ചെട്ടിമുക്ക് ചാലായിക്കര പാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ച് നെൽവിത്ത് വിതയ്ക്കുന്നു.
പത്തനംതിട്ട: ജില്ലയിൽ ആദ്യമായി കോഴഞ്ചേരി ചെട്ടിമുക്ക് ചാലായിക്കര പാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ച് നെൽവിത്ത് വിതച്ചു. കർഷകനായ ഉത്തമന്റെ പാടശേഖരത്തിലാണ് ഡ്രോൺ വിത നടത്തിയത്. കൃഷിവകുപ്പിന്റെ അഭിമുഖ്യത്തിൽ ഇസ്രയേൽ സന്ദർശിച്ച് അവിടത്തെ കൃഷിരീതികളിൽ പഠനം നടത്തിയിട്ടുള്ളയാളാണ് ആറന്മുള സ്വദേശി ഉത്തമൻ. സാങ്കേതിക സഹായത്തോടെ വിദേശത്തു നടത്തുന്ന കൃഷിരീതികൾ കേരളത്തിലും പ്രായോഗികതലത്തിൽ എത്തിക്കാനാകുമെന്ന വിശ്വാസത്തിലാണ് അദ്ദേഹം.
നിലമൊരുക്കാനും കൊയ്യാനും നെൽകറ്റകൾ മെതിച്ച് നെല്ല് വേർതിരിക്കാനുമെല്ലാം യന്ത്രങ്ങൾ ഉണ്ട്. എന്നാൽ ഇതാദ്യമായാണ് വിത്തുവിതയ്ക്കാൻ ഡ്രോൺ ഉപയോഗിക്കുന്നത്. തൊഴിലാളികളെ ഉപയോഗിച്ചു നടത്തിയിരുന്ന ഒരു ജോലികൂടി ഇതോടെ യന്ത്രസഹായത്തോടെ മാറ്റപ്പെടുകയാണ്. മുൻകാലങ്ങളിൽ ഇതരസംസ്ഥാന തൊഴിലാളികളെയാണ് വിതയ്ക്കാനായി ഇറക്കിയിരുന്നത്. എന്നാൽ, ഇതര സംസ്ഥാന തൊഴിലാളികളെയും ലഭിക്കാത്ത സാഹചര്യമാണുള്ളതെന്ന് കർഷകനായ ഉത്തമൻ പറഞ്ഞു.
ഡ്രോൺ ഉപയോഗിക്കുമ്പോൾ കൂലിച്ചെലവും സമയവും ലാഭിക്കാം. കൂടാതെ ഏക്കറിന് 20 കിലോഗ്രാം വിത്ത് വരെ ലാഭിക്കാനാകുമെന്നും ഉത്തമൻ പറയുന്നു. ഡ്രോണിന്റെ വരവോടെ നെൽകൃഷി ഏതാണ്ട് പൂർണമായും യന്ത്രവത്കൃതമായി മാറിക്കഴിഞ്ഞു. ഇനി ലോഡിംഗിനായി കൺവേർട്ടഡ് ബെൽറ്റ് കൂടി വന്നാൽ പടശേഖരങ്ങൾ പൂർണമായും യന്ത്രവത്കൃതമാകുമെന്നും കർഷകനായ ഉത്തമൻ പറയുന്നു.
പതിറ്റാണ്ടുകളായി കൃഷി മുടങ്ങിക്കിടന്ന ചാലായിക്കര പാടശേഖരത്തിൽ, ആറുവർഷം മുൻപാണ് നെൽകൃഷി പുനരാരംഭിച്ചതെന്ന് പാടശേഖര സമിതി പ്രസിഡന്റ് രാജൻ പറഞ്ഞു. തമിഴ്നാട്ടിലെ സേലത്തുനിന്നാണ് ഡ്രോൺ എത്തിച്ചത്.
പാലക്കാട് പടകാരം പാടശേഖരത്തിൽ വിത്തുവിതക്കാനെത്തിയപ്പോൾ കർഷകനായ ഉത്തമനുമായി പരിചയപ്പെടുകയും അദ്ദേഹം ക്ഷണിച്ചതനുസരിച്ച് ഇവിടേക്കു വരികയുമായിരുന്നുവെന്ന് ഡ്രോൺ ഓപ്പറേറ്റർ സാനു വർഗീസ് പറഞ്ഞു . സാനുവിന്റെ സഹോദരി റീനാ ജോബിയുടെതാണ് ഡ്രോൺ.
തമിഴ്നാട്ടിൽ ഡ്രോൺ ഉപയോഗിച്ച് വിതയ്ക്കുന്നത് സാധാരണമാണ്. കേരളത്തിൽ തൊഴിലാളികൾ കൈകൊണ്ട് വിത്തുവിതയ്ക്കുമ്പോൾ ഏക്കിന് 60 കിലോഗ്രാം വിത്ത് ആവശ്യമാണ്. തമിഴ്നാട്ടിൽ ഏക്കറിന് 25 കിലോ വിത്താണ് വിതക്കാറുള്ളതെന്ന് സാനു വർഗീസ് ചൂണ്ടിക്കാട്ടി. ചാലായിക്കര പാടശേഖരത്തിൽ 40 കിലോ വിത്താണ് വിതയ്ക്കുന്നത്. ഒരേക്കർ വിതയ്ക്കാൻ എട്ടു മിനിട്ട് മതിയാകും. ഏഴു തൊഴിലാളികൾ ഒരാഴ്ചകൊണ്ട് ചെയ്യുമായിരുന്ന ജോലിയാണ് നാലു മണിക്കൂർ കൊണ്ട് ഡ്രോൺ ഉപയോഗിച്ച് ചെയ്തു തീർത്തത്.
നൂറു കിലോഗ്രാം വിത്തും കർഷകന് ലാഭകരമാണ്. കൃഷി യന്ത്രവത്കൃതവും ലാഭകരവുമാകുന്നതോടെ യുവ തലമുറയ്ക്ക് കൃഷിയോടു താത്പര്യമേറുമെന്നും തരിശുകിടക്കുന്ന കേരളത്തിലെ പൊന്നുവിളയുന്ന പാടങ്ങളിൽ കൃഷി പുനരാരംഭിക്കുമന്നുമാണ് കർഷകനായ ഉത്തമന്റെ പ്രതീക്ഷ.
Tags :