എം. ഗോകുല്‍കൃഷ്ണ
കാഞ്ഞങ്ങാട്: ഭാഷകള്‍ പഠിക്കാന്‍ മൊബൈല്‍ ആപ്പുമായി ബളാന്തോട് ജിഎച്ച്എസ്എസിലെ പ്ലസ് വണ്‍ കൊമേഴ്സ് വിദ്യാര്‍ഥി എം. ഗോകുല്‍കൃഷ്ണ. വിദേശഭാഷകളും ഇന്ത്യന്‍ ഭാഷകളും പഠിക്കാനുള്ള സൗകര്യം ഗോകുലിന്റെ "ലിംഗോമേറ്റ്' എന്ന ആപ്പിലുണ്ട്. മാതൃഭാഷയില്‍ തന്നെ മറ്റു ഭാഷ പഠിക്കാന്‍ കഴിയുമെന്നതാണ് ആപ്പിന്റെ പത്യേകത. ഭാഷകളുടെ ഉച്ഛാരണവും വ്യാകരണവും നിത്യജീവിതത്തിലെ പ്രയോഗങ്ങളുമെല്ലാം ആപ്പില്‍ ലഭ്യമാണെന്ന് ഗോകുല്‍കൃഷ്ണ പത്രസമ്മേളനത്തില്‍ പറഞ്ഞു. തുടക്കത്തില്‍ 24 ഭാഷകള്‍ പഠിക്കാനുള്ള സൗകര്യമാണുള്ളത്. വൈകാതെ 31 ഭാഷകള്‍ ലഭ്യമാകും. നിലവില്‍ ലിംഗോമേറ്റ്.എപികെ.കോം എന്ന സൈറ്റില്‍നിന്നും സൗജന്യമായി ആപ് ഡൗണ്‍ലോഡ് ചെയ്യാം. താമസിയാതെ പ്ലേസ്റ്റോറിലും ലഭ്യമാകും.
കോവിഡ് കാലത്ത് ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയിരുന്നതിനാല്‍ തുടര്‍ച്ചയായി മൊബൈല്‍ ഫോണ്‍ നോക്കിയിരിക്കുന്നത് കണ്ണിന് ഏറെ ബുദ്ധിമുട്ടായതിനാല്‍ യുപി ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ഗോകുലിന് മാതാപിതാക്കള്‍ ലാപ്ടോപ്പ് വാങ്ങിനല്‍കിയിരുന്നു. പിന്നീട് യുട്യൂബ് നോക്കി വെബ്ഡിസൈനിംഗ് പഠിച്ചു. പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് സ്വന്തമായി ആപ് നിര്‍മിക്കാനുള്ള ആഗ്രഹമുണ്ടായത്. എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലം ഇതിനായി ചെലവഴിച്ചു. കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ബിരുദപഠനം നടത്താനാണ് ആഗ്രഹമെന്ന് ഗോകുല്‍ പറഞ്ഞു. പാണത്തൂരിലെ കര്‍ഷകനായ കൃഷ്ണകുമാറിന്റെയും രഞ്ജിനിയുടെയും മകനാണ്. പനത്തടി പഞ്ചായത്തംഗങ്ങളായ കെ.കെ. വേണുഗോപാല്‍, എം. ഷിബു, ഗോകുല്‍കൃഷ്ണയുടെ പിതാവ് കൃഷ്ണകുമാര്‍, ബി. ജിതേഷ്, രാജീവ് എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
Tags :