സ്മാർട്ട് ഫോൺ അജിതയ്ക്ക് മെഡിക്കൽ കോളജ് സി ഐ ഗിരിലാൽ കൈമാറുന്നു
ഉള്ളൂർ: നഷ്ടപ്പെട്ടുപോയ സ്മാർട്ട്ഫോൺ കണ്ടെത്തി ഉടമയ്ക്ക് തിരിച്ചു നൽകി തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലിസ്. കോഴിക്കോട് സ്വദേശിനി അജിതയുടെ (50) സ്മാർട്ട്ഫോൺ ആണ് തിരികെ ഏൽപ്പിച്ചത്. ഒരാഴ്ച മുമ്പായിരുന്നു സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയതായിരുന്നു അജിത. ഇതിനിടെ ഫോൺ എവിടെയോ മറന്നുവച്ചു. തിരികെ എത്തിയപ്പോൾ ഫോൺ കാണാനില്ലായിരുന്നു. തുടർന്ന് പൊലിസിൽ പരാതിയും നൽകി. മെഡിക്കൽ കോളജ് സിഐ ഗിരിലാലിന്റെയും സംഘത്തിന്റെയും അന്വേഷണ ഫലമായാണ് സ്മാർട്ട് ഫോൺ തിരികെ ലഭിച്ചത്. സൈബർ സെല്ലിന്റെ സഹായത്തോടെ തിരുവനന്തപുരം ബീമാപ്പള്ളിയിലെ ഒരുകടയിൽ നിന്നാണ് സ്മാർട്ട്ഫോൺ പിടികൂടിയത്.
അജിത മറന്നുവച്ച സ്മാർട്ട് ഫോൺ മോഷണം പോകുകയും പിന്നീട് ഇതു ബീമാപ്പള്ളിയിലെ സെക്കൻഡ് ഹാൻഡ് കടയിൽ എത്തിപ്പെടുകയുമായിരുന്നു. ഫോൺ കണ്ടെത്താൻ സാധിച്ചതോടെ അജിതയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി സിഐയുടെ സാന്നിധ്യത്തിൽ തിരികെ നൽകുകയായിരുന്നു. ഫോൺ തിരികെ ലഭിച്ചതിനു നന്ദിയറിയിച്ചശേഷമാണ് അജിത തിരുവനന്തപുരത്തുനിന്നു മടങ്ങിയത്.
Tags :