കണ്ണൂർ റവന്യു ജില്ല സ്കൂൾ ശാസ്ത്രോത്സവം സമാപനസമ്മേളനം തളിപ്പറമ്പ് നഗരസഭ വൈസ് ചെയർപേഴ്സൺ ദീപ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
തളിപ്പറമ്പ്: മൂന്നു ദിവസങ്ങളിലായി തളിപ്പറന്പിൽ നടന്നുവന്ന ജില്ലാ സ്കൂൾ ശാസ്ത്രോസവത്തിൽ പയ്യന്നൂർ സബ് ജില്ല ജേതാക്കളായി. 1355 പോയിന്റുകൾ നേടിയാണ് പയ്യന്നൂർ ചാന്പ്യന്മാരായത്. 1271പോയിന്റുകൾ നേടിയ മാടായി ഉപജില്ലയ്ക്കാണ് രണ്ടാം സ്ഥാനം. 1244 പോയിന്റുകൾ നേടിയ ഇരിട്ടി മൂന്നാം സ്ഥാനത്തും 1155 പോയിന്റുകൾ നേടിയ തളിപ്പറന്പ് നോർത്ത് ഉപജില്ല നാലാമതുമെത്തി. സ്കൂൾതലത്തിൽ 482 പോയിന്റുകൾ നേടി മമ്പറം എച്ച്എസ്എസ് ചാന്പ്യന്മാരായി. 420 പോയിന്റുകൾ നേടി മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്എസ്എസ് രണ്ടാം സ്ഥാനവും 380 പോയിന്റുകൾ നേടിയ പെരളശേരി എകെജി എച്ച്എസ്എസ് മൂന്നാം സ്ഥാനവും നേടി.
ഹൈസ്കൂൾ വിഭാഗം സയൻസ് വിഭാഗത്തിൽ രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറിസ്കൂൾ മൊകേരിയാണ് ജേതാക്കൾ. മന്പറം എച്ച്എസ്എസ് റണ്ണേഴ്സ് അപ്പായി. ഗണിത ശാസ്ത്ര വിഭാഗത്തിൽ മമ്പറം ജേതാക്കളായി. തളിപ്പറന്പ് സീതി സാഹിബ് രണ്ടാം സ്ഥാനം നേടി. പ്രവൃത്തി പരിചയമേളയിൽ കൂടാളി ഹയർസെക്കൻഡറി, രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കൻഡറി എന്നിവ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഐടി വിഭാഗത്തിൽ തലശേരി സേക്രഡ് ഹാർട്ട് എച്ച്എസ്എസാണ് ജേതാക്കൾ. പാനൂർ വിആർഎംഎച്ച്എസ്എസ് രണ്ടാംസ്ഥാനത്തിന് അർഹരായി. സോഷ്യൽ സയൻസിൽ രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡി, മന്പറം എച്ച്എസ്എസ് എന്നിവ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ, സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂൾ, ടാഗോർ വിദ്യാനികേതൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, സയ്യിദ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായാണ് നടന്നത്. മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കണ്ണൂർ റവന്യൂ ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിന്റെ സമാപനസമ്മേളനം തളിപ്പറമ്പ് നഗരസഭ വൈസ് ചെയർപേഴ്സൺ ദീപ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.
കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി. ഷൈനി അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട് സമ്മാനദാനം നിർവഹിച്ചു. ശാസ്ത്രോത്സവത്തിന്റെ ലോഗോ തയാറാക്കിയ കെ. രാജഗോപാലൻ പയ്യന്നൂരിനെ ആദരിച്ചു. നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ പി.പി. വത്സല, പി. റജുല, കണ്ണൂർ ജില്ല വിദ്യാഭ്യാസ ഓഫീസർ വി. ദീപ, തലശേരി ജില്ല വിദ്യാഭ്യാസ ഓഫിസർ എം.പി. ജീവ, തളിപ്പറമ്പ് നോർത്ത് ഉപജില്ല വിദ്യാഭ്യാസ ഓഫിസർ കെ. മനോജ്, തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ല എച്ച്എം ഫോറം കൺവീനർ എസ്. സുബൈർ, തളിപ്പറമ്പ് ജില്ല വിദ്യാഭ്യാസ ഓഫിസർ ഡോ. ജയന്തി സുധാകർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.വി. സുരേന്ദ്രൻ, സ്കൂൾ മുഖ്യാധ്യാപകർ, പിടിഎ പ്രസിഡന്റുമാർ, വിവിധ ശാസ്ത്ര ക്ലബുകളുടെ സെക്രട്ടറിമാർ എന്നിവർ പ്രസംഗിച്ചു.
Tags :