എക്സൈസ് പിടികൂടിയ വിദേശമദ്യം.
ഹരിപ്പാട്: എക്സൈസ് സർക്കിൾ സംഘം നടത്തിയ പരിശോധനയിൽ വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 47 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം പിടികൂടി. കണ്ടല്ലൂർ പുല്ലുകുളങ്ങര അനീഷ് ഭവനത്തിൽ വിനീഷിന്റെ (തീക്കട്ട വിനീഷ്-41) വീട്ടിൽനിന്നാണ് മദ്യം പിടികൂടിയത്. ഇയാളെ അറസ്റ്റ് ചെയ്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഘം പരിശോധന നടത്തിയത്. വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിന്റെ രഹസ്യ അറയിൽനിന്നാണ് കുപ്പികളിൽ സൂക്ഷിച്ചിരുന്ന മദ്യം കണ്ടെടുത്തത്. പ്രതി ദീർഘകാലമായി മദ്യവിൽപന നടത്തിവരുന്നയാളാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. നേരത്തേയും ഇവിടെ പരിശോധനകൾ നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.
എക്സൈസ് സിഐ എം. മഹേഷിന്റെ നിർദേശ പ്രകാരം പ്രിവന്റീവ് ഓഫീസർ ടി. ടോണി, സിവിൽ എക്സൈസ് ഓഫീസർമാരായ എം. ഷഫീക്ക്, ആർ. സുരേഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ എം.വി. ആര്യാ ദേവി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
മദ്യം, മയക്കുമരുന്ന് എന്നിവയെക്കുറിച്ചുള്ള രഹസ്യവിവരം 9400069492 എന്ന നമ്പരിൽ അറിയിക്കാവുന്നതാണ്.
Tags :