കരുമാനൂര്‍ ആയത്തുവിള കുളത്തിൽവീണ ഓട്ടോറിക്ഷ നാട്ടുകാരുടെ നേതൃത്വത്തിലുള്ള സംഘം പുറത്തെടുക്കുന്നു.
യാത്രക്കാരും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു
പാറശാല/നെയ്യാറ്റിന്‍കര: ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി കുളത്തില്‍ വീണു. മൂന്നുമാസം പ്രായമുള്ള കൈക്കുഞ്ഞടക്കം മൂന്നു യാത്രക്കാരും ഡ്രൈവറും അതിശയകരമായി രക്ഷപ്പെട്ടു.
ഓട്ടോറിക്ഷ ഡ്രൈവര്‍ പാറശാല സ്വദേശി രാജേന്ദ്രന്, നെടുവന്‍വിള സ്വദേശികളായ ഉഷ, മകള്‍ മായ, മായയുടെ മൂന്നു മാസം പ്രായമുള്ള മകള്‍ എന്നിവരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പാറശാലയ്ക്കു സമീപത്തെ കരുമാനൂര്‍ ആയത്തുവിള കുളത്തിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ കുളത്തിനു സമീപത്തെ പാതയുടെ വശത്തെ മണ്ണ് അടര്‍ന്നു മാറിയപ്പോഴാണ് ഓട്ടോറിക്ഷ വെള്ളത്തിലേയ്ക്കു വീണത്. കുളത്തിനു സംരക്ഷണവേലിയില്ല. കുളത്തില്‍ വീണവരുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളും നാട്ടുകാരും ചേര്‍ന്നാണ് ഡ്രൈവറെയും യാത്രക്കാരെയും രക്ഷിച്ചത്.
നാലുപേരെയും പാറശാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ക്കും വലിയ പരിക്കുകളില്ല. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് ഓട്ടോറിക്ഷയെ കയര്‍ കെട്ടി വലിച്ച് കരയിലെത്തിച്ചു. മുന്‍പും ഈ പരിസരത്ത് വാഹനങ്ങള്‍ നിയന്ത്രണം തെറ്റി കുളത്തിലേയ്ക്ക് വീണിട്ടുണ്ടെന്നും സംരക്ഷണ വേലി വേണമെന്ന ആവശ്യം അധികൃതര്‍ മുഖവിലയ്ക്കെടുത്തിട്ടില്ലെന്നും പറയപ്പെടുന്നു.
Tags : Autorickshaw fell Nattuvishesham DistrictNews DeepikaNews