തിരുവമ്പാടി: പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ പകർച്ച വ്യാധികൾക്കെതിരേ ജനകീയ കൺവൻഷൻ നടത്തി. മലയോര മേഖലയിൽ ഷിഗെല്ല, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നീ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് ജനകീയ കൺവൻഷൻ നടത്തിയത്.
തിരുവമ്പാടി ഫൊറോന ചർച്ച് പാരിഷ് ഹാളിൽ നടന്ന കൺവൻഷൻ പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ആർ. അജിത അധ്യക്ഷത വഹിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ.വി. പ്രിയ ബോധവത്കരണ ക്ലാസെടുത്തു.
ഹെൽത്ത് ഇൻസ്പെക്ടർ എം. സുനീർ പകർച്ചവ്യാധി പ്രതിരോധ രൂപരേഖ അവതരിപ്പിച്ചു. പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ബിന്ദു ജോൺസൺ, പി.എ. ഫിറോസ്ഖാൻ, വാർഡ് മെംബർമാരായ മറിയാമ്മ ബാബു, കെ.ബി. റിനി, കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ റംല ചോലക്കൽ, വി.എം. മിനി, രതി ടീച്ചർ എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham public convention