ചീമേനി പള്ളിപ്പാറയിലെ ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജ്.
ചീമേനി: ജില്ലയിലെ ആദ്യത്തെ കാമ്പസ് വ്യവസായ പാർക്കിന് ചീമേനി പള്ളിപ്പാറയിലെ ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജിൽ തുടക്കമാകുന്നു. വ്യവസായ, തൊഴിൽ, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
പള്ളിപ്പാറയിലെ കോളജ് കാമ്പസിനോടു ചേർന്നുള്ള അഞ്ചേക്കറോളം സ്ഥലമാണ് വ്യവസായ പാർക്കിനായി മാറ്റിവയ്ക്കുന്നത്. അടിസ്ഥാനസൗകര്യ വികസനത്തിന് സംസ്ഥാന സർക്കാരിൽനിന്ന് 1.5 കോടി രൂപ വരെ സഹായം ലഭിക്കും. വിദ്യാർഥികൾക്കും പുറത്തുനിന്നുള്ള സംരംഭകർക്കും ഇവിടെ പുതിയ സ്റ്റാർട്ടപ്പുകൾ ആരംഭിക്കാൻ അവസരമൊരുക്കും. ഇവർക്കും സർക്കാരിൽനിന്ന് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും.
ഇതോടൊപ്പം കോളജിലെ വിദ്യാർഥികൾക്ക് പഠനകാലത്തുതന്നെ പ്രായോഗിക തൊഴിൽ പരിശീലനത്തിനും അവസരം ലഭിക്കും.
വിദ്യാർഥികൾക്ക് ക്ലാസ് സമയങ്ങളെ ബാധിക്കാത്ത രീതിയിൽ പ്രതിദിനം നാലു മണിക്കൂർ നേരം വരെ കാമ്പസ് വ്യവസായ യൂണിറ്റുകളിൽ ജോലി ചെയ്യാൻ അവസരമൊരുക്കും. ഇതുമായി ബന്ധപ്പെട്ട് അവർക്ക് സ്റ്റൈപ്പെൻഡും ലഭിക്കും. കോഴ്സിന്റെ ഭാഗമായുള്ള ഇന്റേൺഷിപ്പുകളും കാമ്പസ് വ്യവസായ പാർക്കിൽതന്നെ പൂർത്തിയാക്കാം.
എൻജിനിയറിംഗ്, അപ്ലൈഡ് സയൻസ് കോളജുകൾ, പോളിടെക്നിക്കുകൾ, ഐടിഐകൾ എന്നിവയ്ക്കൊപ്പം ആർട്സ് ആൻഡ് സയൻസ് കോളജുകൾക്കും മതിയായ സ്ഥലസൗകര്യമുണ്ടെങ്കിൽ കാമ്പസ് വ്യവസായ പാർക്കുകൾ തുടങ്ങാനാകും.
Tags :