വൈക്കം: വിനോദയാത്രകഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ പതിനഞ്ചു കാരനെ വീടിന് സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ടിവി പുരം വട്ടത്തറ പ്രകാശൻ- മാലിനി ദമ്പതികളുടെ മകനും ടിവിപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 10ാം ക്ലാസ് വിദ്യാർഥിയുമായ യദുകൃഷ്ണ (15)നെയാണ് ഇന്നലെ രാവിലെ വീടിന് സമീപത്തെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്കൂളിൽ നിന്ന് വിനോദ യാത്രയ്ക്ക് പോയ യദുകൃഷ്ണൻ ഇന്നലെ പുലർച്ചെ 5.30ഓടെയാണ് വീട്ടിൽ എത്തിയത്. യദുകൃഷ്ണനെ കാണാതെ വന്നതോടെ സഹോദരൻ മിഥുനും സമീപവാസികളും നടത്തിയ തെരച്ചിലിലാണ് വീടിന് സമീപത്തെ തോട്ടിൽ യദു കൃഷ്ണനെ വീണു കിടക്കുന്ന നിലയിൽ കണ്ടത്.
ഉടൻ വൈക്കം താലൂക്ക് ആശുപതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. വൈക്കം പൊലിസ് മേൽനടപടികൾ സ്വീകരിച്ചു.
Tags :