അപകടാവസ്ഥയിലായ മുതുകുറുശി തോടംകുളത്തിലെ പ്രധാനതോടിന്റെ വശങ്ങൾ.
കല്ലടിക്കോട്: മുതുകുറിശി തോടംകുളത്തിലെ കലുങ്കിന് സമീപത്തുകൂടി പുഴയിലേക്ക് പോകുന്ന തോടിന്റെ വശങ്ങൾ അപകടാവസ്ഥയിൽ. തോട്ടിൽ വെള്ളം നിറഞ്ഞാൽ പ്രദേശത്ത് വീടുകളിലെ മുറ്റം, പറമ്പ് എന്നിവയുടെ അതിര് ഇടിയാൻ സാധ്യതയുണ്ട്.
ശക്തമായ മഴയിൽ തോട് നിറഞ്ഞ് റോഡിന് താഴെയുള്ള വീടുകളിലേക്ക് വെള്ളം കയറാറുണ്ട്. തോടിന്റെ ഒരുവശം ഇടിയുമ്പോൾ വെള്ളം തങ്ങിയും അപകടാവസ്ഥ നേരിടുന്നു പ്രദേശം. മഴ ശക്തി പ്രാപിക്കുമ്പോൾ വെള്ളം ശരിയായ രീതിയിൽ പുഴയിലേക്ക് പോകാത്തത് മൂലം തോടംകുളം കലുങ്ക് വരെ വെള്ളം നിറയുകയും റോഡ് കവിഞ്ഞൊഴുകുകയും ചെയ്യും.
ഇത് റോഡ് തകരാറിനും കാരണമാകുന്നു. തോടിന്റെ ഒരു വശം കിട്ടാത്തതിനാൽ വെള്ളം നിറയുമ്പോൾ തോടിന് സമീപത്തുള്ള മരങ്ങൾ കടപുഴകി വീഴാനും സമീപത്തെ വീടുകൾക്ക് നാശനഷ്ടം സംഭവിക്കാനും കാരണമാകാം. കഴിഞ്ഞ വർഷങ്ങളിലായി ശക്തമായ മഴയിൽ വെള്ളം നിറയുകയും റോഡിന്റെ അടിവശം തകരുകയും റോഡിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.
തോടിന്റെ അടിവശം കോൺക്രീറ്റ് ചെയ്യാത്തത് മൂലം മഴക്കാലമാകുമ്പോൾ പ്രദേശത്തെ വീടുകളിലെ കിണറിലെ വെള്ളം കലങ്ങുന്നത് പതിവാണ്. പലഭാഗത്തായി തോടിന്റെ അരികുവശം ഇടിഞ്ഞ് തോട് മൂടിയ നിലയും ഉണ്ട്. തോടിന്റെ ഇരുവശങ്ങളും വെള്ളം പുഴയിലേക്ക് സുഖകരമായി പോകുന്ന തരത്തിൽ കെട്ടി റോഡും പ്രദേശത്തെ കുടുംബങ്ങളെയും സുരക്ഷിതമാക്കി തരണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Tags : Nattuvishesham District news