വൈഗമോൾക്കും മാതാപിതാക്കൾക്കുമൊപ്പം എസ്ഐ സിജോ രവീന്ദ്രൻ, എഎസ്ഐ അജിത് കുമാർ, സിപിഒ സനീത്.
എരുമേലി: പിറന്നാൾ ദിനത്തിൽ അങ്കണവാടിയിൽ അച്ഛൻ മിഠായിയുമായി വരുന്നത് കാത്തിരുന്ന വൈഗമോളുടെ മുന്നിലെത്തിയത് പൊലിസ്. അമ്പരന്നുപോയ കുരുന്നിന്റെ കൈകളിലേക്ക് പൊലിസ് കേക്കും മിഠായികളും പുത്തനുടുപ്പും നൽകി.
കഴിഞ്ഞ 16ന് വൈഗയുടെ ജന്മദിനത്തിൽ അങ്കണവാടിയിലെ കൂട്ടുകാർക്ക് മിഠായി നൽകാൻ ആകെയുള്ള 200 രൂപയുമായി പിതാവ് സുജിത് സുഹൃത്തിന്റെ ബൈക്കിന്റെ പിന്നിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്നതിനിടെ പൊലിസ് പിടിച്ചു. പിഴയായി 250 രൂപയും ചുമത്തി. ഭാര്യ ഓപ്പറേഷൻ കഴിഞ്ഞു ആശുപത്രിയിൽ ചികിത്സയിലാണെന്നും ഒരു മാസത്തോളമായി ജോലി മുടങ്ങിയെന്നും ആകെയുള്ള 200 രൂപ മകളുടെ ജന്മദിനത്തിൽ അവൾക്കും അങ്കണവാടിയിലെ കൂട്ടുകാർക്കും മിഠായി വാങ്ങാനുള്ളതാണെന്നും സുജിത് പൊലിസിനോട് പറഞ്ഞു.
ഇതു ശരിയാണെന്ന് മനസിലായതോടെ പിഴ എഴുതിയ രസീത് എസ്ഐ സിജോ രവീന്ദ്രൻ തിരികെ വാങ്ങി സ്വന്തം പോക്കറ്റിലിട്ടു. പിന്നാലെ എഎസ്ഐ അജിത് കുമാർ, സിപിഒ സനീത് എന്നിവർ ചേർന്ന് പിതാവിനൊപ്പം പോയി കേക്കും മിഠായിയും പുത്തൻ ഉടുപ്പും വാങ്ങി വൈഗയുടെ അങ്കണവാടിയിൽ എത്തി. കുഞ്ഞുകൂട്ടുകാർക്കൊപ്പം വൈഗയുടെ പിറന്നാൾ കേക്കും മുറിച്ചാണ് പൊലിസ് മടങ്ങിയത്.
Tags :