വിദ്യാർഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊലിക്കൊടുക്കുന്നു.
തങ്കമണി: വിദ്യാഭ്യാസവകുപ്പും ആഭ്യന്തരവകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിച്ച ക്ലാസിക്കൽ നൃത്തശില്പശാല തങ്കമണി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.
തങ്കമണി സബ് ഇൻസ്പെക്ടർ സന്തോഷ് മാനുവൽ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ഫോർ ദ് ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക് ആൻഡ് കൾച്ചറിന്റ (സ്പിക് മക്കേ) ആഭിമുഖ്യത്തിലാണ് ശില്പശാലയും ഭരതനാട്യവും സംഘടിപ്പിക്കുന്നത്.
ശാസ്ത്രീയ സംഗീതം, നൃത്തം, പരമ്പരാഗത ചിത്ര-കരകൗശല കലാരൂപങ്ങൾ എന്നിവയും ശില്പശാലയുടെ ഭാഗമായി പരിചയപ്പെടുത്തി. പാരന്പര്യ കലാരൂപങ്ങൾ സംരക്ഷിക്കാനും പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനുമാണ് കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്.
ചടങ്ങിൽ സീനിയർ സിവിൽ പൊലിസ് ഓഫിസർ പ്രീത സി.യു. ലഹരിവിരുദ്ധ പ്രതിജ്ഞ വിദ്യാർഥികൾക്ക് ചൊല്ലിക്കൊടുത്തു. നർത്തകി ജനനി സേതു നാരായണൻ ഭരതനാട്യം അവതരിപ്പിച്ചു.
പ്രിൻസിപ്പൽ സാബു കുര്യൻ, പ്രഥമാധ്യാപകൻ മധു കെ. ജയിംസ്, സ്പിക് മാകെ കോ-ഓർഡിനേറ്റർ ഉണ്ണി വാര്യർ, സ്റ്റാഫ് സെക്രട്ടറി ജോബിൻ കളത്തിക്കാട്ടിൽ, അധ്യാപകരായ എ.ടി. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.