ധന്യ മോഹൻ
ചെറുതോണി: വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പൊലിസ് മെഡലിന് അർഹയായ സിവിൽ പൊലിസ് ഓഫിസർ ധന്യ മോഹൻ ഇന്ന് മുഖ്യമന്ത്രിയിൽനിന്നു മെഡൽ ഏറ്റുവാങ്ങും. അവാർഡിന് അർഹയായ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സിപിഒയാണ് ഇടുക്കി വനിതാ പൊലിസ് സ്റ്റേഷനിലെ ധന്യ മോഹൻ.
തിരുവനന്തപുരത്ത് നടക്കുന്ന കേരളപ്പിറവി ദിന ചടങ്ങിലാണ് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലിസ് മെഡൽ സമ്മാനിക്കുന്നത്. വാത്തിക്കുടി പഞ്ചായത്തിലെ രാജമുടി ചൂരക്കുഴിയിൽ മോഹനന്റെയും കുമാരിയുടെയും മകളായ ധന്യ മോഹൻ ഉയർന്ന മാർക്കോടെ എംബിഎ ബിരുദം കസ്ഥമാക്കിയിരുന്നു. 2014 ലാണ് കേരള പൊലിസിൽ ചേർന്നത്. കഴിഞ്ഞ 12 വർഷത്തെ സേവനത്തിനിടെ നിരവധി ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
2023ലും 2024ലും ജില്ലയിലെ മികച്ച ചൈൽഡ് വെൽഫെയർ ഓഫിസർക്കുള്ള അവാർഡിനും അർഹയായിരുന്നു. ഇതേത്തുടർന്ന് ജില്ലയിലെ മികച്ച ചൈൽഡ് ഫ്രണ്ട്ലി പൊലിസ് സ്റ്റേഷനായി മുരിക്കാശേരി സ്റ്റേഷൻ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സോഷ്യൽ പൊലിസിംഗുമായി ബന്ധപ്പെട്ടുള്ള നിരവധി പ്രവർത്തനങ്ങൾ, സ്റ്റുഡന്റ്സ് പൊലിസ് കേഡറ്റ് ക്യാമ്പ് പ്രവർത്തനങ്ങൾ, ക്രൈം ഇൻവെസ്റ്റിഗേഷൻ, കോടതി ഉത്തരവുകൾ സമയബന്ധിതമായി നടപ്പാക്കുന്നതിലെ ഉത്തരവാദിത്വബോധം, ഓഫിസ് പ്രവർത്തനങ്ങളിലെ കൃത്യത എന്നിവയെല്ലാം പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ പൊലിസ് മെഡലിനായി തെരഞ്ഞെടുത്തത്.
ജോലിയുമായി ബന്ധപ്പെട്ടുള്ള തന്റെ ഉത്തരവാദിത്വങ്ങൾ നിർവഹിച്ച ശേഷം ലഭിക്കുന്ന ഇടവേളകൾ പാഴാക്കാതെ നിരവധി സാമൂഹിക അവബോധ പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലാസുകളും നയിച്ചിരുന്നു. ബിസിനസ് മേഖലയിൽ പ്രവർത്തിച്ചുവരുന്ന ശ്യാം കെ. പ്രകാശാണ് ഭർത്താവ്. ഗൗതം കൃഷ്ണയും ഗായത്രി ദേവിയുമാണ് മക്കൾ.
Tags :