ജോര്‍ജുകുട്ടി എന്തെങ്കിലുമൊക്കെ കുഴപ്പമുണ്ടാക്കും; "ദൃശ്യം 3'യെക്കുറിച്ച് മോഹന്‍ലാല്‍
Monday, September 22, 2025 11:58 AM IST
മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങി വൻ വിജയമായി തീർത്ത ദൃശ്യം സിനിമയുടെ മൂന്നാം ഭാഗത്തിന്റെ പൂജ ചടങ്ങ് പൂന്തോട്ട എസ് എൻ ലോ കേളജ് അങ്കണത്തിൽ നടന്നു.
ആദ്യരണ്ടുഭാഗങ്ങള് സ്വീകരിച്ച പ്രേക്ഷകര്‍ ദൃശ്യം 3-യും മനസിലേറ്റുമെന്നാണ് പ്രതീക്ഷയെന്നും ചിത്രം വലിയ വിജയമാവട്ടെയെന്നാണ് തന്റെ പ്രാര്‍ഥനയെന്നും മോഹൻലാൽ പറഞ്ഞു.
""ദൃശ്യം 3 ചിത്രീകരണം തുടങ്ങുകയാണ്. ഈ സിനിമ ഒരു തടസവും കൂടാതെ ഷൂട്ടിംഗ് നടക്കണേ, ചിത്രം ഏറ്റവും വലിയ സൂപ്പര്‍ഹിറ്റ് ആയി മാറണേ എന്നാണ് ഓരോ പൂജാ ചടങ്ങിലും മനസുകൊണ്ട് പ്രാര്‍ഥിക്കുന്നത്. അതുപോലെ ഞാന്‍ ഇന്നും പ്രാര്‍ഥിക്കുന്നു. ദൃശ്യം ഒന്നും രണ്ടും മനസിലേറ്റിയ പ്രേക്ഷകര്‍ മൂന്നും മനസിലേറ്റി നടക്കട്ടേയെന്നാണ് പ്രാര്‍ഥന''. മോഹന്‍ലാല്‍ പറഞ്ഞു.
ജോര്‍ജുകുട്ടി എന്തെങ്കിലും കുഴപ്പമുണ്ടാക്കും, പേടിക്കേണ്ട എന്നായിരുന്നു ചിത്രത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മോഹന്‍ലാല്‍ തമാശരൂപേണ പ്രതികരിച്ചത്.
ഈ ആകാംക്ഷയാണ് ദൃശ്യത്തിന്റെ സവിശേഷത. കഥ പറയല്ലേ എന്ന് സംവിധായകന് എന്നോട് പറഞ്ഞു, അതുകൊണ്ട് പറയാന്‍ പറ്റില്ല, മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം 55 ദിവസം കൊണ്ട് പൂർത്തിയാക്കാൻ ആണ് നിലവിലെ പ്ലാൻ. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന് നാല് വർഷത്തിന് ശേഷമുണ്ടാകുന്ന മാറ്റങ്ങളെ ആണ് മൂന്നാം ഭാഗത്തിൽ കൊണ്ടുവരുന്നതെന്ന് ജീത്തു ജോസഫ് നേരത്തെ പറഞ്ഞിരുന്നു.
മോഹന്‍ലാലിന് ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ച സമയത്ത് ദൃശ്യം 3 ഷൂട്ടിംഗ് ആരംഭിക്കാന്‍ കഴിഞ്ഞത് വലിയ സന്തോഷം നല്കുന്ന കാര്യമാണെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.
ഈ സമയവും ദിവസവും ഞങ്ങള്‍ക്ക് ഏറ്റവും മറക്കാന്‍ പറ്റാത്തതാണ്. മോഹന്‍ലാല്‍ സാറിന് ഇത്രയും വലിയ അംഗീകാരം കിട്ടി. അത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യമായാണ് ഞാന്‍ കാണുന്നത്. അദ്ദേഹം പറഞ്ഞു.