സായൂഷൻ
ചവറ: ഓസ്ട്രേലിയ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ ജോലി ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് നിരവധി പേരിൽനിന്നു കോടികൾ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. കൊല്ലം അയത്തിൽ നളന്ദ നഗർ - 226 വിളപ്പുറത്തു വീട്ടിൽ സായൂഷനെയാണ് ചവറ തെക്കുംഭാഗം പൊലിസ് അറസ്റ്റ് ചെയ്തത്. വിവിധ സ്റ്റേഷനുകളിൽനിന്നായി നൂറോളം പേരിൽനിന്നാണ് ഇവർ പണം തട്ടിയത്. ചവറ തെക്കുംഭാഗം സ്വദേശിനിയാണ് 70ഓളം പേരിൽനിന്നു ജോലി വാഗ്ദാനം ചെയ്ത് പണം വാങ്ങി സായൂഷന് കൈമാറിയതെന്ന് പരാതിയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇവർക്കെതിരെയും അന്വേഷണം ആരംഭിച്ചു.
പണം നൽകിയവർക്ക് ജോലി ലഭിക്കാതെ വരികയും പണം തിരികെ ചോദിച്ചപ്പോഴാണ് തട്ടിപ്പാണെന്നു മനസിലായതെന്നും പരാതിയിലുണ്ട്. ഓരോരുത്തരും 2,50,000 രൂപ മുതൽ ഇവർക്ക് കൈമാറിയിട്ടുണ്ടെന്നാണ് പരാതിക്കാർ പറയുന്നത്.
എന്നാൽ പണം കൈമാറി ഒരു വർഷത്തോളം കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത ജോലി ലഭ്യമാക്കിയിട്ടില്ല. തുടർന്ന് പൊലിസ് നടത്തിവന്ന അന്വേഷണത്തിലാണ് സായൂഷനെ പൊലിസ് കസ്റ്റഡിയിൽ എടുത്തത്. സമാനമായ രീതിയിൽ മറ്റുള്ളവരിൽനിന്നും പണം കൈപ്പറ്റിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.
ചവറ, കരുനാഗപ്പള്ളി, ശക്തികുളങ്ങര, ഇരവിപുരം, കിഴക്കേ കല്ലട സ്റ്റേഷനുകളിലും കേസ് ഉണ്ട്.
ചവറ തെക്കുംഭാഗം എസ് എച്ച് ഒ എം. ഷബ്നയുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ നിസാമുദ്ധീൻ, ശ്രീനാഥ്, അനീഷ് തുടങ്ങിയവർ അടങ്ങിയ പൊലിസ് സംഘമാണ് ഇയാളെ ചെന്നൈ എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്.
Tags :