വയലത്തല മാർ സേവേറിയോസ് സ്ലീബ ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാളിനു ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത കൊടിയേറ്റുന്നു. വികാരി ഫാ. മാത്യു കുര്യൻ സമീപം.
വയലത്തല: മാർ സേവേറിയോസ് സ്ലീബ ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാളിനു കൊടിയേറി. നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത കൊടിയേറ്റ് നിർവഹിച്ചു. ഇന്നു കുർബാനയ്ക്കു ശേഷം പരുമല പദയാത്ര പുറപ്പെടും.
നാല്, അഞ്ച് തീയതികളിൽ സന്ധ്യാനമസ്കാരത്തെത്തുടർന്ന് വചനപ്രഘോഷണം. ഫാ. ജോബ് സാം മാത്യു പ്രസംഗിക്കും. ആറിനു വൈകുന്നേരം സന്ധ്യാനമസ്കാരത്തെത്തുടർന്ന് റാസ. ഫാ. സിജു തോമസ് പ്രസംഗിക്കും. ഏഴിനു രാവിലെ വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് പ്രദക്ഷിണം, ശ്ലൈഹിക വാഴ്വ്, കൈമുത്ത്, കൊടിയിറക്ക്.
കുറ്റൂർ പള്ളിയിൽ
തിരുവല്ല: കുറ്റൂർ സെന്റ് ഗ്രിഗോറിയോസ് ബഥാന്യ ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാൾ ഇന്നു മുതൽ ഏഴുവരെ നടക്കും. ഇന്നു രാവിലെ വിശുദ്ധ കുർബാനയെത്തുടർന്ന് ഇടവക വികാരി ഫാ. റോബിൻ കെ. മാത്യു കൊടിയേറ്റ് നിർവഹിക്കും. നാളെ പുലർച്ചെ 4.30 ന് പരുമല തിരുമേനിയുടെ കബറിങ്കലേക്കുള്ള പദയാത്ര ആരംഭിക്കും.
മൂന്നിനു വൈകുന്നേരം ആറിനു സന്ധ്യാനമസ്കാരം, ഗാനശുശൂഷ, രാത്രി ഏഴിനു കൺവെൻഷൻ ഉദ്ഘാടനം - ഫാ. ഫിലിപ്പ് ജേക്കബ് മൂലമണ്ണിൽ നിർവഹിക്കും. തുടർന്ന് ഫാ. ഒബിൻ ജോസഫ് വചനശുശ്രൂഷ നടത്തും. നാലിനു രാത്രി ഏഴിന് ഫാ. സോനു സോളമനും അഞ്ചിനു ഫാ. ഫിലിപ്പ് എൻ. ചെറിയാനും വചന ശുശ്രൂഷക്ക് നേതൃത്വം നൽകും.
ആറിന് 5.30ന് സന്ധ്യാനമസ്കാരം. തുടർന്ന് പുലിയപ്പാറ എവർഗ്രീൻ സുധീഷ് പി. ജേക്കബിന്റെ ഭവനത്തിൽ നടക്കുന്ന സൂത്താറ നമസ്കാരത്തോടെ പ്രദക്ഷിണം ആരംഭിച്ച് കുറ്റൂർ ജംഗ്ഷൻ കുരിശടിയിൽ ധൂപപ്രാർഥന, ശാലേം ജംഗ്ഷൻ, വലിയ കുരിശടിയിലും ചെറിയ കുരിശടിയിലും, ധൂപപ്രാർഥനയ്ക്കുശേഷം പള്ളിയിൽ എത്തിച്ചേരും.
ഏഴിനു രാവിലെ എട്ടിന് വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് വർഗീസ് പുളിമൂട്ടിൽ കോർ എപ്പിസ്കോപ്പ മുഖ്യകാർമികത്വം വഹിക്കും. ഫാ. ഫിലിപ്പ് ജേക്കബ് മൂലമണ്ണിൽ, ഫാ. ഗീവറുഗീസ് ശമുവേൽ എന്നിവർ സഹകാർമികത്വം വഹിക്കും. തുടർന്ന് വലിയ കുരിശടിയിലേക്ക് പ്രദക്ഷിണം. ആശിർവാദം, സ്നേഹവിരുന്ന് എന്നിവയോടെ പെരുന്നാളിനു കൊടിയിറങ്ങും.
ആലപ്രക്കാട് പള്ളിയിൽ
കോട്ടാങ്ങൽ: ആലപ്രക്കാട് സെന്റ് ആന്റണീസ് ദേവാലയത്തിൽ വിശുദ്ധ അന്തോനീസിന്റെ തിരുനാൾ അഞ്ച് മുതൽ 15 വരെ നടക്കും. അഞ്ചിനു വൈകുന്നേരം 4.30ന് കൊടിയേറ്റ്, മധ്യസ്ഥ പ്രാർഥന, ലദീഞ്ഞ്, വിശുദ്ധ കുർബാന. ഫാ.ജോൺസൺ തുണ്ടിയിൽ കാർമികത്വം വഹിക്കും.
അഞ്ചു മുതൽ ഏഴുവരെയും ഒന്പതു മുതൽ 14 വരെയും വൈകുന്നേരം 4.45ന് മധ്യസ്ഥപ്രാർഥന ഉണ്ടാകും. 15നു രാവിലെ ആറിന് കുർബാന. 9.45ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ജോൺ മുള്ളൻപാറ കാർമികത്വം വഹിക്കും. ഫാ. ജയിംസ് പഴയമഠം പ്രസംഗിക്കും. തുടർന്ന് തിരുനാൾ പ്രദക്ഷിണം, കൊടിയിറക്ക്, അടിമവയ്ക്കൽ, ഉത്പന്നലേലം, പുഴുക്കുനേർച്ച എന്നിവ ഉണ്ടാകും. വികാരി ഫാ. തോമസ് നല്ലക്കൂറ്റ് ശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കും.
മാർ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്ററിൽ
റാന്നി: ഇട്ടിയപ്പാറ മാർ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്ററിൽ പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാളിന് കൊടിയേറി. നിലയ്ക്കൽ ഭദ്രാസന സെക്രട്ടറി ഫാ. സോബിൻ സാമുവേൽ കൊടിയേറ്റ് നിർവഹിച്ചു.
ആറിനു വൈകുന്നേരം ആറിന് സന്ധ്യനമസ്കാരത്തെത്തുടർന്ന് ഡീക്കൻ അഭിഷേക് മാത്യൂസ് വചനശുശ്രൂഷ നിർവഹിക്കും. തുടർന്ന് കുരിശടിയിലേക്ക് റാസ. ഏഴിനു രാവിലെ ഏഴിന് പ്രഭാതനമസ്കാരം. തുടർന്ന് ഡോ. ഗീവർഗീസ് റമ്പാൻ വിശുദ്ധ കുർബാന അർപ്പിക്കും. ആശിർവാദം, നേർച്ചവിളമ്പ് എന്നിവയോടെ പെരുന്നാൾ സമാപിക്കും.
ചെങ്ങരൂർ ഓർത്തഡോക്സ് പള്ളിയിൽ
മല്ലപ്പള്ളി: ചെങ്ങരൂർ സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാളിന് വികാരി ഫാ. വർഗീസ് ജോൺ കൊടിയേറ്റി. ഫാ. കെ.ജെ. ജേക്കബ്, സഹ വികാരി ഫാ. നിതിൻ ജോസഫ് ചെറിയാൻ, ട്രസ്റ്റി ഫിലിപ്പ് തോമസ്, സെക്രട്ടറി മാത്യു വർഗീസ്, പെരുന്നാൾ കൺവീനർ ബൈജി ചെള്ളേട്ട്, മനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഇടവകാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ഇന്നു രാവിലെ കുർബാനയ്ക്കുശേഷം പരുമലയിലേക്ക് പദയാത്ര. ആറിനു രാത്രി 7.30ന് ഭക്തിനിർഭരമായ പ്രദക്ഷിണം. എട്ടിന് രാവിലെ കുർബാന, സൺഡേസ്കൂൾ റാലി, ആത്മീയ സംഘടനാ വാർഷികം എന്നിവ നടക്കും. ഫാ. ലിജിൻ കടവുങ്കൽ മുഖ്യാതിഥിയാകും. ഒന്പതിനു രാവിലെ പുതുശേരി എംജിഡി ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ കുർബാന, നേർച്ചവിളന്പ് എന്നിവയോടെ പെരുന്നാൾ സമാപിക്കും.
Tags :