മോർച്ചറിക്ക് മുന്നിൽ നാട്ടുകാർ വച്ച റീത്ത്.
പരവൂർ: നെടുങ്ങോലം താലൂക്ക് ആശുപത്രി മോർച്ചറിയിലെ ഫ്രീസറിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പുറത്തെടുത്തപ്പോൾ അഴുകിയ നിലയിൽ. പ്രതിഷേധിച്ച ബന്ധുക്കളും നാട്ടുകാരും ആശുപത്രി ഉപരോധിക്കുകയും മോർച്ചറിക്കു മുന്നിൽ റീത്ത് വയ്ക്കുകയും ചെയ്തു.
വ്യാഴാഴ്ച പരവൂർ പെരുമ്പുഴ യക്ഷിക്കാവ് ഭാഗത്ത് കായലിൽ മരിച്ച നിലയിൽ കണ്ടെത്തിയ പെരുമ്പുഴ ചരുവിള വീട്ടിൽ പ്രസന്നകുമാറിന്റെ മൃതദേഹമാണ് അഴുകിയത്. 16 മണിക്കൂർ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇന്നലെ രാവിലെ പുറത്തെടുത്തപ്പോൾ ദുർഗന്ധം അനുഭവപ്പെടുംവിധം അഴുകിയിരുന്നു. തുടർന്ന് ബന്ധുക്കൾ പാരിപ്പള്ളി ആശുപത്രിയിൽ എത്തിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം പൂർണമായും മൂടിക്കെട്ടി വീട്ടിൽ കൊണ്ടുവന്ന് സംസ്കരിച്ചു. തുടർന്നായിരുന്നു പ്രതിഷേധം. പരവൂർ പൊലിസും ആശുപത്രി അധികൃതരും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്ന്, അന്വേഷണം നടത്തുമെന്ന മെഡിക്കൽ ഓഫിസറുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചു.
2017ൽ നവീകരണം നടത്തി ഉദ്ഘാടനം ചെയ്ത മോർച്ചറിയുടെ ഫ്രീസർ സംവിധാനത്തിൽ കൃത്യമായ സർവീസ് ഉണ്ടായിട്ടില്ലെന്ന് ആരോപണമുണ്ട്. പലപ്പോഴും പ്രവർത്തന രഹിതമാവാറുണ്ടെന്ന് ആശുപത്രി അധികൃതർ തന്നെ സമ്മതിക്കുന്നു. രാവിലെ ഒന്പത് മുതൽ വൈകുന്നേരം അഞ്ചുവരെ ജോലി ചെയ്യുന്ന ഒരു താത്കാലിക ജീവനക്കാരിയാണ് മോർച്ചറി അറ്റൻഡർ.
മറ്റ് സമയങ്ങളിൽ സെക്യുരിറ്റി ജീവനക്കാരനാണ് മേൽനോട്ടം. നിലവിൽ ഒരു അജ്ഞാത മൃതദേഹമാണ് ഇവിടെ ഫ്രീസറിൽ ഉള്ളത്. മോർച്ചറിയിലെ ശീതികരണ സംവിധാനത്തിലെ തകരാർ മൂലം മൃതദേഹങ്ങൾ സൂക്ഷിക്കാൻ വൻ തുക നൽകി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് ജനങ്ങൾ. ഒരേ സമയം നാല് മൃതദേഹങ്ങൾ വരെ സൂക്ഷിക്കാൻ സൗകര്യമുള്ളതാണ് ഈ മോർച്ചറി.
പരവൂർ, പൂതക്കുളം, ചാത്തന്നൂർ മേഖലകളിലെ പാവപ്പെട്ടവരാണ് ആശുപത്രിയെ കൂടുതലായും ആശ്രയിക്കുന്നത്. മോർച്ചറി തകരാറിലായതോടെ ആശുപത്രിയിൽ എത്തുന്നവരും ജീവനക്കാരുമായി വാക്കേറ്റവും പതിവാണ്. അറ്റകുറ്റപ്പണികൾ ചെയ്യേണ്ട ഉത്തരവാദിത്തം പരവൂർ മുൻസിപ്പൽ ഭരണസമിതിക്കാണ്.
സംഭവത്തിൽ ഡിഎംഒ റിപ്പോർട്ട് തേടിയിട്ടുണ്ട്. അതേസമയം, മൃതദേഹം സൂക്ഷിച്ചതിൽ വീഴ്ചയൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. താലൂക്ക് ആശുപത്രിയിൽ നിലവിലുണ്ടായിരുന്ന ഫ്രീസറുകൾക്ക് കാലപ്പഴക്കമുണ്ടായിരുന്നുവെന്ന വിവരവും പുറത്തുവന്നു.
എന്നാൽ ഈ മൃതദേഹം സൂക്ഷിച്ചിരുന്നത് തകരാറുകളില്ലാത്ത മൊബൈൽ ഫ്രീസറിലാണെന്നും പോസ്റ്റ്മോർട്ടത്തിനായി എടുത്തപ്പോൾ താപനില മൈനസ് 3 ഡിഗ്രി സെൽഷ്യസ് ആയിരുന്നു എന്നും ആശുപത്രി അധികൃതർ പറയുന്നു.
Tags : Nattuvishesham DistrictNews DeepikaNews