പീരുമേട്: മുണ്ടക്കയത്ത് കാറിലിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത പുത്തന്‍ചന്ത സ്വദേശി ആസിഫിനെ അധിക്ഷേപിച്ചെന്നാരോപിച്ച് തിരുവനന്തപുരം സ്വദേശികളായ സഞ്ചാരികളെ മര്‍ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍. ഈ കേസിലെ പരാതിക്കാര്‍ മധ്യവയസ്കനെ ആക്രമിച്ച കേസിലെ പ്രതികളാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.
സഞ്ചാരികളെ മര്‍ദിച്ച കേസില്‍ പിടിയിലായവരില്‍ പോലീസ് ഉദ്യോഗസ്ഥനും ഫയര്‍ഫോഴ്സ് ജീവനക്കാരനുമടക്കമുള്ളവരുണ്ട്. ആസിഫിന്റെ പിതാവ് ഷിയാസും സുഹൃത്തുക്കളും ചേര്‍ന്ന് മൂന്നു കാറുകളിലും ഒരു ഓട്ടോയിലുമായി സഞ്ചാരികളുടെ കാര്‍ പിന്തുടര്ന്ന് പെരുവന്താനം, കുട്ടിക്കാനം എന്നിവിടങ്ങളിലെത്തിയാണ് മര്‍ദിച്ചത്.
പെരുവന്താനം പോലീസ് സ്റ്റേഷന് പരിധിയില്‍ നടന്ന സംഭവത്തില്‍ പ്രതികളെ പെരുവന്താനം പോലീസ് ഇന്‍സ്പെക്ടര്‍ തൃദീപ് ചന്ദ്രന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത് നടപടികള്‍ പുരോഗമിച്ചുവരികയായിരുന്നു.
ഇതിനിടെയാണ് മര്‍ദനമേറ്റവര്‍ കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് കാറോടിച്ചുവരികയായിരുന്ന മോന്‍സി ജോര്‍ജിനെ തങ്ങളുടെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്തതിനെത്തുടര്‍ന്നു വാഹനം വഴിമധ്യേ കുറുകെയിട്ട് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചിരുന്നു.
ഇവരെ പെരുവന്താനം പോലീസ് കസ്റ്റഡിയിലെടുത്ത് കാഞ്ഞിരപ്പള്ളി പോലീസിനു കൈമാറി.