സിനിമ കലാസംവിധായകന്‍ മക്കട ദേവദാസ് അന്തരിച്ചു
Monday, September 22, 2025 8:52 AM IST
നൂറോളം ചിത്രങ്ങളുടെ കലാ സംവിധാനവും 300 ചിത്രങ്ങളുടെ ടൈറ്റിലും നിര്‍വഹിച്ച പ്രശസ്ത സിനിമ കലാസംവിധായകന്‍ മക്കട ദേവദാസ് (78) അന്തരിച്ചു. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ കത്തുമായി ദേവദാസ് മദ്രാസിനു വണ്ടി കയറിയത് സിനിമയില്‍ പ്രവര്‍ത്തിക്കണമെന്ന മോഹവുമായാണ്.
ഹരിഹരന്റെ പഞ്ചമിയുടെ ടൈറ്റില്‍ എഴുതിയതാണ് ചലച്ചിത്ര രംഗത്ത് ദേവദാസിന്റെ സ്ഥാനം ഉറപ്പിച്ചത്. തമിഴും മലയാളവുമടക്കം 300 ഓളം പടങ്ങളുടെ ടൈറ്റില്‍ എഴുതി. പി. ചന്ദ്രകുമാറിന്റെ നീയോ ഞാനോ എന്ന സിനിമയില്‍ ദേവദാസ് ആദ്യമായി സ്വതന്ത്ര കലാ സംവിധായകനായി.
കള്ളന് പവിത്രന്റെ ടൈറ്റിലും കലാസംവിധാനവും ദേവദാസാണ് നിര്‍വഹിച്ചത്. കുയിലിനെ തേടി, പ്രേം പൂജാരി, കാവല്‍മാടം, തിങ്കളാഴ്ച നല്ലദിവസം, അയനം, ബ്രഹ്മരക്ഷസ്, തുമ്പോളികടപ്പുറം, സന്ധ്യക്കെന്തിന് സിന്ദൂരം, മലമുകളിലെ ദൈവം, കടമ്പ, വധു ഡോക്ടറാണ്, സുവര്‍ണ്ണ സിംഹാസനം തുടങ്ങി നൂറോളം സിനിമയ്ക്കു കലാ സംവിധാനമൊരുക്കി.
തമിഴില്‍ കാര്‍ത്തിക്കും നന്ദിനിയും അഭിനയിച്ച മനതില്‍ എന്ന പടത്തിനും കലാസംവിധാനമൊരുക്കി. നിരവധി ടെലി സീരിയലുകള്‍ക്കും കലാസംവിധാനമൊരുക്കി. സുല്‍ത്താന്‍ വീടിന് സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് കിട്ടി. മങ്കയാണ് അവസാനം ചെയ്ത ഹ്രസ്വ ചിത്രം. ഭാര്യ: തങ്കം. മകള്‍: പ്രേംകല. മരുമകന്: രമേശ് (യുഎസ്എ).