മുടപ്പല്ലൂർ ടൗണിലെ പൊടിയിലൂടെ നീങ്ങുന്ന ബസ്.
വടക്കഞ്ചേരി: മംഗലം- ഗോവിന്ദാപുരം അന്തർസംസ്ഥാനപാതയിൽ യാത്ര കഠിനതരം. പലയിടത്തും അപകടക്കെണികളായി കുഴികളാണ്.
പാതയിലെ പ്രധാന ടൗണായ മുടപ്പല്ലൂർ ടൗണിലെ പൊടിശല്യമാണ് അതിരൂക്ഷം. മഴ പെയ്താൽ വെള്ളക്കെട്ടിൽ മുങ്ങുന്ന ടൗൺഭാഗം മെറ്റലും പാറപ്പൊടിയും നിരത്തി ചെറിയ തോതിൽ ഉയർത്തി.
പിന്നീട് ടാറിംഗ് നടത്തിയില്ല. ഇപ്പോൾ വാഹനങ്ങൾ കടന്നുപോകുമ്പോൾ ടൗൺ പൊടിയിൽ മുങ്ങുന്ന സ്ഥിതിയായി. പൊടിശല്യംമൂലം പല കടകളും അടച്ചു. വള്ളിയോട് തേവർകാട് കൺവെൻഷൻ സെന്ററിനടുത്തും പൊടി തന്നെയാണ് വില്ലൻ.
പാതവക്കിലെ വീട്ടുകാർക്കും കച്ചവടക്കാർക്കും പൊടി വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. ഇവിടേയും ടാറിംഗ് നടത്തിയിട്ടില്ല. പാതയിൽ മറ്റു പല ഭാഗങ്ങളിലുമുണ്ട് അപായക്കുഴികൾ.
മംഗലം- ഗോവിന്ദാപുരം അന്തർസംസ്ഥാനപാതയിലെ പ്രധാന ടൗണുകളിലൊന്നാണ് മുടപ്പല്ലൂർ ടൗൺ.
എന്നാൽ ടൗൺ ജംഗ്ഷനിൽ വെള്ളക്കെട്ടും റോഡ് തകർച്ചയുമായി വളരെ ദുരിതത്തിലാണ് ജനങ്ങൾ. ടൗണിലെ തകർന് ഭാഗം റീടാറിംഗിനായി മെറ്റലും പാറപ്പൊടിയും നിരത്തി പിന്നീട് ടാറിംഗ് ചെയ്യാതിരുന്നതാണ് ടൗൺപ്രദേശം പൊടിയിൽ മുങ്ങാൻ കാരണമായിട്ടുള്ളത്.
ടൗണിലെത്തുന്ന നൂറുകണക്കിന് യാത്രക്കാരും കച്ചവടക്കാരും ബുദ്ധിമുട്ടുന്ന സ്ഥിതിയുണ്ട്. ടാറിംഗ് നടത്തി ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണം.
ഈ ആവശ്യവുമായി പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. നടപടി ഉടനുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ടൗണിലെ വെള്ളക്കെട്ടിനും പരിഹാരമുണ്ടാക്കണം.
ശാരദ ഗോപിനാഥ്,
വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.
മംഗലം- ഗോവിന്ദാപുരം അന്തർസംസ്ഥാനപാതയിൽ വള്ളിയോട് തേവർകാട് കൺവൻഷൻ സെന്ററിനടുത്തെ വീട്ടുകാരും കച്ചവടക്കാരും റോഡിൽനിന്നുവരുന്ന പൊടിമൂലം വലിയ ബുദ്ധിമുട്ടിലാണ്. വീടുകളുടെ ജനാലകളോ വാതിലുകളോ തുറക്കാനാകാത്തവിധം റോഡിൽനിന്നുള്ള പൊടി പ്രദേശമാകെ നിറയുന്നു. കാറ്റടിക്കുമ്പോഴും വാഹനങ്ങൾ കടന്നുപോകുമ്പോഴും പാറപ്പൊടി വീടുകളിലേക്കും കടകളിലേക്കും വന്നുനിറയും.
ദിവസം മൂന്നുംനാലും തവണ വൃത്തിയാക്കിയാണ് വീടുകളിൽ കഴിയുന്നത്. പൊടി രൂക്ഷമായതോടെ ശരീരത്തിൽ തടിപ്പും ചൊറിച്ചിലും ശ്വാസസംബന്ധമായ അസുഖങ്ങളും മാറാതായി. റോഡിലെ കലുങ്ക് പുതുക്കി പണിയുന്നതിനായി ഇറക്കിയ മെറ്റലും പാറപ്പൊടിയുമാണ് പൊടിശല്യം രൂക്ഷമാക്കുന്നത്. കലുങ്ക്പണി കഴിഞ്ഞെങ്കിലും ഇരുഭാഗത്തും ടാറിംഗ് നടത്തിയിട്ടില്ല.
റോഡിൽ വലിയ കുഴികളാണ്. കുഴികളിൽ തള്ളിയ ക്വാറിവേസ്റ്റിന്റെ പൊടിയും ഇതിനൊപ്പമുണ്ട്. പൊടിമൂടി വീട്ടുവളപ്പിലെ വിളകളെല്ലാം നശിക്കുന്ന സ്ഥിതിയായി. ഇവിടെ ടാറിംഗ് നടത്തി പാറപ്പൊടിയും മെറ്റലും നീക്കംചെയ്യണം.
മാത്യു ആലുങ്കൽ, വള്ളിയോട്.
മുടപ്പല്ലൂർ ടൗണിലെ റോഡിന്റെ ദുരവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഒരാഴ്ചമുമ്പ് പൊതുമരാമത്ത് മന്ത്രി ഉൾപ്പെടെയുള്ളവർക്കു നിവേദനം നൽകിയിരുന്നു. ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ക്വാറിവേസ്റ്റും മെറ്റലും പാറപ്പൊടിയും നിരത്തി റോഡ് ഉയർത്തിയിരുന്നു. പിന്നീട് ടാറിംഗ് നടത്തിയില്ല. ഇതിനാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ പൊടിയിൽ മുങ്ങുകയാണ് കടകളും വ്യാപാരസ്ഥാപനങ്ങളും. മന്ത്രിയുടെ ഭാഗത്തുനിന്ന് സത്വരനടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രമേശ്ബാബു, ജനറൽ സെക്രട്ടറി, വ്യാപാരി വ്യവസായി
ഏകോപന സമിതി മുടപ്പല്ലൂർ യൂണിറ്റ്.
റോഡിന്റെ ദുരവസ്ഥ മൂലം മുടപ്പല്ലൂർ ടൗണിൽ കച്ചവടം ചെയ്യാനാകാത്ത സ്ഥിതിയായി. മഴപെയ്താൽ വെള്ളക്കെട്ടും മഴയില്ലെങ്കിൽ പൊടിശല്യവുമായി വലിയ ദുരിതത്തിലാണ്. പൊടിയിൽമുങ്ങി ടൗണിലെ ഹോട്ടലുകൾ, ബേക്കറികൾ തുടങ്ങി നിരവധി കടകൾ അടച്ചിട്ടിരിക്കുകയാണ്. ടാറിംഗിന്റെ മുന്നോടിയായി നിരത്തിയ മെറ്റലും പാറപ്പൊടിയും വെയിലിൽ ഉണങ്ങി പിന്നീട് വാഹനങ്ങൾ കടന്നുപോകുമ്പോൾ പ്രദേശം പൊടിയിൽ മുങ്ങുകയാണ്. കാലങ്ങളായുള്ള ടൗണിലെ വെള്ളക്കെട്ടിനും പരിഹാരം വേണം.
എ. പ്രകാശൻ, പ്രസിഡന്റ്, വ്യാപാരി വ്യവസായി
ഏകോപന സമിതി മുടപ്പല്ലൂർ യൂണിറ്റ്.
Tags : District News Nattuvishesham Potholes Dust Mangalam-Govindapuram State Highway