അടൂര്‍: അത്യാധുനിക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഫിലിപ്സ് ഇന്സൈസീവ് സിടി യുപിജി 5300 5.1വി സ്കാനര്‍ സംവിധാനം അടൂര്‍ ലൈഫ് ലൈന്‍ മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിയില്‍ സജ്ജമാകുന്നു. ഏറ്റവും പുതിയ ഹൈ-എന്‍ഡ് സാങ്കേതികവിദ്യയിലുള്ള സ്കാനറിന്റെ ഉദ്ഘാടനം നാളെ രണ്ടിന് മന്ത്രി കെ. മുരളീധരന് നിര്‍വഹിക്കും. ആശുപത്രി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ്. പാപ്പച്ചന് അധ്യക്ഷത വഹിക്കും.
എംഎല്‍എമാരായ സി.വി. ശാന്തകുമാര്‍, പഴകുളം മധു, ആശുപത്രി ഡയറക്ടര്‍മാരായ ഡോ. സിറിയക് പാപ്പച്ചന്, ഡോ. മാത്യു പാപ്പച്ചന്, സിഇഒ ഡോ. ജോര്‍ജ് ചാക്കച്ചേരി തുടങ്ങിയവര്‍ പങ്കെടുക്കും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ കൂടുതല്‍ കൃത്യതയോടെയും കുറഞ്ഞ റേഡിയേഷന് ഡോസിലും സ്കാനിംഗ് നടത്താന്‍ ഈ സംവിധാനത്തിലൂടെ കഴിയും. ഉയര്‍ന്ന നിലവാരത്തിലുള്ളതും കൂടുതല്‍ വ്യക്തതയുള്ളതുമായ ചിത്രങ്ങള്‍ ലഭിക്കുന്നതിനാല്‍ ചെറിയ രോഗവ്യതിയാനങ്ങളും സൂക്ഷ്മമായ ക്ഷതങ്ങളും കണ്ടെത്താന്‍ സഹായകരമാകും.
128 സ്ലൈസ് സാങ്കേതികവിദ്യ, അതിവേഗ സ്കാനിങ്, ഓട്ടോമാറ്റിക് പേഷ്യന്റ് പൊസിഷനിംഗ്, അതിവേഗ ഇമേജ് പ്രോസസിംഗ് എന്നിവയാണ് പ്രധാന സവിശേഷതകള്‍. മസ്തിഷ്കം, നെഞ്ച്, ഉദരം, രക്തക്കുഴലുകള്‍ എന്നിവയുടെ വിശദമായ പരിശോധനകള്‍ക്കൊപ്പം ഹൃദയത്തിന്റെയും കൊറോണറി ധമനികളുടെയും മികച്ച ചിത്രീകരണത്തിനും സംവിധാനം പ്രയോജനപ്പെടും.
അടിയന്തര സാഹചര്യങ്ങളിലും അപകടങ്ങളിലും പരിക്കുകളിലും വേഗത്തില്‍ പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിയുന്നത് രോഗികള്‍ക്ക് ഏറെ പ്രയോജനകരമാണ്. പുതിയ സിടി സ്കാനര്‍ സ്ഥാപിക്കുന്നതോടെ അടൂര്‍, പത്തനംതിട്ട ജില്ലകള്‍ ഉള്‍പ്പെടെയുള്ള മധ്യതിരുവിതാംകൂറിലെ ജനങ്ങള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള ആധുനിക രോഗനിര്‍ണയ സൗകര്യങ്ങള്‍ കൂടുതല്‍ പ്രാപ്യമാകുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Tags : Adoor Lifeline Nattuvishesham Districtnews