അടിമാലി: ഇരുമ്പുപാലം പന്ത്രണ്ടാം മൈലില്‍ പ്രവര്‍ത്തിക്കുന്ന എവറസ്റ്റ് സ്പൈസസ് എന്ന സ്ഥാപനത്തില്‍ മോഷണശ്രമം നടത്തിയ രണ്ടുപേരെ അടിമാലി പൊലിസ് പിടികൂടി. ആലപ്പുഴ മറ്റപ്പിള്ളി സ്വദേശി അനന്ദു (18), പത്തനംതിട്ട കുളനട സ്വദേശി അലന് (18) എന്നിവരാണ് അറസ്റ്റിലായത്. മോഷണം, പീഡനം ഉള്‍പ്പടെയുള്ള വിവിധ കേസുകളിലെ പ്രതികളാണ് ഇവരെന്ന് അടിമാലി പൊലിസ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി മൂന്നാറില്‍നിന്ന് മോഷ്ടിച്ച ബൈക്കുമായെത്തിയ സംഘമാണ് പന്ത്രണ്ടാം മൈലിലെ സ്പൈസസ് സ്ഥാപനത്തില്‍ കവര്‍ച്ചയ്ക്ക് ശ്രമിച്ചത്. രാത്രി 11ന് സ്ഥാപനത്തിന്റെ ചില്ല് തകര്‍ക്കുന്ന ശബ്ദം കേട്ട് ഉടമ ഓടിയെത്തുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. നാട്ടുകാര്‍ പിന്തുടര്‍ന്നതോടെ വാളറ യാക്കോബായ പള്ളിക്കു സമീപം ബൈക്ക് ഉപേക്ഷിച്ച് പ്രതികള്‍ മലമുകളിലെ കാട്ടിലേക്ക് ഓടിക്കയറി.
വിവരമറിഞ്ഞെത്തിയ അടിമാലി പൊലിസും ഹൈവേ പൊലിസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ വ്യാപക തെരച്ചിലിനൊടുവില്‍ കാട്ടിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്ന അനന്ദുവിനെ വാളറയില്നിന്നു പിടികൂടി.
രക്ഷപ്പെട്ട കൂട്ടുപ്രതി അലനെ ഇന്നലെ രാവിലെയും സ്ഥലത്തുനിന്നു പിടികൂടി. പ്രതികള്‍ സഞ്ചരിച്ച ബൈക്ക് മൂന്നാര്‍ സ്വദേശിയുടേതാണെന്നും ഇതു മോഷ്ടിച്ചതാണെന്നും പൊലിസ് സ്ഥിരീകരിച്ചു. പിടിയിലായ അനന്ദു കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ മോഷണക്കേസുകളിലും അലന് അടിപിടി, പോക്സോ കേസുകളിലും പ്രതിയാണെന്ന് അടിമാലി പൊലിസ് പറഞ്ഞു. ഇരുവരെയും സ്ഥലത്തെത്തിച്ച് പൊലിസ് തെളിവെടുപ്പ് നടത്തി.
Tags :