കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനുള്ളിൽ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്നു.
കാഞ്ഞിരപ്പള്ളി: മിനി സിവിൽ സ്റ്റേഷനുള്ളിൽ കൂട്ടിയിട്ടിരുന്ന മാലിന്യങ്ങൾ നീക്കം ചെയ്തു. സിവിൽ സ്റ്റേഷന്റെ ആദ്യ നിലയിലെ പുറകിലത്തെ വാതിലിനോട് ചേർന്നാണ് മാലിന്യങ്ങൾ കൂടിക്കിടന്നിരുന്നത്. വിവിധ ഓഫീസുകൾ നവീകരിച്ചപ്പോൾ മിച്ചം വന്നവയും വിവിധ സർവീസ് സംഘടനകളുടെ ബാനറുകളും പോസ്റ്ററുകളും എല്ലാം ഇക്കൂട്ടത്തിലുണ്ടായിരുന്നു.
നടന്നുപോകാൻ പോലും കഴിയാത്ത രീതിയിലായിരുന്നു വാതിലിനു സമീപം ഇവ കൂട്ടിയിട്ടിരുന്നത്. ഇതുവഴി കടന്നുപോകുന്ന പൊതുജനവും ഉദ്യോഗസ്ഥരും ഇതുമൂലം ഇഴജന്തുക്കളെയടക്കം ഭയക്കേണ്ട അവസ്ഥയിലായിരുന്നു.
മാലിന്യങ്ങൾ നീക്കം ചെയ്യാൻ തഹസിൽദാർ പി.എസ്. സുനിൽകുമാർ അതത് ഓഫീസുകൾക്കും വിവിധ സർവീസ് സംഘടനകൾക്കും നിരവധി തവണ നോട്ടീസ് നൽകിയെങ്കിലും ഫലം ഉണ്ടാകാതെ വന്നതോടെ അദ്ദേഹം തന്നെ മുൻകൈയെടുത്ത് മാലിന്യങ്ങൾ നീക്കം ചെയ്യുകയായിരുന്നു. തന്റെ ഓഫീസിലെ സഹപ്രവർത്തകരെ കൂടെ കൂട്ടിയാണ് മാലിന്യങ്ങൾ മുഴുവനായി നീക്കിയത്.
Tags :