ജനകീയ പ്രതിഷേധത്തിനെത്തുടര്‍ന്ന് കലുങ്കിന് കൈവിരി സ്ഥാപിച്ചപ്പോൾ.
എടത്വ: അപായ സൂചനയായി റിബണ്‍കെട്ടി സുരക്ഷ ഒരുക്കിയ കലുങ്കിന് കൈവിരി നിര്‍മിച്ചു. പാരേത്തോട് വട്ടടി റോഡിനെ ബന്ധിപ്പിക്കുന്ന എടത്വ-വട്ടടി റോഡിലെ മടയ്ക്കല്‍ കലുങ്കിനാണ് പുതിയ കൈവിരി നിര്‍മിച്ചത്. തിട്ടയിടിഞ്ഞതോടെ കൈവിരി തകര്‍ന്ന കലുങ്ക് പാലത്തിന്റെ അപകടാവസ്ഥ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ വീപ്പവച്ച് റിബണ്‍ കെട്ടി താത്കാലികമായി സുരക്ഷ ഒരുക്കി. റിബണ്‍ ദ്രവിച്ചുപോയതോടെ വീണ്ടും അപകടം പതിവായി തീര്‍ന്നു. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ് തലവടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധ നില്പ് സമരം നടത്തിയെങ്കിലും ഫലം കണ്ടില്ല.
തുടര്‍ച്ചയായി ഉണ്ടാകുന്ന അപകടം മൂലം പുതിയ കലുങ്ക് നിര്‍മിച്ച് ശാശ്വതപരിഹാരം കാണണമെന്നാവശ്യപ്പെട്ട് മണ്ഡലം പ്രസിഡന്റ് ജോയി ചക്കനാട്, ബൂത്ത് പ്രസിഡന്റ് പി.വി. തോമസ്കുട്ടി, ചൂട്ടുമാലി പാടശേഖര നെല്ലുത്പാദക സമിതി ഭാരവാഹികളായ പി.ഇ. മാത്യു, സന്തോഷ് മാത്യു, ശ്രീകല എസ്. നായര്‍, രജീഷ്കുമാര് പൊയ്യാലുമാലില്‍, ഡോ. ജോണ്സണ് വി. ഇടിക്കുള, ചെറിയാന് ജോര്‍ജ്, ജയിംസ് ചീരംകുന്നേല്‍ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടനാട് എംഎല്‍എ റെജി ചെറിയാന് നിവേദനം നല്കി. എംഎല്‍എ സ്ഥലം സന്ദര്‍ശിച്ച് കലുങ്കിന്റെ ശോചനീയാവസ്ഥ മനസിലാക്കിയതിനെതുടര്‍ന്ന് കൈവിരി സ്ഥാപിക്കുമെന്ന് ഉറപ്പ് നല്കി. തുടര്‍ന്നാണ് കൈവിരി സ്ഥാപിച്ചത്.
റോഡിലെ ഒട്ടുമിക്ക കലുങ്കുകളുടെയും അവസ്ഥ വ്യത്യസ്തമല്ല. ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിനെയും പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. പ്രധാനമന്ത്രി സഡക്ക് യോജന ഗ്രാമീണ പദ്ധതി പ്രകാരം വീതിയുള്ള റോഡിന്റെ നിര്‍മാണം പൂര്‍ത്തിയായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും കലുങ്ക് പാലത്തിന് മാത്രം മാറ്റമില്ല. വിദ്യാര്‍ഥികളും കര്‍ഷകരും മറ്റു യാത്രക്കാരും ആശ്രയിക്കുന്ന റോഡിലെ കലുങ്ക് പാലമാണ് വികസനവും കാത്ത് കിടക്കുന്നത്.
വിളവെടുപ്പ് സമയത്ത് കൊയ്ത്ത് മെഷീന് ഉള്‍പ്പെടെ മില്ലുടമകളുടെ നെല്ല് സംഭരിക്കാനുള്ള വാഹനങ്ങള്‍, സ്കൂള്‍ ബസ്, മറ്റ് സ്വകാര്യ വാഹനങ്ങള്‍ എന്നിവ നിരന്തരം സഞ്ചരിക്കുന്ന റോഡുകൂടിയാണ്. കലുങ്ക് പാലത്തില്‍ കൈവിരി സ്ഥാപിച്ചെങ്കിലും ഈ പാലം പൊളിച്ചു നീക്കി വലിയ പാലങ്ങള്‍ നിര്‍മിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Tags :