റാന്നി: പിഎം റോഡിൽ മണ്ണാറക്കുളഞ്ഞി ഭാഗത്ത് വിറക് കയറ്റിയെത്തിയ ലോറിയിൽ തീപിടിത്തം. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും സമയോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി.
കൊല്ലത്ത് നിന്നും പാലായിലേക്ക് വിറക് കയറ്റി പോവുകയായിരുന്ന വാഹനത്തിലാണ് ഇന്നലെ വൈകുന്നേരം തീപിടിത്തം ഉണ്ടായത്. ലോറിയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ വാഹനം തടഞ്ഞ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. സമീപവാസികൾ ചേർന്ന് പ്രാഥമികമായി തീ അണയ്ക്കാൻ ശ്രമിക്കുകയും തീ പടരുന്നത് തടയുകയും ചെയ്തു.
തുടർന്ന് പത്തനംതിട്ടയിൽ നിന്ന് രണ്ട് ഫയർ ആൻഡ് റെസ്ക്യൂ സർവീസ് യൂണിറ്റുകൾ സ്ഥലത്തെത്തി. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വാഹനത്തിൽ വെള്ളം ഒഴിച്ച് തീ പൂർണമായും നിയന്ത്രണവിധേയമാക്കുകയും വീണ്ടും തീ പടരാനുള്ള സാധ്യത ഒഴിവാക്കുന്നതിനായി ശീതീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
തീ പിടിത്തത്തിൽ ലോറിയുടെ മുൻഭാഗത്തിനും ചരക്കിനും ഭാഗിക നാശനഷ്ടം സംഭവിച്ചു.