ശ്രീകണ്ഠപുരത്ത് സ്വകാര്യ ബസിനടിയിൽ ബൈക്ക് കുടുങ്ങിയുണ്ടായ അപകടം.
ശ്രീകണ്ഠപുരം: ഗാന്ധി സ്ക്വയറിൽ സ്വകാര്യ ബസിനടിയിൽ ബൈക്ക് കുടുങ്ങി അപകടം. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. പയ്യാവൂർ ഭാഗത്തുനിന്നു കണ്ണൂർ ഭാഗത്തേക്കു പോവുകയായിരുന്ന സ്വകാര്യബസ് ശ്രീകണ്ഠപുരം ബസ്സ്റ്റാൻഡിലേക്കു പ്രവേശിക്കുന്നതിനായി സിഗ്നലിൽനിന്ന് സംസ്ഥാന പാതയിലേക്കു കടക്കുന്നതിനിടെ ബൈക്കിനെ മറികടന്നു മുന്നിൽ കയറാൻ ശ്രമിച്ചതാണ് അപകടത്തിനു കാരണമായത്. പഴയങ്ങാടി ഭാഗത്തുനിന്നു ശ്രീകണ്ഠപുരം ഭാഗത്തേക്കു പോകാനായി സിഗ്നലിൽ പ്രവേശിച്ച ബൈക്ക് ബസിനടിയിൽ കുടുങ്ങുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. തലനാരിഴയ്ക്കാണു വൻ ദുരന്തം ഒഴിവായത്.
അതേസമയം ഗാന്ധി സ്ക്വയറിലെ സിഗ്നൽ സംവിധാനത്തിലെ തകരാറുകൾ അപകടഭീഷണി ഉയർത്തുകയാണ്. വൈകുന്നേരങ്ങളിൽ സിഗ്നൽ പ്രവർത്തനരഹിതമാകുന്നത് വാഹനയാത്രക്കാർക്ക് വലിയ ആശയക്കുഴപ്പമാണു സൃഷ്ടിക്കുന്നത്. ഓഫിസുകളും സ്കൂളുകളും വിട്ടെത്തുന്ന സമയത്ത് വാഹനത്തിരക്ക് വർധിക്കുന്നതും സിഗ്നൽ ലംഘിക്കുന്ന വാഹനങ്ങളുടെ സഞ്ചാരവും അപകടസാധ്യത കൂട്ടുന്നു.
Tags : Accident as bike NattuVishesham DistricteNews