മുനമ്പത്ത് നിർമാണം പൂർത്തിയായ പുതിയ പാലം.
ബോവിക്കാനം: ബേഡഡുക്ക, മുളിയാർ പഞ്ചായത്തുകളെ കാസർഗോഡ് നഗരവുമായി കൂടുതൽ അടുപ്പിക്കാൻ പയസ്വിനിപ്പുഴയ്ക്കു കുറുകെ പുതിയ പാലങ്ങളൊരുങ്ങുന്നു.
ബേഡഡുക്ക പഞ്ചായത്തിലെ മുനമ്പത്ത് 17.7 കോടി രൂപ ചെലവിൽ നിർമിച്ച പാലം ഉദ്ഘാടനത്തിനൊരുങ്ങി. മുളിയാർ പഞ്ചായത്തിലെ അരമനപ്പടിയിലും ആലൂരിലുമാണ് പുതിയ പാലങ്ങൾ നിർമാണ ഘട്ടത്തിലുള്ളത്.
കഴിഞ്ഞ വർഷം നവംബറിൽ നിർമാണം തുടങ്ങിയ മുനമ്പം പാലവും അനുബന്ധ റോഡും കൃത്യം ഒരു വർഷം കൊണ്ടാണ് പൂർത്തിയായത്. ചട്ടഞ്ചാലിലെ ജാസ്മിൻ കൺസ്ട്രക്ഷൻസിനായിരുന്നു നിർമാണ കരാർ. ഇതോടെ മുനമ്പം, കല്ലളി, കൊളത്തൂർ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് കാസർഗോഡ് നഗരത്തിലേക്കുള്ള ദൂരം അഞ്ചു കിലോമീറ്ററോളം കുറയും. മലയോര പഞ്ചായത്തുകളായ ബേഡഡുക്കയിലും കുറ്റിക്കോലിലും നിന്നുള്ളവർ കരിച്ചേരിയിലെ ചുരം വളവ് ചുറ്റി പൊയിനാച്ചി ടൗണിലെത്തിയാണ് ഇപ്പോൾ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നത്. അതിനു പകരം പെർളടുക്കയിൽ നിന്നു കല്ലളി-മുനമ്പം റോഡും പാലവും വഴി നേരിട്ട് ചട്ടഞ്ചാൽ ടൗണിലെത്താം.
പെർളടുക്കത്തുനിന്ന് കല്ലളി വഴി മുനമ്പത്തേക്കുള്ള റോഡ് പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയിൽ പെടുത്തി 3.85 കോടി രൂപ ചെലവിൽ മെക്കാഡം ടാറിംഗ് നടത്തി നവീകരിച്ചതാണ്. പാലം കടന്നാൽ മഹാലക്ഷ്മിപുരം-പള്ളത്തിങ്കാൽ റോഡ് വഴി ചട്ടഞ്ചാൽ ദേശീയപാതയിലെത്താം. മഹാലക്ഷ്മിപുരം റോഡ് ഇപ്പോൾ നവീകരണഘട്ടത്തിലാണ്.
മഹാലക്ഷ്മിപുരത്ത് വർഷങ്ങൾക്കുമുമ്പേ കാൽനടയാത്രക്കാർക്ക് പുഴ കടക്കാനായി നിർമിച്ച തൂക്കുപാലം ഇപ്പോഴും നിലനിർത്തിയിട്ടുണ്ട്. ഈ പാലവും അടുത്തുള്ള ബാവിക്കര റഗുലേറ്ററും ഇതുവഴിയെത്തുന്ന സഞ്ചാരികൾക്ക് ദൃശ്യവിരുന്നാണ്. വൈകുന്നേരങ്ങളിൽ ഇവിടെ വീഡിയോ ചിത്രീകരണത്തിനായി നിരവധി പേരെത്തുന്നുണ്ട്.
അരമനപ്പടിയിലും നിലവിലുള്ള തൂക്കുപാലത്തിനു സമീപമാണ് പുതിയ പാലം നിർമിക്കുന്നത്. നബാർഡ് പദ്ധതിയിൽ 16.3 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലത്തിന്റെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഇതിനു പിന്നാലെയാണ് ആലൂരിലെ റഗുലേറ്ററിനു സമാന്തരമായി പാലം നിർമിക്കാൻ കഴിഞ്ഞ സംസ്ഥാന ബജറ്റിൽ 20 കോടി രൂപ വകയിരുത്തിയത്.
Tags :