ആറാംമൈൽ - കുറിച്യർമല റോഡ് തകർന്ന നിലയിൽ.
വൈത്തിരി: ആറാംമൈൽ - കുറിച്യർമല റോഡ് തകർന്നതോടെ പ്രദേശത്തെ നിരവധി കുടുംബങ്ങൾ കടുത്ത യാത്രാദുരിതത്തിലാണ്. വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടക്കാത്തതിനെ തുടർന്ന് റോഡിലുടനീളം കൂറ്റൻ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. കാൽനടയാത്ര പോലും അസാധ്യമായ രീതിയിലാണ് റോഡിന്റെ നിലവിലെ അവസ്ഥ. അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസുകൾക്കോ മറ്റ് വാഹനങ്ങൾക്കോ പ്രദേശത്തേക്ക് എത്തിച്ചേരാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
റോഡിന്റെ ദുരവസ്ഥ കാരണം ഓട്ടോ, ടാക്സി ഡ്രൈവർമാർ ഈ വഴിക്ക് സർവീസ് നടത്താൻ മടിക്കുന്നതിനാൽ സ്കൂൾ കുട്ടികളും വയോധികരും കിലോമീറ്ററുകൾ നടന്നാണ് പ്രധാന പാതയിലെത്തുന്നത്. ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നിരന്തരം വാഗ്ദാനങ്ങൾ നൽകുന്നതല്ലാതെ ശാശ്വതമായ ഒരു പരിഹാരവും കാണുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. റോഡിന്റെ പുനരുദ്ധാരണ പ്രവർത്തികൾ ഉടൻ ആരംഭിച്ചില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകാനാണ് നാട്ടുകാരുടെ തീരുമാനം.