അധ്യാപികയുമായി കാഞ്ഞാര് പൊലിസും പഞ്ചായത്തധികൃതരും ചര്ച്ച നടത്തുന്നു.
മൂലമറ്റം: ഭര്ത്താവിനെതിരേ കാഞ്ഞാര് പൊലിസ് രജിസ്റ്റര് ചെയ്ത കേസ് പിന്വലിക്കണമെന്ന ആവശ്യവുമായി ഭാര്യയും മൂലമറ്റം സെന്റ് ജോര്ജ് സ്കൂള് അധ്യാപികയുമായ ദീപ ജോളി ചൊവ്വാഴ്ച രാത്രി ഒമ്പതിന് സ്കൂളിനു സമീപമുള്ള മഠത്തിന്റെ ഗേറ്റിനു മുന്നില് കുത്തിയിരിപ്പു സമരം നടത്തി. നാലും എട്ടും വയസുള്ള മക്കള്ക്കും ഭര്തൃപിതാവിനും ഒപ്പമായിരുന്നു സമരം.
കഴിഞ്ഞ സെപ്റ്റംബര് 18ന് ഉച്ചയ്ക്ക് 1.30ന് സ്കൂള് ഓഫീസില് ദീപ ജോളിയുടെ ഭര്ത്താവ് അജീഷ് കുര്യനെത്തി ഹെഡ്മിസ്ട്രസിനെയും മറ്റ് അധ്യാപകരെയും അസഭ്യം പറയുകയും അതിക്രമം കാണിക്കുകയും ചെയ്ത സംഭവത്തില് സ്കൂള് പിടിഎ നല്കിയ പരാതിയില് പൊലിസ് ചൊവ്വാഴ്ച കേസെടുത്തിരുന്നു.
സ്കൂളിലെ സിസിടിവി പരിശോധിച്ച് തെളിവുകള് ശേഖരിച്ച ശേഷമാണ് കേസെടുത്തത്. ഈ കേസ് പിന്വലിക്കണമെന്ന ആവശ്യവുമായാണ് ദീപ മിന്നല് സമരവുമായി രംഗത്തെത്തിയത്. അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഉഷ ഗോപിനാഥ്, ജില്ലാ പഞ്ചായത്തംഗം സജി പി. ജോസ്, പിടിഎ പ്രസിഡന്റും പഞ്ചായത്തംഗവുമായ റോജി ഫ്രാന്സിസ്, കാഞ്ഞാര് പ്രിന്സിപ്പല് എസ്ഐ വിഷ്ണു, എസ്ഐ അബ്ദുള്ഖാദര് എന്നിവര് രാത്രിയില് മഠത്തിനു മുന്നിലുള്ള സമരം അവസാനിപ്പിക്കണമെന്നും പിറ്റേന്ന് രാവിലെ വിഷയം ചര്ച്ചചെയ്യാമെന്നും അറിയിച്ചെങ്കിലും കേസ് പിന്വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു ഇവര്. പിന്നീട് ഉന്നത പൊലിസ ഉദ്യോഗസ്ഥരുടെ നിര്ദേശപ്രകാരം തൊടുപുഴയില്നിന്നു വനിതാ പൊലിസുകൂടി എത്തി രാത്രി ഒന്നോടെ ഇവരെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനം അറിയിച്ചപ്പോള് സമരം അവസാനിപ്പിക്കുകയായിരുന്നു.
സ്കൂളില്നിന്ന് അവധിയെടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തെച്ചൊല്ലിയാണ് ദീപയുടെ ഭര്ത്താവ് സ്കൂളിലെത്തിയത്. സര്ക്കാര് നിയമപ്രകാരമുള്ള അവധി എടുത്തു കഴിഞ്ഞതിനാല് വിദ്യാഭ്യാസ വകുപ്പ് അധികൃതരുമായി ബന്ധപ്പെട്ട ശേഷമേ ഇനി അവധി അനുവദിക്കാനാകൂ എന്ന നിലപാടിലായിരുന്നു സ്കൂള് അധികൃതര് . ഇതേത്തുടര്ന്നാണ് ഭര്ത്താവ് അധ്യാപകരെ ഭീഷണിപ്പെടുത്തിയത്.