‘നിങ്ങൾ ഈ കിരീടത്തിന് അർഹനാണ്’; മോഹന്‍ലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി
Monday, September 22, 2025 8:23 AM IST
ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം ലഭിച്ച മോഹൻലാലിനെ അഭിനന്ദിച്ച് മമ്മൂട്ടി. മോഹൻലാൽ പുരസ്കാരത്തിന് അർഹനാണെന്നും സിനിമയ്ക്കു വേണ്ടി ജീവിച്ച യഥാർഥ കലാകാരനുള്ള അംഗീകാരമാണിതെന്നും മമ്മൂട്ടി കുറിച്ചു.
‘ഒരു സഹപ്രവർത്തകൻ എന്നതിന് ഉപരി, ഒരു സഹോദരൻ, സിനിമയോടൊപ്പം ദശാബ്ദങ്ങളായി സഞ്ചരിക്കുന്ന ഒരു കലാകാരനാണ് നിങ്ങൾ. ഒരു നടന് എന്നതിന് അപ്പുറം സിനിമയിൽ ജീവിക്കുകയും സിനിമയെ ജീവശ്വാസമാക്കുകയും ചെയ്ത ഒരു യഥാർഥ കലാകാരനാണ് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചിരിക്കുന്നത്.
നിങ്ങളെക്കുറിച്ച് വളരെ സന്തോഷവും അഭിമാനവും തോന്നുന്നു ലാൽ. നിങ്ങൾ ഈ കിരീടത്തിന് ശരിക്കും അർഹനാണ്’. മമ്മൂട്ടി കുറിച്ചു.
ഇന്ത്യൻ സിനിമയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും വലിയ ബഹുമതിയാണ് ദാദാ സാഹിബ് ഫാൽക്കെ അവാർഡ്. അടൂർ ഗോപാലകൃഷ്ണനു ശേഷം ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിക്കുന്ന മലയാളിയാണ് മോഹൻലാൽ.
കഴിഞ്ഞവർഷത്തെ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്കായിരുന്നു. രാജ്യത്തെ പ്രഥമ സമ്പൂർണ ഫീച്ചർസിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദാ സാഹിബ് ഫാൽക്കെയുടെ സ്മരണ നിലനിർത്താൻ കേന്ദ്രസർക്കാർ 1969ൽ ഏർപ്പെടുത്തിയതാണ് പുരസ്കാരം.