ോഎരുമേലി - മുണ്ടക്കയം റോഡിലെ കണ്ണിമല മഠംപടി വളവ്. - ദീപിക
എരുമേലി: ശബരിമല തീർഥാടനകാലം ആരംഭിക്കുമ്പോൾ എരുമേലിയിലെ മൂന്ന് പ്രധാന റോഡിടങ്ങൾ അപകടങ്ങളുടെ ഭീതിയിലാകും. കണമല ഇറക്കം, കണ്ണിമല മഠംപടി എസ് വളവ്, കരിങ്കല്ലുമ്മുഴി കയറ്റം എന്നിവിടങ്ങളിലാണ് ഓരോ തീർഥാടനകാലത്തും അപകടങ്ങൾ ആവർത്തിക്കുന്നത്.
നിരവധി സുരക്ഷാ ക്രമീകരണങ്ങളും മുന്നറിയിപ്പുകളും ഒരുക്കിയിട്ടും അപകടങ്ങൾക്ക് കുറവില്ല. ഇത്തവണത്തെ ശബരിമല തീർഥാടനകാലം ആരംഭിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കേ ഈ മൂന്നിടങ്ങളും സുരക്ഷിത മേഖലകളാക്കി മാറ്റാൻ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാകുകയാണ്.
കൃത്യമായ പഠനവും പരിശോധനയും നടത്തി ശാശ്വത പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. ഗതാഗത വകുപ്പ്, പൊലിസ്, മോട്ടോർ വാഹന വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, ദേശീയപാതാ വിഭാഗം എന്നിവയെ ഉൾപ്പെടുത്തി വിദഗ്ധ സമിതി രൂപീകരിച്ച് സുരക്ഷാ നടപടികൾ നടപ്പാക്കണമെന്നാണ് ആവശ്യം.
അപകടമൊഴിയാതെ കണമല
കണമലയിൽ മാക്കൽ കവല പൊലിസ് ചെക്ക് പോസ്റ്റ് മുതൽ ആരംഭിക്കുന്ന ഒരു കിലോമീറ്ററോളം ദൈർഘ്യമുള്ള ഇറക്കവും തുടർന്നുള്ള വളവുകളും അപകടഭീഷണിയിലാണ്. നിരവധി മരണങ്ങൾക്കിടയാക്കിയ അട്ടിവളവും ഇതിൽ ഉൾപ്പെടുന്നു. വിവിധ ഭാഷകളിലുള്ള മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് വാഹനയാത്രക്കാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെങ്കിലും അപകടങ്ങൾ ആവർത്തിക്കുകയാണ്.
കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ നൂറോളം പേർ വിവിധ അപകടങ്ങളിലായി ഇവിടെ മരിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ എണ്ണം ഇതിന്റെ ഇരട്ടിയിലേറെയാണ്. അപകടങ്ങളിൽ ഏറെയും ഇതര സംസ്ഥാന വാഹനങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്. ശബരിമല തീർഥാടനകാലത്താണ് അപകടങ്ങൾ കൂടുതലായി സംഭവിക്കുന്നത്. നാട്ടുകാരുടെ വാഹനങ്ങൾ അപകടത്തിൽപ്പെട്ട സംഭവങ്ങൾ ഇല്ലെന്നുതന്നെ പറയാം.
കണ്ണിമലയിൽ...
കണ്ണിമല മഠംപടിയിലെ എസ് ആകൃതിയിലുള്ള ഇറക്കവും അവസാനത്തെ ദുർഘട വളവും കഴിഞ്ഞ തീർഥാടനകാലങ്ങളിലും അപകടമേഖലയായിരുന്നു. ഇവിടെ രാവും പകലും പൊലിസ് കാവൽ ഏർപ്പെടുത്തിയിരുന്നു. വളവിൽ ക്രാഷ് ബാരിയർ സ്ഥാപിച്ചെങ്കിലും വാഹനങ്ങൾ ഇടിച്ചുതകർത്തതോടെ ബാരിയറിന് മുന്നിൽ കരിങ്കല്ലുകൾ നിരത്തി ടയറുകൾ ഉപയോഗിച്ച് സുരക്ഷാ കവചവും ഒരുക്കി. എന്നിട്ടും അപകടങ്ങൾക്ക് കുറവുണ്ടായില്ല.
വെല്ലുവിളിയായി
കരിങ്കല്ലുമ്മൂഴി
എരുമേലി-റോഡിലെ ശബരിമല പ്രവേശനവഴിയായ കരിങ്കല്ലുമ്മൂഴി ജംഗ്ഷനിലും അപകടസാധ്യത ഏറെയാണ്. കുത്തനേയുള്ള കയറ്റത്തിൽ വലിയ വാഹനങ്ങൾ നിന്നുപോകുന്നതും ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെടുന്നതുമാണ് പ്രധാന പ്രശ്നങ്ങൾ. എന്നാൽ, പ്രദേശത്തെ സ്വകാര്യ ബസുകൾക്ക് ഇത്തരം ബുദ്ധിമുട്ടുകൾ നേരിടുന്നില്ല. ഇവിടെയും ശബരിമല സീസണിലാണ് അപകടങ്ങൾ കൂടുതലായി സംഭവിക്കുന്നത്. കുത്തനേയുള്ള കയറ്റവും ഇറക്കവും ഭൗമഘടനയുടെ പ്രത്യേകതകൾ കാരണം ലഘൂകരിക്കാൻ പ്രയാസമാണെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം.
അപകടമേഖലകൾ സുരക്ഷിതമാക്കണം
രണ്ടര മാസം നീളുന്ന ശബരിമല തീർഥാടനകാലത്ത് കണമലയും കണ്ണിമലയും കരിങ്കല്ലുമ്മുഴിയും വീണ്ടും അപകടങ്ങളുടെ പേരിൽ വാർത്തകളിൽ ഇടംപിടിക്കരുതെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഓരോ വർഷവും അപകടങ്ങൾ ആവർത്തിച്ചിട്ടും താത്കാലിക സുരക്ഷാ ക്രമീകരണങ്ങളിൽ ഒതുങ്ങുന്ന നടപടികൾക്ക് പകരം ശാസ്ത്രീയമായ പഠനത്തിലൂടെ ശാശ്വത പരിഹാരം കണ്ടെത്തണം.
തീർഥാടനകാലം ആരംഭിക്കുന്നതിന് മുമ്പുതന്നെ ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങൾ അടിയന്തരമായി ഇടപെടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ
Tags : Sabarimala Route Nattuvishesham DistrictNews