എരുമമുണ്ടയിലെ തോട്ടത്തില്‍നിന്നു പച്ച അടയ്ക്ക മോഷ്ടിച്ച കേസില്‍ പോത്തുകല്‍ പൊലിസ് അറസ്റ്റ് ചെയ്ത പ്രതികള്‍.
300 കിലോ അടയ്ക്കയും വാഹനവും പൊലിസ് പിടിച്ചെടുത്തു
എടക്കര: കമുകിന് തോട്ടത്തില്‍നിന്ന് പച്ച അടയ്ക്ക മോഷ്ടിച്ച കേസില്‍ നാല് പേര് അറസ്റ്റില്‍. നാരോക്കാവ് വെട്ടിക്കുഴിയില്‍ അഭിഷേക് (25), അമ്പിട്ടാംപൊട്ടി കളത്തില്‍ ശ്രീജിത്ത് (21), ഉപ്പട സ്വദേശികളായ പനാളില് നിഖില്‍ (22), ശ്യാമപ്രസാദ് (22) എന്നിവരെയാണ് പോത്തുകല്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ പി. ജയകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്.
അടയ്ക്ക കൊണ്ടുപോകാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും 300 കിലോ അടയ്ക്കയും പൊലിസ് പിടിച്ചെടുത്തു. പ്രതികളില്‍ ഒരാളായ ശ്രീജിത്ത് പോക്സോ കേസിലും പ്രതിയാണ്.
എരുമമുണ്ട സ്വദേശി സി.എച്ച്. ഉമ്മറിന്റെ കമുകിന് തോട്ടത്തിന്റെ വേലി പൊളിച്ചാണ് സംഘം കമുകളില്നിന്ന് അടയ്ക്ക മോഷ്ടിച്ചത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു മോഷണം.
തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുപോയി ഉപ്പടയിലെ മലഞ്ചരക്ക് കടയില്‍ വില്പന നടത്തുന്നതിനിടെ പ്രതികളെ പൊലിസ് പിടികൂടുകയായിരുന്നു. പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.