നവീകരിച്ച കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡ് പഞ്ചായത്ത് പ്രസിഡന്റ് സിബി മാണി നാടിന് സമർപ്പിക്കുന്നു.
കുറവിലങ്ങാട്: നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച പഞ്ചായത്ത് ബസ് സ്റ്റാൻഡ് തുറന്നു നൽകി. 14,72,300 ചെലവഴിച്ച് ടൈൽ വിരിച്ച് മനോഹരമാക്കിയ ബസ് സ്റ്റാൻഡ് ഇന്നലെ രാവിലെയാണ് തുറന്നത്.
പഞ്ചായത്ത് പ്രസിഡന്റ് സിബി മാണി ബസ് സ്റ്റാൻഡ് നാടിനു സമർപ്പിച്ചു. വൈസ് പ്രസിഡന്റ് ഷിജി തോമസ് അധ്യക്ഷത വഹിച്ചു. ഭരണപക്ഷ മെംബർമാരും പൊതുപ്രവർത്തകരും ഇടതു സംഘടനാ ഭാരവാഹികളും പങ്കെടുത്തു.
ഉദ്ഘാടനം ബഹിഷ്കരിച്ച് പ്രതിപക്ഷം
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ബസ് സ്റ്റാൻഡ് വികസനത്തിനായി വകയിരുത്തിയ 16 ലക്ഷം രൂപ നഷ്ടപ്പെടുത്തിയും ഉദ്ഘാടന പരിപാടി പഞ്ചായത്ത് കമ്മിറ്റിയിൽ ആലോചിക്കാതെ നടത്തുകയും ചെയ്തതിനാലാണ് ഉദ്ഘാടന പരിപാടി ബഹിഷ്കരിച്ചതെന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു.
പഞ്ചായത്തിലെ ഏക സ്വതന്ത്ര അംഗം കെ.കെ. ശശികുമാറും ഉദ്ഘാടന പരിപാടിയിൽനിന്ന് വിട്ടുനിന്നു. ഇന്നലെ ചേർന്ന പഞ്ചായത്ത് കമ്മിറ്റിയും പ്രതിപക്ഷ അംഗങ്ങൾ ബഹിഷ്കരിച്ചു.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് 16 ലക്ഷം രൂപ വിനിയോഗിച്ചുള്ള പ്രവർത്തനങ്ങൾക്കായി ടെൻഡർ നടപടികൾ പൂർത്തീകരിക്കുകയും കരാർ നൽകുകയും ചെയ്തുവെങ്കിലും പണം നഷ്ടപ്പെടുന്ന പ്രവർത്തനമായിരുന്നു സംഭവിച്ചതെന്ന് ഉദ്ഘാടനം ബഹിഷ്കരിച്ച അംഗങ്ങൾ പറയുന്നു.
ഫണ്ട് ലാപ്സാക്കിയശേഷം ഉദ്ഘാടനമെന്ന് കോൺഗ്രസ് നേതൃത്വം
പഞ്ചായത്ത് മുൻ ഭരണസമിതിയുടെ കാലത്ത് 16 ലക്ഷം രൂപ നീക്കിവച്ച് ടെൻഡർ ചെയ്ത് കരാറുകാരൻ മെറ്റലും മറ്റു സാമഗ്രികളും ഇറക്കി പണിയാരംഭിക്കാൻ തുടങ്ങിയപ്പോൾ അന്നത്തെ എൽഡിഎഫ് സർക്കാരിലെ ഭരണസ്വാധീനം ഉപയോഗിച്ച് പണി നടത്താൻ പറ്റില്ലെന്ന് പറഞ്ഞു എൽഡിഎഫ് ബസ് സ്റ്റാൻഡ് നവീകരണം തടസപ്പെടുത്തുകയാണുണ്ടായത്.
അധികാരത്തിൽവന്ന ഇപ്പോഴത്തെ ഭരണസമിതി മാർച്ച് 30ന് മുൻപ് തീർക്കേണ്ട ഈ പ്രവൃത്തി ചെയ്യാതെ അനുവദിച്ച 16 ലക്ഷം രൂപ ലാപ്സാക്കി. തുടർന്ന് ഈ വർഷത്തെ ഫണ്ടിൽനിന്ന് വീണ്ടും തുക മാറ്റിവച്ചാണ് ഇപ്പോൾ ബസ് സ്റ്റാൻഡിന്റെ നവീകരണം പൂർത്തിയാക്കിയത്. 16 ലക്ഷം രൂപ ലാപ്സാക്കി, ഈ വർഷത്തെ ഫണ്ടിൽനിന്ന് തുക മാറ്റിവയ്ക്കേണ്ടി വന്നതുമൂലം മെംബർമാർക്ക് അവരവരുടെ വാർഡിൽ ലഭിക്കേണ്ട തുകയിൽനിന്ന് ഒരു ലക്ഷം രൂപ വീതം കുറവുവന്നെന്നും കോൺഗ്രസ് മണ്ഡലം നേതൃത്വം കുറ്റപ്പെടുത്തി.
Tags :