ജിനോ തോമസ് പാക്കിസ്ഥാന് അതിര്‍ത്തിയായ തുര്‍തുക് മേഖലയിലെ കുട്ടികള്‍ക്കൊപ്പം.
കരിങ്കുന്നം: സെന്റ് അഗസ്റ്റിന്‍സ് എച്ച്എസ്എസ് അധ്യാപകനായ ജിനോ തോമസ് ലഡാക്കിലേക്ക് യാത്ര നടത്തിയത് പ്രകൃതിയുടെ മനോഹാരിത നുകരാനല്ല. മറിച്ച് ലഹരിക്കെതിരായ ബോധവത്കരണം, പ്രകൃതി സംരക്ഷണം, കുട്ടികളുടെ സംരക്ഷണം എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു. പ്ലക്കാര്‍ഡോ, പോസ്റ്ററോ ഉയര്‍ത്തിയായിരുന്നില്ല ഈ യാത്ര. താന്‍ ധരിച്ച ടീ ഷര്‍ട്ടില്‍ ഈ സന്ദേശങ്ങള്‍ രേഖപ്പെടുത്തിയായിരുന്നു ബൈക്ക് യാത്ര നടത്തിയത്. സംസ്ഥാനത്തുനിന്ന് ഒരാഴ്ച നീണ്ടുനിന്ന യാത്രയ്ക്കിടെ വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ എന്നിവരുമായി സംവദിക്കാനും ഇദ്ദേഹം തയാറായി.
സാഹസികയാത്രയുടെ ത്രില്ലിനെക്കാള്‍ ലഡാക്കിലെ കുട്ടികളുമായി സംസാരിക്കാനായിരുന്നു ഈ അധ്യാപകന്റെ ഹൃദയദാഹം. പുതുതായെത്തിയ നാട്ടിലെ കുട്ടികളുമായി സംവദിക്കുക്കുന്ന ത്രില്ലിലായിരുന്നു ഈ അധ്യാപകന്.
ലഡാക്കിലിപ്പോള്‍ യുദ്ധസമാനമായ സാഹചര്യങ്ങള്‍ ഒന്നുമില്ലെങ്കിലും കാലാവസ്ഥയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും രാജ്യത്തിന്റെ അതിര്‍ത്തിപ്രദേശമെന്ന നിലയിലുള്ള സാഹചര്യങ്ങളും കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളില്‍ ഭീതി വളര്‍ത്തുന്നുണ്ട്. ഇന്ത്യ-ചൈന യുദ്ധത്തിനും ഇന്ത്യ-പാക്കിസ്ഥാന് യുദ്ധത്തിനും സാക്ഷിയായ ലഡാക്കിന്റെ മണ്ണില്‍ ജീവിക്കുന്ന ആളുകള്‍ പൊതുവേ ശാന്തരും മനുഷ്യസ്നേഹികളുമാണ്.
എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന നാടന്‍ ക്യാമ്പ് എന്ന ടൂര്‍ ഓപ്പറേറ്റര്‍ കമ്പനിയുടെ നേതൃത്വത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വനിതകള്‍ ഉള്‍പ്പടെ 40 പേരുടെ സംഘം ലഡാക്കിന്റെ വിവിധ ഭാഗങ്ങളായ ലേ, കര്‍ദുങ്ലാ, ഹ്യൂന്ദര്, നുബ്രവാലി, തുര്‍തുക് പ്രദേശങ്ങളില്‍ ഒരാഴ്ചയോളം നീണ്ടുനിന്ന സാഹസിക ബൈക്ക് യാത്രയിലാണ് ഇത്തരമൊരു സന്ദേശലക്ഷ്യംകൂടി ഉള്‍പ്പെടുത്തിയത്.
കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസവും യുവാക്കള്‍ക്ക് മികച്ച ആരോഗ്യ പൗരബോധം, പരിസ്ഥിതി സംരക്ഷണം എന്നിവ നല്‍കുന്നതിലൂടെ സാമൂഹിക ബോധമുള്ള മികച്ച സമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിയുമെന്ന് ജിനോ തോമസ് പറയുന്നു.
Tags :