അരിമ്പൂരിൽ വഴിയോരക്കച്ചവടം ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ സർവകക്ഷിയോഗം.
അരിമ്പൂർ: പുറമ്പോക്ക് ഭൂമിയും പൊതുമരാമത്ത് വകുപ്പ് റോഡും ഉൾപ്പടെയുള്ള പൊതു സ്ഥലങ്ങൾ കൈയേറി നടത്തുന്ന വഴിയോരക്കച്ചവടങ്ങൾ ഒഴിപ്പിക്കുന്നതിനായി അരിമ്പൂർ പഞ്ചായത്തിൽ സർവകക്ഷിയോഗം ചേർന്നു.
പഞ്ചായത്ത് പ്രസിഡന്റ് സി.എൽ. ജോൺ സന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, കച്ചവട ക്കാർ, പൊലിസ്, ബ്ലോക്ക് - ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ, പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയർ തുടങ്ങിയവർ പങ്കെടുത്തു.
പൊതുസ്ഥലങ്ങളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന ശക്തമായ നിലപാടാണു പഞ്ചായത്ത് പ്രസിഡന്റ് സ്വീകരിച്ചത്. റോഡരികിലെ കച്ചവടങ്ങൾ ഒഴിവാക്കുന്നതിനായി കച്ചവടക്കാർക്ക് നേരത്തേ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഏഴുദിവസത്തിനകം വീണ്ടും നോട്ടീസ് നൽകുമെന്നും നിയമനടപടികൾ കർശനമാക്കുമെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതർ യോഗത്തിൽ അറിയിച്ചു.
നികുതി നൽകാതെ നടത്തുന്ന വഴിയോരക്കച്ചവടങ്ങൾ തങ്ങളുടെ വരുമാനത്തെ ബാധിക്കുന്നുണ്ടെന്നും ഇത്തരം നിയമലംഘനങ്ങൾ തടയണമെന്നും വ്യാപാരി പ്രതിനിധികൾ ആവശ്യപ്പെട്ടു. അതേസമയം, വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കാതെ ഒഴിപ്പിക്കൽ നടപടികൾ അംഗീകരിക്കില്ലെന്ന നിലപാടാണ് സിപിഎം പ്രതിനിധികൾ സ്വീകരിച്ചത്.
മനക്കൊടി-ചേറ്റുപുഴ മേഖലയിലെ വഴിയോരക്കച്ചവട സ്ഥാപനങ്ങളാണു യോഗത്തിൽ പ്രധാനമായും ചർച്ചയായത്. പഞ്ചായത്ത് അല്ലെങ്കിൽ പൊതുമരാമത്ത് വകുപ്പ് വികസനപ്രവർത്തനങ്ങൾ നടത്തുകയാണെങ്കിൽ കച്ചവടസ്ഥാപനങ്ങൾ ഒഴിഞ്ഞുകൊടുക്കാൻ തയാറാണെന്ന് സിഐടിയു വഴിയോരക്കച്ചവട യൂണിയൻ പ്രസിഡന്റ്് എൻ.സി. സതീഷ് പറഞ്ഞു.
Tags :