ചങ്ങനാശേരി: നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് പൊലീസ് പിടികൂടി സ്റ്റേഷനില്‍ എത്തിച്ച പ്രതികള്‍ സ്റ്റേഷനില്‍ അതിക്രമം നടത്തി. മൂന്നംഗ ക്രിമിനല്‍ സംഘം അറസ്റ്റിലായി. ജില്ലയിലെ പ്രധാന ഗുണ്ടകളും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളുമായ ചങ്ങനാശേരി സ്വദേശികളായ സാജു ജോജോ, മിഥുന് തോമസ് ഇവര്‍ക്കൊപ്പം അക്രമത്തില്‍ പങ്കാളിയായ അഭിഭാഷകന് ജുബിന്‍ എന്നിവരാണ് അറസ്റ്റിലായത്.
തിങ്കളാഴ്ച രാത്രി 9.30ന് നഗരത്തിലെ വിദേശമദ്യശാലയില്വച്ച് അക്രമം അഴിച്ചുവിട്ട സംഘം തുടര്‍ന്ന് മുന്‍സിപ്പല്‍ ആര്ക്കേഡിലെത്തി മൊബൈല്‍ ഷോപ്പിലെ ജീവനക്കാരെ അസഭ്യം പറയുകയും മാരകായുധങ്ങള്‍ ഉപയോഗിച്ച് ഉപദ്രവിക്കുകയിരുന്നു.
കടയിലെ സാധനസാമഗ്രികളും ഫോണുകളും അടിച്ചുതകര്‍ത്ത സംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥരായ എസ്ഐ അജിത് കുമാർ, സിപിഒ റിജോമോന്‍ എന്നിവരെ പ്രതികള്‍ സംഘടിതമായി ആക്രമിച്ചു. കൂടുതല്‍ പൊലീസുകാരെത്തി സാഹസികമായാണ് പ്രതികളെ കീഴടക്കി സ്റ്റേഷനില്‍ എത്തിച്ചത്. എന്നാല്‍ സ്റ്റേഷനിലെത്തിയ പ്രതികള്‍ അവിടെയും അക്രമം തുടരുകയും ഒരു രാത്രി മുഴുവന്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
സ്റ്റേഷനിലെ ഉപകരണങ്ങള്‍ അടിച്ചുതകര്‍ത്ത പ്രതികൾ, ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ റെയ്നോള്‍ഡ്, സിപിഒ ദിലീപ് ചെല്ലം എന്നിവരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതായും കേസുണ്ട്.
സാജുവിന്റെയും മിഥുന്റെയും പേരില്‍ മുപ്പതു കേസുകള്‍
ഒരു മാസം മുന്‍പ് പ്രതികള്‍ മുന്‍സിപ്പല്‍ ആര്‍ക്കേഡിലെ മൊബൈല്‍ ഷോപ്പിലെത്തി ജീവനക്കാരെ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് പ്രതികളെ ആയുധ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.
ജില്ലയിലും സമീപ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി മുപ്പതിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സാജു ജോജോ, മിഥുന് തോമസ് എന്നിവര്‍ കാപ്പ നിയമപ്രകാരം പല പ്രാവശ്യം ശിക്ഷ അനുഭവിച്ചിട്ടുള്ളവരും ഊരുവിലക്ക് നേരിട്ടവരുമാണ്. സംഭവത്തില്‍ പൊതുസ്ഥലത്തെ അക്രമം, കട ആക്രമിച്ചു തകര്‍ക്കൽ, പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി ആക്രമിക്കല്‍, പൊലീസ് സ്റ്റേഷനും പൊതുസ്വത്തും നശിപ്പിക്കല്‍ തുടങ്ങി സംഘടിത കുറ്റകൃത്യങ്ങള്‍ക്ക് നാല് വെവ്വേറെ കസുകളുമെടുത്തിട്ടുണ്ട്.
ചങ്ങനാശേരി ഡിവൈഎസ്പി അഷാദ് എസിന്റെ നേതൃത്വത്തില്‍ സിഐ അനില്‍ ജോര്‍ജ്, എസ്ഐ അഖില്‍ വിജയകുമാർ, എഎസ്ഐമാരായ ആശ, സെയ്നി സെബാസ്റ്റ്യൻ, എസിപിഒ അനീഷ്, സിപിഒ സതീഷ്, സിപിഒ പ്രവീൺ, സിപിഒ ജോസഫ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇന്ന് വ്യാപാരികളുടെ പ്രകടനം
ചങ്ങനാശേരി: മുന്‍സിപ്പല്‍ ആര്‍ക്കേഡിലെ വ്യാപാര സ്ഥാപനം അടിച്ചു തകര്‍ക്കുകയും സ്ഥാപന ഉടമകളെ മൃഗീയമായി മര്‍ദിക്കുകയും ചെയ്ത ക്രിമിനല്‍ സംഘത്തിന്റെ നടപടിയില്‍ വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. ദീര്‍ഘനാളത്തെ ഇടവേളക്കുശേഷം ടൗണില്‍ ക്രിമിനല്‍ സംഘത്തിന്റെ വിളയാട്ടം വര്‍ധിക്കുന്നത് അപലപനീയവും പ്രതിഷേധാര്‍ഹവും ആണ്.
ഇത്തരം നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ഭാരവാഹികള്‍ അധികൃതരോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നു രാവിലെ പത്തിന് നഗരത്തില്‍ വ്യാപാരികളുടെ പ്രതിഷേധ പ്രകടനം നടക്കും. കച്ചവടക്കാര്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതിഷേധിക്കുവാന്‍ മുഴുവന്‍ വ്യാപാരികളും അണിനിരക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ്, ഭാരവാഹികളായ ജി. സുരേഷ് ബാബു, കെ.കെ മോഹന്‍കുമാർ, പി.എ അഷറഫ്, എം.എച്ച്. മുബാഷ് എന്നിവര്‍ അറിയിച്ചു.
പൊലീസ് ആക്ഷന്‍ ശക്തമാക്കണം
ചങ്ങനാശേരി: ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം ചങ്ങനാശേരിയില്‍ പൊലീസുകാര്‍ക്കുപോലും രക്ഷയില്ലാത്ത അവസ്ഥ. തിങ്കളാഴ്ച രാത്രി ക്രിമിനലുകളുടെ വിളയാട്ടത്തില്‍ എസ്ഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്കാണ് പരിക്കേറ്റത്. മുനിസിപ്പല്‍ ആര്‍ക്കേഡിലെ വ്യാപാര സ്ഥാപനത്തില്‍ അക്രമണം നടത്തുന്നതറിഞ്ഞ് ഓടിയെത്തി പ്രതികളെ കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ട് പൊലീസുകാര്‍ക്കുനേരെ ആദ്യഅക്രമണം അരങ്ങേറിയത്.
പ്രതികളെ പിടികൂടി ചങ്ങനാശേരി സ്റ്റേഷനിലെത്തിച്ചപ്പോള്‍ ക്രിമിനല്‍ സംഘം വീണ്ടും അക്രമം അഴിച്ചുവിടുകയായിരുന്നു. എസ്ഐ ഉള്‍പ്പെടെ രണ്ടുപേരെ പ്രതികള്‍ അടിച്ചു താഴെയിട്ടെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. മേശയും കസേരയുംവരെ പ്രതികള്‍ തകര്‍ത്തു. പ്രതികളെ അടിച്ചമര്‍ത്താന്‍ പൊലീസിന് ഏറെ പണിപ്പെടേണ്ടിവന്നു.
പൊലീസിനുപോലും ക്രിമിനലുകളുടെ അക്രമം നേരിടേണ്ടിവന്നാല്‍ സാധാരണക്കാരന്റെ അവസ്ഥ എന്താകുമെന്നാണ് നഗരവാസികളുടെ ചോദ്യം. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന മുഴുവന്‍ ക്രമിനല്‍ സംഘങ്ങളേയും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ പൊലീസിന്റെ ശക്തമായ ഇടപെടലുവാസികള് ക്രിമിനലുകളെക്കൊണ്ട് പൊറുതിമുട്ടും.
Tags :