കായംകുളം: സ്വന്തമായി വീടില്ലാതെ ദുരിതത്തിലായ ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന സഹപാഠിയുടെ കുടുംബത്തിന് ഒടുവിൽ പൂർവവിദ്യാർഥികളുടെ കൂട്ടായ്മയിൽ സ്നേഹവീട് ഒരുങ്ങി. കൃഷ്ണപുരം വിശ്വഭാരതി മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ 1987-89 ബാച്ചിലെ പൂർവ വിദ്യാർഥി കൂട്ടായ്മയായ വിശ്വദീപമാണ് സഹപാഠിക്ക് വീട് നിർമിച്ചുനൽകിയത്.
റോഡ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് കുടുംബത്തിന് കയറിക്കിടക്കാൻ അടച്ചുറപ്പുള്ള വീടില്ലാതെയാകുന്ന അവസ്ഥയിലേക്ക് പോയപ്പോഴാണ് കൂട്ടായ്മ സഹപാഠിക്കും കുടുംബത്തിനും അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നവുമായി ഒത്തുകൂടിയത്. 2025 ജൂലൈ 12ന് ഇതിനായി പ്രഥമൻ ചലഞ്ച് നടത്തി തുടക്കം കുറിച്ചു.
മറ്റൊരു സഹപാഠിയുടെ സൗജന്യമായി നൽകിയ അഞ്ചര സെന്റ് സ്ഥലത്താണ് വീട് നിർമിച്ചത്. താക്കോൽ കൈമാറൽ മന്ത്രി എം. ലിജു നിർവഹിച്ചു. ഡോ. ഹരികുമാർ അധ്യക്ഷത വഹിച്ചു. കൃഷ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് ജെസി കോശി, കവി ഡോ. ചേരാവള്ളി ശശി, ജ്യോതി അനീഷ്, പ്രഫ. രമേഷ് കുമാർ, ജോൺ വർഗീസ്, സൈഫ് ഓച്ചിറ, സന്തോഷ് എന്നിവർ പങ്കെടുത്തു.