക്കുന്നു. മാർച്ച് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് എല്ലാ വർഷവും ഭദ്രാസന ഞായറാഴ്ചയായി ആചരിക്കുന്നത്.
മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിലെ അംഗങ്ങൾ എന്ന നിലയിൽ ഒരുമിച്ചുള്ള യാത്രയിൽ ലഭിച്ച ദൈവിക മാർഗനിർദേശങ്ങൾക്കും അനുഗ്രഹങ്ങൾക്കും സർവ്വശക്തനായ ദൈവത്തിന് നന്ദി പറയാനുള്ള അവസരമാണ് ഭദ്രാസ ഞായർ. ലോകത്തിന്റെ ഈ ഭാഗത്ത് ആരാധനാ സമൂഹങ്ങൾ സ്ഥാപിക്കാൻ പ്രയത്നിച്ചവരെ നന്ദിയോടെ സ്മരിക്കാം.
അന്നേ ദിവസം ഭദ്രാസനം തയ്യാറാക്കിയ പ്രത്യേക ആരാധന ക്രമം ഉപയോഗിക്കേണ്ടതാണ്. ഭദ്രാസനത്തിലെ വിവിധ പ്രവർത്തനങ്ങൾ, മിഷൻ പദ്ധതികൾ, പരിപാടികൾ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മുൻകാലങ്ങളിൽ ചെയ്തതുപോലെ "പുൾ പിറ്റ് ചേഞ്ച് "(പ്രസംഗപീഠം കൈമാറ്റവും) ക്രമീകരിച്ചിട്ടുണ്ട്.
ഭദ്രാസന ഞായറാഴ്ച കളക്ഷൻ സ്വന്തം ഇടവകയിൽ ക്രമീകരിക്കാനും വിസിറ്റിംഗ് ഇടവകയിൽ പിരിവ് ഏകോപിപ്പിക്കാനുമുള്ള ചുമതല വികാരിമാർക്കായിരിക്കും. ഭദ്രാസന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിന് ഉദാരമായി സംഭാവന നൽകുവാൻ എല്ലാ അംഗങ്ങളോടും തിരുമേനി അഭ്യർഥിച്ചിട്ടുണ്ട്. ഞായറാഴ്ചത്തെ സ്തോത്രകാഴ്ചയിലൂടെയും വ്യക്തിഗത സംഭാവനകളിലൂടെയും ലഭിക്കുന്ന തുക എത്രയും വേഗം ഭദ്രാസന ഓഫിസിലേക്ക് അയക്കേണ്ടതാണെന്നും അറിയിപ്പിൽ പറയുന്നു.
NRI
ലിവർപൂൾ: ലിവർപൂളിലെ പ്രമുഖ സംഘടനയായ ലിവർപൂൾ മലയാളി അസോസിയേഷൻ(LIMA) അഭിമാനകരമായ ഇരുപത്തഞ്ചാം വർഷത്തിലേക്ക് കടക്കുന്നു. ലിമയുടെ സിൽവർ ജൂബിലി ആഘോഷമായ ’പ്രയാണം @ 25’ ജനുവരി 31 ശനിയാഴ്ച ലിവർപൂൾ യൂണിവേഴ്സിറ്റിയിലെ മൗണ്ട്ഫോർഡ് ഹാളിൽ വച്ചു നടക്കപ്പെടും.
കഴിഞ്ഞ കാൽനൂറ്റാണ്ടായി ലിവർപൂളിലെ മലയാളി സമൂഹത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ലിമ, വിപുലമായ പരിപാടികളോടെയാണ് ഈ നാഴികക്കല്ല് ആഘോഷിക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിച്ച് രാത്രി 9.30 വരെ നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന കലാവിരുന്നുകളാണ് അണിയറയിൽ ഒരുങ്ങുന്നത്.
ലിമ പ്രസിഡന്റ് സോജൻ തോമസിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ അതിഥികളായി എത്തുന്നത് സമൂഹത്തിന്റെ വിവിധ മേഖലകളിൽ മുദ്രപതിപ്പിച്ച പ്രമുഖരാണ്. മെഴ്സിസൈഡ് പോലീസിലെ ഇൻസ്പെക്ടർ (Community Engagement Unit) ഇയാൻ സ്പീഡ്, യുക്മയുടെ (UUKMA) ദേശീയ പ്രസിഡന്റ് എബി സെബാസ്റ്റ്യൻ, നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് ഷാജി തോമസ് വാരക്കുടി, അതോടൊപ്പം ലിംകയുടെ (LIMCA) പ്രസിഡന്റ് ജേക്കബ് വർഗീസും ഉദ്ഘാടന ചടങ്ങിൽ പങ്കുചേരും. സംഘടനയുടെ മുൻകാല പ്രസിഡന്റുമാർ, അഞ്ചു വർഷത്തിലധികം കമ്മിറ്റിയിൽ സേവനമനുഷ്ഠിച്ചവർ, കൂടാതെ കാൽ നൂറ്റാണ്ടുകാലം നമ്മുടെ സമൂഹത്തിനായി ജീവിതം സമർപ്പിച്ച വിശിഷ്ട വ്യക്തികൾ എന്നിവരെ ചടങ്ങിൽ പ്രത്യേകം ആദരിക്കും. പൊതുസമ്മേളനത്തിനൊടൊപ്പം യുകെയിലെയും കേരളത്തിലെയും പ്രമുഖരുടെ എഴുത്തുകൾ ഉൾക്കൊള്ളുന്ന സുവനീറിന്റെ പ്രകാശനവും ഉണ്ടാകും.
മലയാളികളുടെ പ്രിയപ്പെട്ട പിന്നണി ഗായിക ഡെൽസി നൈനാനും ഐഡിയ സ്റ്റാർ സിംഗർ ഫെയിം വില്യം ഐസക്കും നയിക്കുന്ന തത്സമയ സംഗീത വിരുന്നാണ് ആഘോഷത്തിന്റെ പ്രധാന ആകർഷണം. ഇവർക്കൊപ്പം ലിവർപൂളിലെയും യുകെയിലെയും മികച്ച നർത്തകരും വേദിയിലെത്തും.
യുക്മ നാഷണൽ വിന്നേഴ്സായ ഡാൻസിംഗ് സ്റ്റാർസ്, ശ്രീസൂര്യ ഡാൻസ് സ്റ്റുഡിയോ, സ്റ്റെപ് സോൺ ഡാൻസ് സ്റ്റുഡിയോ, മാഞ്ചസ്റ്ററിൽ നിന്നുമുള്ള ദക്ഷിണ ഡാൻസ് ടീം എന്നിവരുടെ നൃത്തശിൽപ്പങ്ങൾ ആഘോഷത്തിന് മാറ്റുകൂട്ടും. ലിവർപൂളിലെ സാറ്റ്.വിക(Sattvika) ആർട്സ് ആൻഡ് കൾച്ചറൽ സെന്റർ അവതരിപ്പിക്കുന്ന ചെണ്ടമേളം പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കും. പരിപാടിയുടെ സമാപനത്തോടനുബന്ധിച്ച് ഡിജെ ബെന്നി നയിക്കുന്ന ആവേശകരമായ ഡിജെ നൈറ്റും ഉണ്ടായിരിക്കും.
പ്രവേശനം സൗജന്യമാണെങ്കിലും ഹാളിലെ പരിമിതമായ സീറ്റുകൾ പരിഗണിച്ച് എൻട്രി പാസ് നിർബന്ധമാക്കിയിട്ടുണ്ട്. നാടൻ വിഭവങ്ങൾ ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന ഭക്ഷണശാല പരിപാടി നടക്കുന്ന മൗണ്ട്ഫോർഡ് ഹാൾ പരിസരത്ത് സജ്ജീകരിക്കും. കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒത്തുചേരാനും പഴയകാല ഓർമ്മകൾ പങ്കുവയ്ക്കാനും ഈ സിൽവർ ജൂബിലി വേദി കളമൊരുക്കും.
District News
കൊല്ലം : നൂറുകണക്കിന് വിശ്വാസികൾ ദിവ്യകാരുണ്യ ഈശോയ്ക്ക് സ്തുതികൾ അർപ്പിച്ചുകൊണ്ട് തങ്കശേരിയിലെ പ്രധാന വീഥികളിൽ വിശ്വാസ സാക്ഷ്യം ഒരുക്കി. 1925 ൽ ആരംഭിച്ച ദിവ്യകാരുണ്യത്തിന്റെ പരസ്യ പ്രദക്ഷിണം, കൊല്ലം രൂപതയിൽ 101 വർഷം പൂർത്തീകരിച്ചു.
ആഘോഷപരിപാടികൾ കൊല്ലം ബിഷപ് ഡോ. ആന്റണി മുല്ലശേരിയുടെ നേതൃത്വത്തിൽ നടന്നു.
കാലം ചെയ്ത ദൈവദാസനായ അലോഷ്യസ് മരിയ ബെൻസിഗർ മെത്രാഭിഷേകത്തിന്റെ രജത ജൂബിലിയുടെ സ്മരണയ്ക്കായി 1925 ൽ തുടങ്ങിയ ദിവ്യകാരുണ്യ പ്രദക്ഷിണത്തിന്റെ ആഘോഷം കത്തീഡ്രൽ പള്ളിയിൽ ദിവ്യകാരുണ്യ പരസ്യ ആരാധനയ്ക്ക് ശേഷമാണ് ആരംഭി ച്ചത്.
നൂറുകണക്കിന് വിശ്വാസികളുടെ അകമ്പടിയോടുകൂടി തങ്കശേരി ഹോളിക്രോസ് പള്ളിയിലേക്ക് നടന്ന പ്രദക്ഷിണം പള്ളിയിലെ പ്രത്യേക പ്രാർഥനകൾക്ക് ശേഷം കത്തീഡ്രിൽ പള്ളിയിൽ തിരികെ എത്തിയപ്പോൾ നടന്ന വിശ്വാസ കൂട്ടായ്മയിൽ കൊല്ലം നഗരത്തിലെ വിവിധ ഇടവകകളിൽ നിന്നും വൈദികർ, സന്യസ്തർ ഉൾപ്പെടെ നൂറുകണക്കിന് പേരാണ് പങ്കെടുത്തത്. തുടർന്ന് ഇരവിപുരം സഹവികാരി ഫാ. ആന്റണി ദിവ്യകാരുണ്യ സമാപന സന്ദേശം നൽകി