എരുമപ്പെട്ടി: പാഴിയോട്ടുമുറിയിൽ കാർ ബൈക്കിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. ആദൂർ കാരേങ്ങൽ മുഹമ്മദ് ഹാഷിം (24) ആണ് മരിച്ചത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന ഹാഷിമിന്റെ ഭാര്യ എരുമപ്പെട്ടി സ്വദേശി സിയാ മൈമൂന (20) ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് നാലോടെ കുന്നംകുളം - വടക്കാഞ്ചേരി സംസ്ഥാനപാതയിൽ പാഴിയോട്ടുമുറി പാത്രമംഗലം റോഡിനു സമീപമാണ് അപകടമുണ്ടായത്. വടക്കാഞ്ചേരി ഭാഗത്തുനിന്ന് അമിതവേഗത്തിൽ വന്നിരുന്ന കാർ നിയന്ത്രണംവിട്ട് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ദമ്പതികൾ തെറിച്ചുവീണു. തുടയെല്ല് തകർന്ന ഹാഷിം തൃശൂർ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മരിച്ചു. ഹാഷിമിന്റെ കാൽ ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റിയിരുന്നു. ഭാര്യ അങ്കമാലി അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്.
എരുമപ്പെട്ടിയിലെ ഭാര്യാവീട്ടിലേക്ക് വരുന്നതിനിടയിലാണ് അപകടം. അടുത്തദിവസം ദുബായിലേക്ക് ജോലിക്കു പോകാനിരിക്കുകയായിരുന്നു ഹാഷിം.