തിരുവാങ്കുളം: അത്യാസന്ന നിലയിലായ രോഗിയുമായി പോയ ആംബുലൻസ് റോഡിൽ തെന്നി നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് കാനയിലേയ്ക്കിടിച്ചു കയറി. അപകടത്തിൽ ആംബുലൻസിലുണ്ടായിരുന്ന രോഗിക്കും നഴ്സിനും നിസാര പരുക്കേറ്റു. ഇവരെ മറ്റൊരു ആംബുലൻസിൽ ആശുപത്രിയിലേയ്ക്ക് മാറ്റി.
ഇന്നലെ പുലർച്ചെ 4.10 ഓടെ തിരുവാങ്കുളം സെന്റ് ജോർജ് കത്തോലിക്ക പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്.
തിരുവല്ലയിൽ നിന്നും ആസ്റ്റർ മെഡിസിറ്റിയിലേക്ക് വെന്റിലേറ്ററിലായിരുന്ന രോഗിയെ കൊണ്ടുവന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. മഴയിൽ നനഞ്ഞ് കിടന്ന റോഡിൽ നിന്നും തെന്നി മാറിയതോടെ ഡ്രൈവർ ബ്രേക്ക് ചെയ്തതിനെ തുടർന്ന് റോഡിൽ വട്ടം കറങ്ങി എതിർദിശയിലെ വൈദ്യുത പോസ്റ്റ് തകർത്ത് കാനയിൽ ചരിഞ്ഞു നിൽക്കുകയായിരുന്നു വാഹനം.
അപകടത്തിൽ ആംബുലൻസിന്റെ പിൻവാതിൽ ദൂരേയ്ക്ക് തെറിച്ചു പോയി. സംഭവം കണ്ട് പള്ളിയിലേയ്ക്ക് പോയ വിശ്വാസികളും നാട്ടുകാരും ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി. പൊലീസും സ്ഥലത്തെത്തി.
Tags : Local News Nattuvishesham Ernakulam