ശ്രീജ
ചേര്‍ത്തല: പൊതുമേഖലാ ബാങ്കിന്റെ രേഖകള്‍ വ്യാജമായി ഉണ്ടാക്കി തട്ടിപ്പു നടത്തിയ കേസില്‍ റിമാന്‍ഡിലായ മുന്‍ കരാര്‍ ജീവനക്കാരി ശ്രീജ(38)യെ കസ്റ്റഡിയില്‍ വാങ്ങാന്‍ നീക്കവുമായി അന്വേഷണ സംഘം. വ്യാഴാഴ്ചയോടെ കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും. വാരനാട് സ്വദേശിയായ ശ്രീജയെ ഞായറാഴ്ചയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ വ്യാജമായി ബാങ്ക് രേഖകള്‍ തയാറാക്കിയ സ്ഥാപനം കണ്ടെത്തുക, തട്ടിപ്പിലൂടെ സമാഹരിച്ച പണം കണ്ടെത്തുക, തട്ടിപ്പില്‍ മറ്റാരെങ്കിലും പങ്കാളിയായിട്ടുണ്ടോയെന്നു തുടങ്ങി നിരവധി കടമ്പകള്‍ അന്വേഷണ സംഘത്തിനു മുന്നിലുണ്ട്. ഇവരെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ ഇതിനെല്ലാം ഉത്തരമാകുകയുള്ളുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
പൊലിസ് കണ്ടെത്തിയ ഇവരുടെ ബാങ്ക് അക്കൗണ്ടില്‍ 368 രൂപ മാത്രമാണുള്ളത്. പണം എവിടെയെന്നതില്‍ പരസ്പരവിരുദ്ധമായ മറുപടിയാണ് ഇവര്‍ പ്രാഥമിക ചോദ്യം ചെയ്യലില്‍ നല്കിയതത്രേ. തീര്‍ത്തും ദരിദ്രമായ ചുറ്റുപാടിലാണ് ഇവരുടെ ജീവിതം.
അതിനാല്‍ തന്നെ തട്ടിപ്പു നടത്തിയ പണം എവിടെയെന്നത് കണ്ടെത്തുക പ്രധാന വെല്ലുവിളിയാണ്. പൊലിസ് ഇതു സംബന്ധിച്ച് വിശദമായി പരിശോധിക്കും.ഒരു താത്കാലിക ജിവനക്കാരി രണ്ടുകോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതില്‍ ബാങ്കിലെ മറ്റ് ജീവനക്കാര്‍ക്കും പങ്കുണ്ടോയെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്.
Tags : NattuVishasham DistrictNews fraudcase