വൈക്കം: പൂത്തോട്ട പാലത്തിന് സമീപത്തെ കള്ളുഷാപ്പിൽ ബിഹാർ സ്വദേശിയായ തൊഴിലാളിയെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികളെ വൈക്കം പോലീസ് അറസ്റ്റ് ചെയ്തു. മുളന്തുരുത്തി പെരുമ്പള്ളി സ്വദേശികളായ പ്രവീൺ, അർജുൻ, തെക്കൻപറവൂർ ചക്കുളം സ്വദേശി അഭിലാഷ് എന്നിവരാണ് പിടിയിലായത്. സംഭവ ശേഷം തമിഴ്നാട്ടിലേക്ക് കടന്ന അർജുൻ ഊട്ടിയിൽ നിന്ന് വെള്ളിയാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ജൂലൈ ആറിന് വൈകിട്ട് ചെമ്പ് പൂത്തോട്ട പാലത്തിന് സമീപത്തെ ഷാപ്പിലായിരുന്നു സംഭവം. ബിഹാർ സ്വദേശി സീതാറാം സാഹ്നി (33) ആണ് ആക്രമണത്തിനിരയായത്. ഇയാളെ ഷാപ്പിനുള്ളിൽ വച്ച് ഗ്ലാസ് ഉപയോഗിച്ച് ആക്രമിച്ച പ്രതികൾ പിന്നീട് ഷാപ്പിന് പുറത്തുവച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തു.
കള്ളുഷാപ്പിലെ സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്. ആക്രമണത്തിന് പ്രതികൾ ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ് പ്രതികളെന്ന് പോലീസ് അറിയിച്ചു.
വൈക്കം എസ്ഐ പി.വി. മനോജിന്റെ നേതൃത്വത്തിൽ സിപിഒമാരായ മധു, അനീഷ്, സാം, വിപിൻ എന്നിവർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്.
Tags : Local News Nattuvishesham Kottayam